chandrayan-2

സെപ്തംബർ 6ന് ലാൻഡർ വിക്രം ചന്ദ്രനിൽ ഇറങ്ങും

തിരുവനന്തപുരം: ലോകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ ബഹിരാകാശ ശക്തി വിളംബരം ചെയ്തുകൊണ്ട് സെപ്തംബർ ആറിന് ചന്ദ്രോപരിതലത്തിൽ ഇന്ത്യൻ പതാക നാട്ടും. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-2 ജൂലായ് 9 നാവും ബഹിരാകാശത്തേക്ക് കുതിച്ചുയരുക. 50 ദിവസത്തോളം സഞ്ചരിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്ന പേടകത്തിൽനിന്ന്‌ വിക്രം എന്ന് പേരിട്ടിരിക്കുന്ന ലാൻഡർ ( ഉപകരണം) ഇന്ത്യൻ പതാകയും വഹിച്ച് ചന്ദ്രനിൽ ഇറങ്ങും.

ലാൻഡറിലെ പ്രജ്ഞാൻ റോവർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ 400 മീറ്റർ നടക്കും. 14 രാപ്പകലുകൾ വിക്രമും പ്രജ്ഞാനും ചന്ദ്രനിൽ കഴിയുമെന്നും ചന്ദ്രയാൻ-2 ന്റെ യാത്രാപദ്ധതി പ്രഖ്യാപിച്ചുകൊണ്ട്‌ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു.ഇന്ത്യയുടെ ഏറ്റവും പുതിയ വിക്ഷേപണ റോക്കറ്റായ ജി.എസ്.എൽ.വി മാർക്ക് 3 യുടെ പരിഷ്കരിച്ച പതിപ്പ് ഉപയോഗിച്ചാണ് വിക്ഷേപണം.

ചന്ദ്രനിൽ 14 ദിനരാത്രങ്ങൾ

ഒാർബിറ്റർ, വിക്രം എന്ന് പേരുള്ള ലാൻഡർ, പ്രജ്ഞാൻ എന്ന റോവർ എന്നിവയാണ് ചന്ദ്രയാൻ- 2വിന്റെ പ്രധാന ഘടകങ്ങൾ. പ്രജ്ഞാനിൽ മൂന്നും ലാൻഡറിൽ പത്തും ഉപകരണങ്ങളാണുള്ളത്. ലാൻഡറും ഒാർബിറ്ററും ഒരു പാക്കേജായും ലാൻഡറിനകത്ത് റോവറുമാണ് ഘടിപ്പിക്കുക. ദക്ഷിണധ്രുവത്തിലെത്തിയാൽ ഒാർബിറ്ററിൽ നിന്ന് ലാൻഡർ വേർപെട്ട് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യും. തുടർന്ന് ലാൻഡറിൽ നിന്ന് റോവർ പതുക്കെ പുറത്തിറങ്ങി ചന്ദ്രന്റെ ഉപരിതലത്തിൽ പതിയെ നടക്കും. 300 മീറ്റർ മുതൽ 400 മീറ്റർ വരെ റോവർ നടക്കുമെന്നാണ് ഇപ്പോഴത്തെ അനുമാനം. ഭൂമിയിലെ 14 ദിനരാത്രങ്ങൾ ലാൻഡറും റോവറും അവിടെ ചെലവഴിക്കും. ഇതിൽ നിന്നുള്ള സന്ദേശങ്ങൾ ഭൂമിയിലെത്തിക്കാൻ 15 മിനിട്ട്‌ മതിയാകും.

കാലതാമസം

പരീക്ഷണങ്ങൾക്കിടെ റോവറിന്റെ കാലൊടിഞ്ഞതാണ്‌ പദ്ധതി ഇത്രയും വൈകാനിടയാക്കിയത്. 2008 ലാണ് ചന്ദ്രയാൻ-1 പരീക്ഷണം നടത്തിയത്. അതിന്റെ ചുവടുപടിച്ച് കഴിഞ്ഞ വർഷം നടത്താനിരുന്നതാണ്‌ ചന്ദ്രയാൻ- 2 വിക്ഷേപണം. അത്‌ പലതവണ മാറ്റിവയ്ക്കേണ്ടിവന്നു. ഉപകരണങ്ങളുടെ ആധുനികവത്കരണവും കൂടുതൽ ശാസ്ത്രീയമായ ഗവേഷണ ദൗത്യങ്ങളുടെ കൂടിച്ചേർക്കലുകളും ഇതിനിടയിൽ നടന്നു.

നാലാമത്തെ രാജ്യം

ഇന്ത്യൻ റോവർ ചന്ദ്രനിൽ നടന്നാൽ ആ നേട്ടം കൈവരിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമാകും ഇന്ത്യ. അമേരിക്ക, റഷ്യ, ചെെന എന്നീ രാജ്യങ്ങളാണ്‌ ഇതിനു മുമ്പ് ഇൗ നേട്ടം സ്വന്തമാക്കിയത്. ഇസ്രയേലിന്റെ ചാന്ദ്രദൗത്യം ഇൗ വർഷം പരാജയപ്പെട്ടിരുന്നു.

''45 മുതൽ 50 ദിവസങ്ങളെടുത്തായിരിക്കും ഭൂമിയിൽ നിന്ന് ചന്ദ്രയാൻ -2 പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തുക. കാലാവസ്ഥയിൽ എന്തെങ്കിലും അപ്രതീക്ഷിത വ്യതിയാനം വന്നാൽ 9 എന്ന തീയതിക്ക് ചെറിയ മാറ്റം വന്നേക്കാം.

-ഡോ. കെ. ശിവൻ,ഐ.എസ്.ആർ.ഒ. ചെയർമാൻ

ചന്ദ്രയാൻ- 2

ഭാരം 3290 കിലോഗ്രാം

ചെലവ് 800 കോടി രൂപ

ഉപകരണങ്ങൾ 13 എണ്ണം

ഒന്നാം ചന്ദ്രയാൻ ഭ്രമണകാലം

2008 ഒക്ടോബർ 22 മുതൽ 2009 ആഗസ്റ്റ് 29 വരെ

ചെലവ് 386 കോടി രൂപ

പ്രവർത്തനകാലയളവ് 312 ദിവസം