അമ്പൂരി: ഗ്രാമപഞ്ചായത്തിലെ കുമ്പിച്ചൽ കടവ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കിഫ്ബി വിദഗ്ദ്ധസംഘം സി.കെ. ഹരീന്ദ്രൻ എം.എൽ.എ യുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. പ്രവൃത്തി ടെൻഡർ ചെയ്യുന്നതിന് മുന്നോടിയായാണ് സ്ഥല പരിശോധന നടത്തിയത്. ഇതോടെ അമ്പൂരി ജനതയുടെ പതിറ്റാണ്ടുകൾ നീണ്ട സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. കരിപ്പയാറിന് മറുകരയിൽ നെയ്യാർ ഡാമിന്റെ തുരുത്തിൽ ഒറ്റപ്പെട്ടുപോയ ആയിരത്തിലധികം കുടുംബങ്ങളുടെയും തൊടുമല നിവാസികളുടെയും നീണ്ട നാളത്തെ ആവശ്യമാണ് കുമ്പിച്ചൽ കടവുപാലം. സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ ഇടപെടലിൽ 2016-17 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ പാലത്തിന്റെ നിർമ്മാണം നടത്തുന്നതിനായി 17 കോടി രൂപ രൂപ വകയിരുത്തി, കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് വിഭാഗം തയാറാക്കിയ പ്രൊപ്പോസൽ പ്രകാരം കുമ്പിച്ചൽകടവിൽ 17.1 കോടിരൂപ ചെലവിൽ നിർമ്മിക്കുന്ന പാലം 36.2 മീറ്റർ വീതം അകലത്തിലുള്ള 7 സ്പാനുകളിലായി 253.4 മീറ്റർ നീളത്തിലാണ് നിർമ്മിക്കുന്നത്. 287 മീറ്റർ നീളത്തിൽ പൂച്ചമുക്ക് മുതൽ ബൗണ്ടർ ജംഗ്ഷൻ വരെയും അപ്രോച്ച് റോഡ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് 11 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന പാലത്തിൽ 8 മീറ്റർ വീതിയിൽ റോഡും ഇരു വശത്തും ഫുട്പാത്തും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശത്തിന്റെ ടൂറിസം സാദ്ധ്യതകൾ മുന്നിൽ കണ്ട് ഭൂനിരപ്പിൽ നിന്നും 12.5 മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന പാലത്തിനടിയിലൂടെ നെയ്യാർഡാമിൽ നിന്നും വിനോദ സഞ്ചാരികളുമായി വരുന്ന ബോട്ടിന് കടന്നുപോകുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നാഷണൽ വൈൽഡ് ലൈഫ് ബോർഡിന്റെ ക്ലിയറൻസ് കൂടി ലഭ്യമായാൽ നടപടികൾ പൂർത്തീകരിക്കുമെന്നും , നിലവിലുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചാൽ ഉടൻ പ്രസ്തുത പ്രവൃത്തി നിബന്ധനകൾക്ക് വിധേയമായി ടെൻഡർ ചെയ്യുമെന്നും എം.എൽ.എയും ചീഫ് എൻജിനിയറും അറിയിച്ചു. സംഘത്തിൽ എം.എൽ.എയോടൊപ്പം കിഫ്ബി ചീഫ് എൻജിനിയർ വി.വി. ബിനു, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ ബിജു, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനിയർമാരായ പ്രേംകുമാർ, ദീപ, നെയ്യാർഡാം ഫോറസ്റ്റ് വകുപ്പ് അസിസ്റ്റന്റ് റേഞ്ച് ഓഫീസർ, സഞ്ജയൻ, അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി, വൈസ് പ്രസിഡന്റ് അനിതാ മധു തൊടുപുഴ വാർഡ് മെമ്പർ ഷിബു, മായം വാർഡ് മെമ്പർ അമ്പിളി പുത്തൂർ, നൈനാൻ, തോട്ടത്തിൽ മധു തുടങ്ങിയവരും ഉണ്ടായിരുന്നു. |
|