പാകിസ്ഥാന്റെ പരിപൂർണ സംരക്ഷണയിലും ചൈനയുടെ അനുഗ്രഹാശിസുകളോടെയും കഴിയുന്ന മസൂദ് അസ്ഹറിനെ ഒടുവിൽ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ പത്തുവർഷമായി ഇതിനായി ഇന്ത്യ യു.എന്നിലും അന്താരാഷ്ട്ര നയതന്ത്രതലത്തിലും നടത്തിവന്ന പരിശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തി എന്നുപറയാം. 2001 മുതൽ അസ്ഹർ യു.എൻ തയാറാക്കിയ ഭീകരരുടെ പട്ടികയിലുള്ളതാണെങ്കിലും ആഗോളതലത്തിൽ വിലക്ക് ഏർപ്പെടുത്താൻ സഹായകമായ വിധം യു.എൻ പ്രഖ്യാപനം സാദ്ധ്യമായത് ഇപ്പോഴാണ്. യു.എൻ രക്ഷസമിതിയിൽ ഇത് സംബന്ധിച്ച പ്രമേയം വന്ന ഘട്ടങ്ങളിലെല്ലാം ചൈന വീറ്റോ പ്രയോഗിച്ച് അത് തടയുകയായിരുന്നു. പാകിസ്ഥാനെ കക്ഷത്തിലാക്കി പരോക്ഷമായി ഇന്ത്യയെ ദ്റോഹിച്ചുകൊണ്ടിരിക്കുന്ന ചൈനയ്ക്കും പാശ്ചാത്യശക്തികളുടെ സമ്മർദ്ദത്തിന് മുമ്പിൽ പിടിച്ചുനിൽക്കാനാകാത്ത ഘട്ടം വന്നപ്പോഴാണ് അസ്ഹറിനെ കൈവിടാൻ അവർ തയ്യാറായതെന്നു വേണം കരുതാൻ. ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം ലോകമെങ്ങും ശക്തമായിക്കൊണ്ടിരിക്കെ അതിൽനിന്ന് ഒഴിഞ്ഞുമാറാൻ വൻശക്തിയായ ചൈനയ്ക്കും സാദ്ധ്യമല്ലെന്ന, വളരെ വൈകിവന്ന തിരിച്ചറിവും നിലപാടിൽ അയവു വരുത്താൻ അവരെ പ്രേരിപ്പിച്ചിരിക്കും. ഏതായാലും വർഷങ്ങളായി ആഗോളതലത്തിൽ ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്ന നയതന്ത്ര നീക്കങ്ങൾ ഫലപ്രാപ്തിയിലെത്തി എന്നത് ആശ്വാസത്തിനും സംതൃപ്തിക്കും വക തരുന്നതാണ്. അമേരിക്കയ്ക്കും ഫ്രാൻസിനും ബ്രിട്ടനും ഒരേപോലെ അവകാശപ്പെട്ടതാണ് ഇൗ വിജയം എന്നും പറയേണ്ടിയിരിക്കുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ ജമ്മു-കാശ്മീരിലെ പുൽവാമയിൽ 40 ബി.എസ്.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ മസൂദ് അസ്ഹറാണെന്ന് വെളിപ്പെട്ടിരുന്നു. ഇൗ നൂറ്റാണ്ട് പിറന്ന ശേഷം വന്നിട്ടുള്ള അനേകം ഭീകരാക്രമണങ്ങളിൽ മസൂദിന്റെ ജയ്ഷെ മുഹമ്മദ് എന്ന സംഘടനയ്ക്ക് പങ്കുണ്ട്. പത്താൻകോട്ട് വ്യോമസേനാ താവളം, ഉറിയിലും ജമ്മുവിലും കരസേന താവളങ്ങൾ എന്നിവിടങ്ങളിലെ ആക്രമണങ്ങൾ ഉൾപ്പെടെ വലുതും ചെറുതുമായ അനേകം ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് കാശ്മീരിന്റെ 'മോചനം " ജീവിതവ്രതമാക്കിയ ഇൗ കൊടുംഭീകരനാണ്. ഏറ്റവും ഒടുവിൽ ലോകത്തെത്തന്നെ ഞെട്ടിച്ച പുൽവാമ ആക്രമണത്തോടെയാണ് ഇനിയും സ്വതന്ത്രനായി വിട്ടാൽ ലോകത്തിനുതന്നെ ഇയാൾ സൃഷ്ടിച്ചേക്കാവുന്ന കൊടുംവിപത്തിനെക്കുറിച്ച് ലോകത്തെ സമാധാനകാംക്ഷികളിൽ ആശങ്ക വർദ്ധിച്ചത്. നേരത്തെതന്നെ അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയങ്ങൾ അമേരിക്ക, ഫ്രാൻസ്, ഇംഗ്ളണ്ട് എന്നീ വൻശക്തികൾ ഐക്യരാഷ്ട്രസഭയിൽ കൊണ്ടുവന്നതാണ്. പാകിസ്ഥാനുവേണ്ടി ഒാരോ തവണയും ചൈന എതിർപ്പുമായി വന്നതോടെ അവ തള്ളപ്പെടുകയായിരുന്നു.
വൻശക്തികൾ സ്വരം കടുപ്പിച്ചതോടെയാണ് പുനരാലോചനയ്ക്ക് ചൈന വഴങ്ങിയത്. വീറ്റോ പ്രയോഗം തുടർന്നാൽ മറ്റ് വഴികൾ തേടേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പും നൽകിയിരുന്നു. ഭീകരാക്രമണങ്ങളിൽ മസൂദ് അസ്ഹറിനെതിരെ ദൃഢവും വ്യക്തവുമായ തെളിവ് ആവശ്യപ്പെട്ടുപോന്ന ചൈനയ്ക്ക് ആവശ്യത്തിലേറെ തെളിവുകൾ ഇന്ത്യ ഇതിനിടെ കൈമാറുകയും ചെയ്തു. സാർവദേശീയ തൊഴിലാളിദിനം ഇക്കുറി ശ്രദ്ധേയമായത് ആഗോളഭീകരൻ മസൂദ് അസ്ഹറിനെതിരായ യു.എൻ തീരുമാനത്തിന്റെ പേരിലാകും.
