തിരുവനന്തപുരം : ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ധരിക്കുന്ന തരം തൊപ്പികൾ താഴേതട്ടിലെ പൊലീസുകാർക്കും ലഭ്യമാക്കാൻ നടപടിയൊരുങ്ങുന്നു. സിവിൽ പൊലീസ് ഓഫീസർമാർ മുതൽ ഇൻസ്‌പെക്ടർമാർ വരെയുള്ളവർ ഉപയോഗിക്കുന്ന സാധാരണ തൊപ്പിക്ക് (പി ക്യാപ്) പകരമായിട്ടാണ് ഉന്നത ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ബറേ തൊപ്പി വരുന്നത്.
പി ക്യാപ് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാണ് പരിഷ്കാരം.
ബറേ തൊപ്പി ധരിക്കാൻ സിവിൽ പൊലീസ് ഓഫീസർ വരെയുള്ളവർക്കും അനുമതി നൽകാൻ ആഭ്യന്തരവകുപ്പിനോട് ശുപാർശ ചെയ്യുമെന്ന് ഡി.ജി.പി സ്റ്റാഫ് കൗൺസിൽ യോഗത്തിൽ ഉറപ്പുനൽകി. ഇപ്പോഴത്തെ തൊപ്പി ഉപയോഗിക്കുമ്പോഴുള്ള ബുദ്ധിമുട്ട് പൊലീസ് സംഘടനകൾ ഡി.ജി.പിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
ക്രമസമാധാന ചുമതലയുള്ളപ്പോൾ നിലവിലെ തൊപ്പി സംരക്ഷിക്കുകയെന്നത് ബുദ്ധിമുട്ടേറിയതാണെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. നിലവിലെ തൊപ്പിക്ക് കടുത്ത ചൂടാണ്. യാത്രകളിൽ തൊപ്പി വീഴാതെ നോക്കുകയെന്നത് ബുദ്ധിമുട്ടാണെന്ന് പൊലീസ് ഡ്രൈവർമാരും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപയോഗിക്കാൻ എളുപ്പമായ ബറേ തൊപ്പികൾക്കായി ആവശ്യമുയർന്നത്.
ബറേ തൊപ്പികൾ താഴേതട്ടിലുള്ളവർക്കും ഉപയോഗിക്കാൻ അനുവാദം ലഭിച്ചാൽ ഉയർന്ന ഉദ്യോഗസ്ഥർക്കും മറ്റുള്ളവർക്കും തൊപ്പിയുടെ നിറത്തിൽ വ്യത്യാസമുണ്ടാകും. സിവിൽ പൊലീസ് ഓഫീസർമാർ മുതൽ ഇൻസ്‌പെക്ടർ റാങ്ക് വരെയുള്ള ഉദ്യോഗസ്ഥർക്ക് കറുത്ത നിറത്തിലുള്ള ബറേ തൊപ്പികളാവും നൽകുക. ഡിവൈ.എസ്.പി മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥർക്ക് നിലവിലുള്ള നീല നിറത്തിലെ തൊപ്പികൾ തുടർന്നും ധരിക്കാം. എന്നാൽ പാസിംഗ് ഔട്ട് പരേഡ്, വി.ഐ.പികളുടെ സന്ദർശനം, മറ്റ് ഔദ്യോഗിക ചടങ്ങുകൾ തുടങ്ങിയവയുടെ സമയത്ത് പഴയ രീതിയിലുള്ള തൊപ്പികൾ തന്നെ ഉപയോഗിക്കണം. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പായിരിക്കും അന്തിമ ഉത്തരവിറക്കുക.