verbal

തിരുവനന്തപുരം: ഭൂഖണ്ഡങ്ങൾ കടന്നെത്തുന്ന, കേട്ടുകേൾവി പോലുമില്ലാത്ത വൈറസുകൾ സൃഷ്ടിക്കുന്ന മാരക രോഗങ്ങൾ തടയാൻ പ്രതിരോധത്തിന്റെയും നിരീക്ഷണത്തിന്റെയും സ്ഥിരം സംവിധാനത്തിന് ആരോഗ്യവകുപ്പ് രൂപം നൽകി.

ഇനി മുതൽ എല്ലാ പകർച്ചവ്യാധി മരണങ്ങളും ഒമ്പത് വിദഗ്ദ്ധ ഡോക്ടർമാരുടെ സംസ്ഥാന ഡെത്ത് ആഡിറ്റ് സമിതി ശാസ്ത്രീയമായി വിലയിരുത്തും. മരണങ്ങളുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തും. ഒഴിവാക്കാമായിരുന്ന കാരണങ്ങൾ കണ്ടെത്തി ആവർത്തിക്കാതെ തടയും. മരണകാരണം കണ്ടെത്താനായില്ലെങ്കിൽ വീട്ടിലും നാട്ടിലും ആശുപത്രിയിലും അന്വേഷണം നടത്തി 'വെർബൽ ആട്ടോപ്സി' സംവിധാനത്തിലൂടെ കാരണം കണ്ടെത്തും.

പകർച്ചവ്യാധികൾ പ്രതിവർഷം അഞ്ഞൂറോളം ജീവനുകളെടുക്കുന്ന കേരളത്തിൽ മുൻകരുതലുകൾ ഫലപ്രദമായിരുന്നില്ല. ഓരോ മരണകാരണവും ഉറപ്പിച്ച്, വൈറസുകളുടെ രൂപമാറ്റവും മരുന്നുകളുടെ ശേഷിയും വിലയിരുത്തി പകർച്ചവ്യാധി മരണങ്ങൾ പടിപടിയായി ഇല്ലാതാക്കുകയാണ് സമിതിയുടെ ചുമതല. ഫലപ്രദമല്ലാത്ത മരുന്നുകളും വാക്സിനുകളും മാറ്റുന്നതും സമിതിക്ക് തീരുമാനിക്കാം. പകർച്ചവ്യാധികളുടെ സ്രോതസ് കണ്ടെത്തിയില്ലെങ്കിൽ പ്രതിരോധപ്രവർത്തനങ്ങൾ ഫലപ്രദമാവില്ല. അതിനാലാണ് കോഴിക്കോട്ട് നിപ്പ ബാധിച്ച് മരണമുണ്ടായിട്ടും പടരുന്നത് തടയാനാകാതിരുന്നത്.

വെർബൽ ആട്ടോപ്‌സി

കാരണം കണ്ടെത്താനായില്ലെങ്കിൽ മരണസ്ഥലത്ത് ഡോക്ടർമാരുടെ സംഘമെത്തും. വീട്ടിലെ സാഹചര്യം മനസിലാക്കി കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. മരണം ഒഴിവാക്കാമായിരുന്നതാണോയെന്ന് പരിശോധിക്കും. ആശുപത്രിയിലെ ഒ.പി രേഖ മുതൽ ലാബ്, ചികിത്സാ റിപ്പോർട്ടുകൾ വരെ പരിശോധിക്കും. രോഗം പടരുന്ന സാഹചര്യം പൂർണമായി ഒഴിവാക്കും.

സമിതി അംഗങ്ങൾ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അസോ. പ്രൊഫസർമാരായ ഡോ. സെൽവരാജൻ ചെട്ടിയാർ, ഡോ. ആർ. ജ്യോതി, ഡോ. ടോണി ലോറൻസ്, അസി. പ്രൊഫസർ ഡോ. ഷീജ സുഗുണൻ, പൊതുജനാരോഗ്യം അസി. ഡയറക്ടർ ഡോ. വി. അനിൽ, തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ മെഡിക്കൽ കൺസൾട്ടന്റ് ഡോ. ശ്യാംസുന്ദർ, തൈക്കാട് ആശുപത്രിയിലെ പീഡിയാട്രിക് കൺസൾട്ടന്റ് ഡോ. ബെനറ്റ് സൈലം, സ്റ്റേറ്റ് പി.എച്ച് ലാബിലെ മൈക്രോബയോളജിസ്റ്റ് ഡോ. രേണുക, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ ഡോ. സുമി എന്നിവരടങ്ങുന്ന സമിതി എല്ലാമാസവും പത്തിന് യോഗംചേരും. ജില്ലകളിലെ ഡെത്ത് ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടും ഡെത്ത് ആഡിറ്റ് റിപ്പോർട്ടും പരിശോധിച്ച് മരണകാരണങ്ങൾ കണ്ടെത്തി അഡി. ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യും.

ഗുണങ്ങൾ

മുൻകരുതൽ ശക്തമാക്കി മരണനിരക്ക് കുറയ്ക്കും

പകർച്ചവ്യാധി സാദ്ധ്യത കൃത്യമായി കണ്ടെത്താം

പകർച്ചവ്യാധികളുടെ വ്യാപനം ശാസ്ത്രീയമായി തടയാം

''എല്ലാ മരണങ്ങളുടെയും കാരണം ഉറപ്പിക്കുന്നതിലൂടെ, പകർച്ചവ്യാധികൾ ഇല്ലാതാക്കാനുള്ള ശ്രമമാണ്. അസുഖം തടയാനും ചികിത്സ മെച്ചപ്പെടുത്താനും സാധിക്കും''

ഡോ. വി. അനിൽ

അസി. ഡയറക്ടർ, പൊതുജനാരോഗ്യം

469

പേരാണ് കഴിഞ്ഞവർഷം പകർച്ചവ്യാധി പിടിപെട്ട് മരിച്ചത്

81

പേർ ഇക്കൊല്ലം ഇതുവരെ മരിച്ചു

4 വില്ലന്മാർ

1)എച്ച്1 എൻ1

2)എലിപ്പനി

3)ഡെങ്കിപ്പനി

4)ചിക്കൻപോക്സ്