ജമ്മു-കാശ്മീരിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും നടന്നിട്ടുള്ള നിരവധി ഭീകരാക്രമണങ്ങൾ മസൂദ് നേതാവായ ജയ്ഷെ മുഹമ്മദിന്റെ സൃഷ്ടിയാണെന്ന് അവർ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. എന്നാൽ പാകിസ്ഥാനും അതിന്റെ ഏത് അധാർമ്മികതയ്ക്കും ഒത്താശ ചെയ്യുന്ന ചൈനയും ഇതൊന്നും അംഗീകരിക്കാൻ തയ്യാറാകാതിരുന്നതിന് പിന്നിൽ സ്ഥായിയായ ഇന്ത്യൻ വിരോധം തന്നെയാണുള്ളത്. ഉപഭൂഖണ്ഡത്തിൽ സമാധാനം പുലരുന്നതും നിലനിൽക്കുന്നതും അശേഷം ആഗ്രഹിക്കാത്ത ചൈനയ്ക്ക് വലിയ തോതിലുള്ള ഭീകരപ്രവർത്തനങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെങ്കിലും ആഗോള ഭീകര ഭീഷണിയിൽ നിന്ന് അവർക്കും പൂർണമായും ഒഴിഞ്ഞു നിൽക്കാനാവില്ലെന്നതാണ് വസ്തുത.
പാകിസ്ഥാനെ സംബന്ധിച്ചാണെങ്കിൽ ഇന്ത്യ നേരിടുന്നതിന് സമാനമായ അവസ്ഥയിലൂടെയാണ് അവരും കടന്നുപോകുന്നത്. എന്നിട്ടും ഭീകരന്മാരെ അടിച്ചമർത്തുന്നതിലും താവളമൊരുക്കുന്നതിലും ഒളിഞ്ഞും തെളിഞ്ഞും എല്ലാ സഹായവും നൽകുകയാണ്. ജമ്മു-കാശ്മീരിലും പുറത്തും നിരന്തരം ഭീകരഗ്രൂപ്പുകളെ ഇറക്കി രാജ്യത്തിന്റെയും ജനങ്ങളുടെയും സ്വാസ്ഥ്യം കെടുത്തുന്നു.
മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി ലോകസംഘടന മുദ്രകുത്തിയതോടെ കാശ്മീരിലും മറ്റും ഭീകര പ്രവർത്തനങ്ങൾക്ക് ശമനമാകുമെന്ന പ്രതീക്ഷയൊന്നും വേണ്ട. ഭീകരഗ്രൂപ്പുകൾ വേറെയുമുണ്ട്. മസൂദിന്റെ ജയ്ഷെ മുഹമ്മദ് പാകിസ്ഥാനിലെ രണ്ടാമത്തെ വലിയ ഭീകര സംഘടനയെന്നാണ് വയ്പ്. ഒന്നാംസ്ഥാനത്തുള്ള ലഷ്കറെ തയ്ബെയ്ക്ക് പുറമെ എന്തിനുംപോന്ന നിരവധി ഗ്രൂപ്പുകൾ വേറെയുമുണ്ട്. നേതാവിനെ പൂട്ടാനായെങ്കിലും ആ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായി കറതീർന്ന ഭീകരന്മാർ താഴെ തലങ്ങളിൽ കാണും. ഭീകരതയുടെ വേരറുക്കണമെങ്കിൽ പാകിസ്ഥാന്റെ മണ്ണിൽ ഇൗ ഗ്രൂപ്പുകൾക്കുള്ള താവളങ്ങൾ ഒന്നാകെ ഇല്ലാതാകേണ്ടതുണ്ട്. പാകിസ്ഥാനിൽ മാത്രമല്ല അനവധി രാജ്യങ്ങൾ ഭീകരഭീഷണി നേരിടുന്നുണ്ട്. ശാന്തത കളിയാടിയിരുന്ന ശ്രീലങ്ക പോലും വിശുദ്ധദിനമായ ഇൗസ്റ്ററിൽ ചോരപ്പുഴ കാണേണ്ടി വന്നു. നിരപരാധികളായ എത്രയോ പേരാണ് ലോകത്ത് വിവിധ ഭാഗങ്ങളിൽ ഭീകരരുടെ തോക്കിനും ബോംബിനും ഇരയാകുന്നത്. സിറിയ എന്ന മനോഹര രാജ്യത്തെ മുച്ചൂടും തകർത്തെറിഞ്ഞ ഐ.എസിന്റെ വേരുകൾ ഇങ്ങ് കൊച്ചുകേരളത്തിൽ വരെ എത്തിയിരിക്കുന്നു എന്ന വെളിപ്പെടുത്തൽ ആരെയാണ് ഞെട്ടിക്കാത്തത്. അതിന്റെ വേരുകൾ ലോകത്താകെ പടരുമോ എന്ന ആശങ്കയിലാണ് പല രാജ്യങ്ങളും . സമാധാനകാംക്ഷികളായ രാജ്യങ്ങളുടെ സഹകരണവും കൂട്ടായ്മയുമാണ് ഭീകര ഭീഷണിക്കെതിരായ ഫലപ്രദമായ കവചമെന്ന് തിരിച്ചറിയേണ്ടതുണ്ട്.