തിരുവനന്തപുരം :സിറ്റിംഗ് എം.പി ശശി തരൂരിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിന്റെ ഇരട്ടിയായി 30,000 കടക്കുമെന്ന് യു.ഡി.എഫ് ഉറപ്പിക്കുന്നു. സി.ദിവാകരൻ 10,000- ത്തിനും 15,000- ത്തിനും ഇടയിൽ ലീഡോടെ സീറ്റ് തിരിച്ചു പിടിക്കുമെന്ന് എൽ.ഡി.എഫ് .20,000 വോട്ടിന്റെ മുൻകൈയോടെ കുമ്മനം രാജശേഖരൻ താമര വിരിയിക്കുമെന്നതിൽ സംശയം വേണ്ടെന്ന് എൻ.ഡി.എ.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മൂന്നാഴ്‌ച ശേഷിക്കെ,പ്രചാരണ കാലത്തെ വമ്പൻ അവകാശവാദങ്ങൾ വെടിഞ്ഞ് യാഥാർത്ഥ്യത്തിന്റെ തീരത്തേക്ക് അടുക്കുകയാണ് മൂന്ന് മുന്നണികളും. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ താഴെത്തലം മുതൽ നടത്തിയ കണക്കെടുപ്പിൽ കയ്പ്പും മധുരവും ഏറെ നുണഞ്ഞു. ചുഴികളും മലരികളും നേരിൽക്കണ്ടു. പക്ഷേ, ഭൂരിപക്ഷം കുറഞ്ഞാലും വിജയത്തിൽക്കുറഞ്ഞ ഒന്നും സമ്മതിക്കാൻ തയ്യാറല്ല, ആരും. അതിന്റേതായ ന്യായീകരണങ്ങളും അവർക്കുണ്ട്.
യു.ഡി.എഫ്
തലസ്ഥാന മണ്ഡലത്തിൽ ഹാട്രിക് വിജയം തേടുന്ന ശശി തരൂരിനെ 2014-ലെ തിരഞ്ഞെടുപ്പിൽ കൈവിട്ട നഗരത്തിലെ നാല് നിയമസഭാ മണ്ഡലങ്ങളിലും ഇത്തവണ ഏറെ മുന്നേറ്റമുണ്ടാവുമെന്ന് യു.ഡി.എഫ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ചെയർമാനും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ തമ്പാനൂർ രവി ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തവണ തരൂരിനെ പാർലമെന്റിലെത്തിച്ച മറ്റു മൂന്ന് തീരദേശ നിയമസഭാ മണ്ഡലങ്ങളും ഇത്തവണയും കൈവിടില്ലെന്നും. തരൂരിന് തിരുവനന്തപുരം സെൻട്രൽ നെയ്യാറ്റിൻകര. കോവളം പാറശ്ശാല നിയമസഭാ സീറ്രുകളിൽ വ്യക്തമായ ലീഡ്. കഴക്കൂട്ടത്ത് എൽ.ഡി.എഫുമായി ഒപ്പത്തിനൊപ്പം.വട്ടിയൂർക്കാവിലും നേമത്തും ബി.ജെ.പിയുമായി കട്ടയ്ക്ക് കട്ട മത്സരം.
അഥവാ,ബി.ജെ.പി മുന്നലെത്തിയാൽ തന്നെ, തൊട്ടുപിന്നിലെത്തുക യുഡി.എഫാവും. ഇതാണ് യു.ഡി.എഫിന്റെ അന്തിമ കണക്കെടുപ്പ്. പാറശ്ശാലയിൽ 12,000 മുതൽ 15,000 വരെയും കോവളത്ത് 10,000 മുതൽ 12,000 വരെയും നെയ്യാറ്റിൻകരയിൽ 10,000-ത്തിന് മുകളിലും തിരുവനന്തപുരം സെൻട്രലിൽ 5000-ത്തിനു മുകളിലും ഭൂരിപക്ഷം തരൂർ നേടും.കഴക്കൂട്ടത്ത് എൽ.ഡി.എഫിനു മേൽ നേരിയ ലീഡ്. വട്ടിയൂർക്കാവിലും നേമത്തും ബിജെ.പിയുമായി ടൈ.ഇനി,കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും നേമത്തും രണ്ടാം സ്ഥാനത്തായാൽ തന്നെ, മറ്റു നാലിടത്തെയും ഉയർന്ന ലീഡ് കൊണ്ട് അതിനെ മറികടക്കാനാവുമെന്നും ഭൂരിപക്ഷം 30,000-ത്തിൽ കുറയില്ലെന്നും യു.ഡി.എഫ് ഉറപ്പിക്കുന്നു.
