തിരുവനന്തപുരം : പ്രളയാനന്തര പുനർനിർമ്മാണ പദ്ധതിയുടെ കാഴ്‌ചപ്പാട് ഉൾപ്പെടുത്തി വാർഷിക പദ്ധതി നടത്തിപ്പിന്റെ രൂപരേഖ മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാർഷിക പദ്ധതി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുന്നതും പരിസ്ഥിതി സൗഹൃദവുമായ കാഴ്‌ചപ്പാടാണ് കേരള പുനർനിർമ്മാണ പദ്ധതിക്കുള്ളത്. ഇതിന് ആധുനിക സങ്കേതികവിദ്യയും നൂതന ആശയങ്ങളും ഉപയോഗപ്പെടുത്തണം. നടപടിക്രമങ്ങളുടെ നൂലാമാലകൾ ഒഴിവാക്കി സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കണം.

പുനർനിർമ്മാണത്തിനായി മുന്നോട്ടുവച്ച കരുത്തുറ്റ വികസനം ലക്ഷ്യമാക്കുന്ന പദ്ധതിക്കനുസരിച്ച് വാർഷിക പദ്ധതി രേഖ മെച്ചപ്പെടുത്തണം. നബാർഡിന്റെയും ഗ്രാമീണ അടിസ്ഥാന വികസന ഫണ്ടിന്റെയും (ആർ.ഐ.ഡി.എഫ്) പദ്ധതികളുടെ കാര്യത്തിലും ഇതേസമീപനം സ്വീകരിക്കണം. ഒരുപാട് പദ്ധതികൾ ഏറ്റെടുക്കുന്നതിനല്ല, ഏറ്റെടുക്കുന്നവ സമൂഹത്തിന് ഏറെ പ്രയോജനകരമാക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. പദ്ധതി നിർദ്ദേശങ്ങൾ വിലയിരുത്തേണ്ടത് ജീവനോപാധി പാക്കേജ് ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലാകം.

പദ്ധതി നടത്തിപ്പ് വേഗത്തിലാക്കാൻ ഭരണാനുമതി, സാങ്കേതികാനുമതി, സ്ഥലം ഏറ്റടുക്കൽ, ടെൻഡറിംഗ് തുടങ്ങിയ നടപടിക്രമങ്ങൾ ഉൾപ്പെടുന്ന നിർവഹണ കലണ്ടർ ഉണ്ടാക്കി അത് പാലിക്കണം. ജൂൺ പകുതിയോടെ പദ്ധതിക്കുള്ള ഭരണാനുമതി ലഭ്യമാക്കുന്ന തരത്തിൽ നടപടികൾ ക്രമീകരിക്കണം. കിഫ്ബി ധനസഹായത്തോടെയുള്ള എല്ലാ പദ്ധതികളുടെയും നിർവഹണം പെട്ടെന്ന് പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ചീഫ് സെക്രട്ടറി ടോംജോസ്, വിവിധ വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.