മുടപുരം: അവധിക്കാലത്ത് ഒഴിഞ്ഞുകിടക്കുന്ന വയലേലകൾ ക്രിക്കറ്റ് കളിക്കാർ കൈയടക്കിയിരിക്കുകയാണ്, നാട്ടിൻപുറത്തെ കായിക പ്രേമികളായ കുട്ടികൾ. രാവിലെയും വൈകിട്ടും സമയക്രമം പാലിച്ച് പ്രത്യേക ടീമുകളായാണ് ഇവർ കളിക്കാനെത്തുന്നത്. വിശാലമായ മുടപുരം പാടശേഖരത്ത് നാലും അഞ്ചും ടീമുകളാണ് കളിക്കളമൊരുക്കിയിട്ടുള്ളത്. ഇതുപോലെ മരങ്ങാട്ടുകോണം, കിഴുവിലം, അണ്ടൂർ തുടങ്ങിയ വയലുകളിലും തുറന്നുകിടക്കുന്ന പുരയിടങ്ങളിലും ക്രിക്കറ്റ് കളി സംഘടിപ്പിക്കുണ്ട്. ക്രിക്കറ്റാണ്, കുട്ടികളെ പ്രധാനമായും ആകർഷിക്കുന്നതെങ്കിലും ഫുട്ബാൾ കളിയും നടക്കുണ്ട്. ക്രിക്കറ്റ് കളിയിൽ പങ്കാളികളാകാൻ ദൂര ദേശത്തുനിന്നുപോലും കുട്ടികൾ ഇവിടെ എത്തുന്നുണ്ട്. ഇടയ്ക്ക് പെയ്യുന്നമഴ, കളിസ്ഥലത്ത് ചെളി കെട്ടി നിർത്തുന്നുണ്ടെങ്കിലും ഒരു ദിവസത്തെ ഇടവേളക്കുശേഷം വീണ്ടും കളി പുനരാരംഭിക്കാൻ കഴിയുന്നുണ്ടെന്ന് കുട്ടികൾ പറഞ്ഞു. ഇവരുടെ കളി കാണാൻ മുതിന്ന കായിക പ്രേമികളും വയൽക്കരയിൽ ഒത്തുകൂടുണ്ട്. ട്രോഫിയും കാഷ് അവാർഡും സമ്മാനങ്ങളായി നൽകുന്ന പ്രൊഫഷണൽ ക്രിക്കറ്റ് മത്സങ്ങളും നേരത്തെ മുടപുരം പാടത്ത് സംഘടിപ്പിച്ചിരുന്നു.