നേമം: നിരവധി മത്സ്യകൃഷി പദ്ധതികൾ നടപ്പിലാക്കിയിട്ടും വെളളായണി കായലിലെ മത്സ്യസമ്പത്ത് അനുദിനം കുറഞ്ഞുവരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. വിവിധതരത്തിലുളള നൂറോളം മത്സ്യങ്ങൾ വെളളായണി കായലിലുണ്ടെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇതിൽ 45 ഒാളം ഇനം മത്സ്യങ്ങളാണ് ഇവിടത്തെ മത്സ്യത്തൊഴിലാളികൾ കായലിൽ നിന്നും പിടിച്ച് വിൽപന നടത്തി ജീവിക്കുന്നത്. മത്സ്യവിൽപനയ്ക്കായി കാക്കാമൂലയിൽ വെളളായണി കായൽമത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണസംഘം എന്ന സംഘടന പ്രവർത്തിക്കുന്നുണ്ട്. ഇവിടത്തെ ഒൗട്ട്ലെറ്റ് വഴി വിൽപ്പന നടത്തുന്നത് പ്രധാനമായും 13 ഇനം മത്സ്യങ്ങളാണ്. കരിമീൻ, നാടൻ കൊഞ്ച്, വളർത്ത് കൊഞ്ച്, രോഹു, കട്ല, മൃഗാള്, സെെഫ്രൻസ്, ലേവ്യാ, ഗ്രാസ് കാർപ്പ്, വരാല്, ചേർ വരാല്, തിലോപ്യ,കാരി തുടങ്ങിയവയാണ് ഇവ. ചെറു മത്സ്യങ്ങളായ പരല്, ആരല്, നെടിമീൻ, കല്ലുമുട്ടി, കല്ലപ്പി എന്നിവയും കായലിൽ നിന്നും പിടിക്കുന്നുണ്ട്. മത്സ്യസമ്പത്ത് കുറയുന്നത് മത്സ്യത്തൊഴിലാളികളെ പട്ടിണിയിലേക്ക് തളളിവിടുന്നതായി ഇവർ പറയുന്നു. കുളവാഴകളുടെ അതിപ്രസരം മൂലം കായലിലെ വെളളത്തിലുണ്ടായ മാറ്റങ്ങളാണ് മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കാൻ ഇടയായതെന്നാണ് പഠനങ്ങൾ പറയുന്നത്. കായലിനോട് ചേർന്നുള്ള കൃഷിയിടങ്ങളിൽ പച്ചക്കറികൾക്ക് തളിക്കുന്ന കീടനാശിനികൾ മഴവെളളത്തിലൂടെയും തോടുകളിലൂടെയും ഗണ്യമായ അളവിൽ കായലിൽ എത്തുന്നതും മത്സ്യസമ്പത്ത് ഗണ്യമായി കുറയാൻ കാരണമാണ്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ അടുത്തിടെ അമ്പതിനായിരത്തോളം ചെമ്മീൻ കുഞ്ഞുങ്ങളെയും ഒരുലക്ഷത്തോളം കട്ല കുഞ്ഞുങ്ങളെയും കായലിൽ നിക്ഷേപിച്ചിരുന്നു. കായൽ മാലിന്യരഹിതമായാൽ മാത്രമേ മത്സ്യസമ്പത്ത് മുൻകാലങ്ങളിലേതെന്ന പോലെ വർദ്ധിപ്പിക്കാൻ കഴിയുകയുളളു എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.