വിതുര: പൊൻമുടി - വിതുര റോഡിൽ കല്ലാർ ഗോൾഡൻവാലിക്ക് സമീപം ടൂറിസ്റ്റുകൾക്കിടയിൽ ഭീതി പരത്തിയ രാജവെമ്പാലയെ വനംവകുപ്പിലെ താത്കാലിക ജീവനക്കാരനും, പാമ്പുപിടിത്തക്കാരനുമായ മേമല സനൽരാജ് പിടികൂടി. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ രാജവെമ്പാല എത്തിയപ്പോൾ സ്ത്രീകളും, കുട്ടികളുമടക്കം ധാരാളം ടൂറിസ്റ്റുകൾ ഇവിടെ ഉണ്ടായിരുന്നു. രാജവെമ്പാലയെ കണ്ടതോടെ പരിഭ്രാന്തരായ കുട്ടികളും,സ്ത്രീകളും ബഹളം വച്ചപ്പോൾ സമീപത്തുണ്ടായിരുന്ന ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി അംഗങ്ങൾ വിവരം അറിയിച്ചതിനെ തുടർന്ന് സനൽരാജ് എത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു. സനൽരാജ് പിടിച്ച 53-ാമത്തെ രാജവെമ്പാലയാണിത്. പത്ത് വയസ് പ്രായവും 14 അടി നീളവും 18 കിലോ തൂക്കവുമുള്ള ആൺ പാമ്പിനെ കല്ലാർ ഉൾവനത്തിൽ തുറന്നുവിട്ടു.