തിരുവനന്തപുരം : കേരള എൻജിനിയറിംഗ് / ഫാർമസി പ്രവേശനപരീക്ഷയുടെ (കീം) ആദ്യദിനമായ ഇന്നലെ ഒന്നാം പേപ്പറിൽ രണ്ടാം ഭാഗത്തെ കെമിസ്ട്രി കുട്ടികളെ വട്ടംകറക്കി. ശരാശരി നിലവാരത്തിന് മുകളിലുള്ള വിദ്യാർത്ഥികൾക്കു പോലും ഉത്തരം കണ്ടെത്താൻ കഴിയാത്ത ചില ചോദ്യങ്ങളായിരുന്നു വെല്ലുവിളിയായത്. പ്രതീക്ഷിക്കാത്ത പലചോദ്യങ്ങളും ഉണ്ടായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. 1999 കാലഘട്ടത്തിലെ പഴയ എൻട്രസ് സിലബസ് പ്രകാരമുള്ള ചോദ്യങ്ങളുണ്ടായിരുന്നതായി അദ്ധ്യാപകർ പറഞ്ഞു. ആകെ 48 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്.
അതേസമയം ആദ്യഭാഗത്തെ ഫിസിക്സിലെ ചോദ്യങ്ങൾക്ക് പലതിനും അനായാസം ഉത്തരം കണ്ടെത്താൻ കഴിഞ്ഞതായി വിദ്യാർത്ഥികൾ പറഞ്ഞു. ആകെ 72 ചോദ്യങ്ങളാണ് ഫിസിക്‌സിൽ ഉണ്ടായിരുന്നത്. ഇതിൽ 50 ശതമാനവും എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള നേരിട്ടുള്ള ചോദ്യങ്ങളായിരുന്നു. എന്നാൽ എൻട്രൻസ് സിലബസ് അടിസ്ഥാനമാക്കി പരിശീലിച്ചവർക്ക് മാത്രമേ ബാക്കി പകുതി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കഴിയൂവെന്നും ഇലക്ട്രോണിക്‌സിനെ സംബന്ധിക്കുന്ന ഒരു ചോദ്യത്തിന് കൃത്യമായ ഓപ്ഷൻ ഉണ്ടായിരുന്നില്ലെന്നും അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
"പഴയ എൻട്രൻസ് സിലബസിനെ അടിസ്ഥാനമാക്കിയുള്ള ചില ചോദ്യങ്ങളാണ് കെമിസ്ട്രിയെ സങ്കീർണമാക്കിയത്. ചോദ്യങ്ങളെല്ലാം ഉയർന്ന നിലവാരത്തിലുള്ളതായിരുന്നു."
- പി.എസ്.പ്രജീഷ്
കെമിസ്ട്രി അദ്ധ്യാപകൻ
സഫയർ,എൻട്രൻസ് കോച്ചിംഗ് സെന്റർ, തിരുവനന്തപുരം
"എല്ലാതരം വിദ്യാർത്ഥികൾക്കും ഫിസിക്സിൽ സ്കോർ നേടാനാകും. പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതും എൻട്രസ് പരിശീലിച്ചവർക്ക് മാത്രം ഉത്തരം എഴുതാൻ കഴിയുന്ന ചോദ്യങ്ങളും ഒരുപോലെ ഉണ്ടായിരുന്നു."
- കെ.എസ്.മഹി
ഫിസിക്‌സ് അദ്ധ്യാപകൻ
സഫയർ, എൻട്രൻസ് കോച്ചിംഗ് സെന്റർ, തിരുവനന്തപുരം