photo

നെടുമങ്ങാട്: ജില്ലയിലെ കുടിവെള്ള വിതരണത്തിന്റെ പ്രധാന ആശ്രയമായ അരുവിക്കര ഡാമിന്റെ ആഴം കൂട്ടാനുള്ള നടപടികൾ ഇഴഞ്ഞു നീങ്ങിയതോടെ സംഭരണ ശേഷി നേർപകുതിയായി. എട്ട് മീറ്റർ ആഴത്തിൽ ജലം സംഭരിച്ചു നിറുത്താവുന്ന ഇവിടെ നിലവിൽ അതിന്റെ നേർപകുതി മാത്രമാണ് സാദ്ധ്യമാകുന്നത്. ഇതുസംബന്ധിച്ച് ഡാം അധികൃതർ സർക്കാരിന് സമർപ്പിച്ച നിർദ്ദേശത്തിന്മേലുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെങ്കിലും മാലിന്യം നീക്കാനുള്ള അനുവാദം ഇതുവരെ ലഭിച്ചിട്ടില്ല. 2016ൽ ഇറിഗേഷൻ വകുപ്പിന്റെ സഹായത്തോടെ മൂന്ന് ലക്ഷത്തോളം രൂപ ചെലവിട്ട് ജല അതോറിട്ടി നടത്തിയ മാലിന്യനീക്കം വിജയകരമായിരുന്നു. ഈ മാതൃകയിൽ എല്ലാ വർഷവും ഡാമിന്റെ ആഴം സ്ഥിരപ്പെടുത്തണമെന്ന് അന്നത്തെ എം.ഡി നിർദ്ദേശിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ല. ചെളി നീക്കൽ ദൗത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഉദ്യോഗസ്ഥർ ആരും തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. ജല അതോറിട്ടിയുടെ നിയന്ത്രണത്തിലുള്ള ചുള്ളിയാർ, മംഗലം ഡാമുകളിൽ ഈയിടെ മണ്ണും എക്കലും മാലിന്യവും നീക്കം ചെയ്‌തിരുന്നു. ഇതിന്റെ തുടർച്ചയായി അരുവിക്കരയിലും ഉടനേ മാലിന്യ നീക്കം നടത്തണമെന്നാണ് ആവശ്യം.

റിസർവോയറുകൾ ഇഴജന്തുക്കളുടെ താവളം

​​​​​​​---------------------------------------------------------------------

റിസർവോയറുകൾക്ക് സമീപം ഇഴജന്തു ശല്യം രൂക്ഷമാണ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കാഞ്ചിക്കാവിള തീരം റോഡിൽ നിന്നു വനംവകുപ്പ് അധികൃതർ പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. മുള്ളിലിവൻമൂട്, വാഴവിള, പൊട്ടച്ചിറ, കുന്നംപള്ളിനട, കാഞ്ചിക്കാവിള, കാളിയാമൂഴി, വട്ടക്കണ്ണമൂല, മൈലമൂട് തുടങ്ങിയ പ്രദേശങ്ങളിലെ സ്ഥിതിയും വ്യത്യസ്‌തമല്ല. റിസർവോയർ പ്രദേശത്തെ ഭൂരിഭാഗം പ്രദേശങ്ങളും പായലും പാഴ്ചെടികളും ചെളിയും നിറഞ്ഞിരിക്കുകയാണ്

''റിസർവോയറുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണലും മറ്റു മാലിന്യങ്ങളും നീക്കി

സംഭരണ ശേഷി വർദ്ധിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം

- തീരം റസിഡന്റ്സ് അസോസിയേഷൻ, അരുവിക്കര