തിരുവനന്തപുരം: ഹൈക്കോടതി വളപ്പിൽ മാദ്ധ്യമപ്രവർത്തകരെ അഭിഭാഷകർ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്തുന്ന ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിഷന്റെ കാലാവധി അഞ്ചാംതവണയും നീട്ടി നൽകാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.മേയ് 13നാണ് കമ്മിഷന്റെ കാലാവധി പൂർത്തിയാകുന്നത്. ആറുമാസത്തേക്കാണ് കാലാവധി നീട്ടിയത്. രണ്ടര വർഷം മുമ്പാണ് കമ്മിഷനെ നിയോഗിച്ചത്.

കോടതിനടപടികൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെ ഒരുസംഘം അഭിഭാഷകർ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്ന് പൊലീസ് ലാത്തിച്ചാർജും നടത്തി. സംഭവത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷിക്കാൻ 2016 നവംബർ എട്ടിന് ഇറങ്ങിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ജുഡിഷ്യൽ കമ്മിഷനെ നിയമിച്ചത്. 2016 നവംബർ 25ന് ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിഷൻ ചുമതലയേറ്റു. ആറുമാസം കൊണ്ട് ജുഡിഷ്യൽ അന്വേഷണം പൂർത്തിയാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. 2017 മേയിലും അതേവർഷം നവംബറിലും കമ്മിഷന്റെ കാലാവധി നീട്ടി മന്ത്രിസഭ തീരുമാനമെടുത്തു. പിന്നീട് 2018 മേയ് 11നും നവംബർ 14നും കമ്മിഷന്റെ കാലാവധി നീട്ടി നൽകി. എന്നിട്ടും അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഇന്നലെ മന്ത്രിസഭാ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തി വിഷയം പരിഗണിച്ചത്. ജുഡിഷ്യൽ അന്വേഷണ കമ്മിഷനുകൾക്ക് ഓഫീസും സ്റ്റാഫും വാഹനവും അടക്കമുള്ളതിന് ലക്ഷങ്ങളാണ് ഓരോ മാസവും ചെലവിടേണ്ടി വരിക.