പൂവച്ചൽ: പൂവച്ചൽ പഞ്ചായത്തിലെ കൈതക്കോണത്ത് പൂഞ്ഞാങ്കോട് പാലം പണി നിലച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി. പണിയുടെ മെല്ലെ പോക്കിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പാലം പണി മുടങ്ങിയതോടെ ഇടിച്ച മണ്ണ് റോഡിനും പാലത്തിന്റെ സുരക്ഷാ ഭിത്തികൾക്കും ഇടയിൽ വലിയ കിടങ്ങായി മാറിയിരിക്കുകയാണ്. ഇത് ഇതുവഴിയുള്ള യാത്രാക്കാർക്ക് ഭീഷണിയായിട്ടുണ്ട്.
പണി ആരംഭിച്ചപ്പോൾ തോട് മുറിച്ചുകടക്കാൻ താത്കാലികമായി സ്ഥാപിച്ച സ്ലാബുകൾ ഏതു നിമിഷവും തകരാവുന്ന അവസ്ഥയിലാണ്. ജീവൻ പണയംവച്ചു മാത്രമേ ഇതു വഴി സഞ്ചരിക്കാൻ കഴിയൂവെന്നാണ് നാട്ടുകാർ പറയുന്നത്. താത്കാലിക സ്ലാബുകളിലൂടെ സഞ്ചരിക്കുന്നവർ തോട്ടിലേക്ക് പതിക്കുന്ന അവസ്ഥയാണുള്ളതെന്നും ദിവസവും ഇവിടെ കുട്ടികൾ ഉൾപ്പടെ നിരവധിപേരാണ് ഇവിടെ അപകടത്തിൽ പെടുന്നുതെന്നും പരാതിയുണ്ട്. അപകടങ്ങൾ ഒഴിവാക്കുന്നതിന് ഈ പ്രദേശത്തെ പാലം പണി അടിയന്തരമായി പൂർത്തിയാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. പാലം പണി പകുതിവഴിയിലായതോടെ ഇതിനോട് ചേർന്ന റോഡിന്റെ പണിയും നിലച്ച മട്ടാണ്. പണിക്കായി കൂട്ടിയിട്ടിരുന്ന മെറ്റലുകൾ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽ മഴയിൽ ഒലിച്ചു മാറാൻ തുടങ്ങിയിട്ടുണ്ട്. റോഡിന്റെ പലഭാഗത്തും വെള്ളക്കെട്ടും ചെളി കുണ്ടുകളുമായി മാറുകയും ചെയ്തു. ഇതുകാരണം പ്രദേശവാസികൾക്ക് കാൽനടയായി പോലും ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. പാലം പണി തുടങ്ങിയപ്പോൾ പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആരും തിരിഞ്ഞു നോക്കിയില്ലെന്നും ആക്ഷേപമുണ്ട്. കരാറുകാരന്റെ ഇഷ്ടത്തിനാണ് പാലം പണി നടക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. നിർമ്മാണ ജോലികൾ പൂർത്തിയാക്കി അടിയന്തരമായി റോഡും പാലവും സഞ്ചാരയോഗ്യമാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.