എൽ.ഡി.എഫ്
എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.ദിവാകരൻ എം.എൽ.എ ഈ തിരഞ്ഞെടുപ്പിലും അത്ഭുതം സൃഷ്ടിക്കുമെന്നാണ് എൽ.ഡി.എഫ് മാനേജർമാരുടെ അന്തിമ വിലയിരുത്തൽ. പാറശ്ശാലയിലും കോവളത്തും കഴക്കൂട്ടത്തും വ്യക്തമായ മുന്നേറ്റം. നെയ്യാറ്രിൻകരയിൽ നേരിയ ലീഡ്. തിരുവനന്തപുരത്തും നേമത്തും വട്ടിയൂർക്കാവിലും രണ്ടാം സ്ഥാനം.2014-ൽ ഏഴ് നിയമസഭാ സീറ്റിലും മൂന്നാമതായിരുന്നു എൽ.ഡി.എഫ്. എന്നാൽ, ഇത്തവണ ഒരിടത്തും ആ സ്ഥിതി വരില്ലെന്ന് എൽ.ഡി.എഫ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി കൺവീനറും സി.പി.ഐ ജില്ലാ സെക്രട്ടറിയുമായ ജി.ആർ.അനിൽ
പറഞ്ഞു.
പാറശ്ശാലയിൽ 8000 മുതൽ 10,000 വരെയും കോവളത്ത് 3000 മുതൽ 4000 വരെയും കഴക്കൂട്ടത്ത് 5000 മുതൽ 6000 വരെയും വോട്ടിന്റെ ലീഡ്. നെയ്യാറ്റിൽകരയിൽ ലീഡ്.1000-ത്തിനും 2000-ത്തിനും ഇടയിലാവാം. നേമത്തും തിരുവനന്തപുരത്തും വട്ടിയൂർക്കാവിലും കഴിഞ്ഞ തവണത്തെക്കാൾ മുന്നേറ്റം കുറിച്ച് രണ്ടാമതെത്തും.അതോടെ,10000-ത്തിനും 15000-ത്തിനും ഇടയിൽ
ഭൂരിപക്ഷത്തോടെ സി.ദിവാകരൻ പാർലമെന്റിലെത്തുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടുന്നത്.
എൻ.ഡി.എ
2014- ൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ഒ.രാജഗോപാൽ തിരുവനന്തപുരം നേമം,വട്ടിയൂർക്കാവ്, കഴക്കൂട്ടം എന്നിവിടങ്ങളിൽ ഒന്നാമതെത്തിയിരുന്നു. ഇത്തവണ, കുമ്മനം രാജശേഖരൻ ഈ മുന്നേറ്റം നിലനിറുത്തുന്നതിനൊപ്പം നാലിടത്തും കൂടി അര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം കുറിക്കുമെന്നും എൻ.ഡി.എ ഇലക്ഷൻ കമ്മിറ്റി ജനറൽ കൺവീനറും ബി.ജെ.പി ജില്ലാ പ്രസിഡന്റുമായ എസ്.സുരേഷ് പറഞ്ഞു. 2014-ൽ 32,000 വോട്ടിന്റെ ഭൂരിപക്ഷമാണ് നഗരത്തിലെ ഈ നാല് മണ്ഡലങ്ങളിൽ നിന്നായി ഒ.രാജഗോപാൽ നേടിയത്. നേമത്തും വട്ടിയൂർക്കാവിലും 20,000 വീതവും കഴക്കൂട്ടത്തും തിരുവനന്തപുരത്തും 5000 മുതൽ 10,000 വരെയും വോട്ടിന്റെ ലീഡ് കുമ്മനത്തിനു കിട്ടും. പാറശ്ശാലയിലും കോവളത്തും നെയ്യാറ്റിൻകരയിലും കഴിഞ്ഞ തവണത്തെക്കാൾ 25 ശതമാനം അധികം വോട്ടോടെ മികച്ച രണ്ടാം സ്ഥാനം. മൊത്തം കൂട്ടുമ്പോൾ കുമ്മനം 20,000-ത്തിൽ കുറയാത്ത ഭൂരിപക്ഷത്തിൽ പാർലമെന്റിലെത്തും- ബി.ജെ.പി കേന്ദ്രങ്ങളുടെ കണക്കെടുപ്പ് ഇങ്ങനെ.