തിരുവനന്തപുരം: കുമ്മനം രാജശേഖരൻ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളും സ്വീകരണയോഗങ്ങളിൽ കിട്ടിയ ഷാളുകളും മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന പരിപാടി 'പുനർനവ'യുടെ പ്രവർത്തനം ആരംഭിച്ചു. മുൻ ഡി.ജി.പി ടി.പി. സെൻകുമാർ ഉദ്ഘാടനം ചെയ്തു. തയ്‌ച്ചെടുത്ത ഗ്രോബാഗ് നിർമ്മാതാവ് സുരേഷ് കുമാറും ചലച്ചിത്ര താരം മേനകാ സുരേഷും ഏറ്റുവാങ്ങി. കരമന ശാസ്ത്രി നഗറിലെ കുമ്മനത്തിന്റെ വസതിയിലാണ് പ്രവർത്തനം. ഷാളുകൾ, തോർത്തുകൾ, പൊന്നാട എന്നിവ ഉപയോഗിച്ച് സഞ്ചി, തൊപ്പി, കർച്ചീഫ്, ടൗവ്വൽ, തലയിണ കവർ എന്നിവയാണ് നിർമ്മിക്കുന്നത്. ബോഹർ ബോർഡുകളിൽ ഗ്രോബാഗുകളും നിർമ്മിക്കുന്നു. തയ്യലിനായി പന്ത്രണ്ട് പേരും തുണി മുറിക്കാൻ മൂന്നുപേരുമുണ്ട്. നിർമ്മാതാവ് ജി. സുരേഷ്‌കുമാർ, ബോഹർ ഡയറക്ടർ വിജയൻ, പയ്യന്നൂർ സ്വാമികൾ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, ബി.എം.എസ് ജില്ലാ സെക്രട്ടറി കെ. ജയകുമാർ, കൗൺസിലർമാരായ കരമന അജിത്ത്, തിരുമല അനിൽ, ഡോ. ബി. വിജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.