തിരുവനന്തപുരം: പൊലീസുകാരുടെ തപാൽ ബാലറ്റുകൾ അസോസിയേഷൻ നേതാക്കൾ ഭീഷണിപ്പെടുത്തി കൈവശപ്പെടുത്തിയെന്ന ആക്ഷേപം അന്വേഷിക്കുന്ന ഇന്റലിജൻസ് മേധാവി ഡി.ജി.പിക്ക് ഉടൻ റിപ്പോർട്ട് നൽകും. പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി.
ഡി.ജി.പിയിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. കോൺഗ്രസ് പരാതി നൽകിയിട്ടും അനങ്ങാതിരുന്ന ഡി.ജി.പി, പോസ്റ്റൽ ബാലറ്റുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ പൊലീസുകാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ പൊലീസ് അസോസിയേഷൻ നേതാക്കൾ പോസ്റ്റ് ചെയ്‌ത ശബ്‌ദസന്ദേശം പുറത്തായതോടെ ഇന്റലിജൻസ് എ.ഡി.ജി.പിയുടെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അസോസിയേഷൻ നേതാക്കളെ കൈയൊഴിഞ്ഞ ഡി.ജി.പി, പൊലീസുകാരുടെ തപാൽ ബാലറ്റ് ശേഖരിക്കുന്നത് നിയമവിരുദ്ധമാണെന്നു വ്യക്തമാക്കുകയും ചെയ്തു.
56,000 പൊലീസുകാരിൽ ഭൂരിഭാഗത്തിന്റെയും തപാൽ വോട്ടുകൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്‌തതായാണ് ആക്ഷേപം. തിരഞ്ഞെടുപ്പിന് മുമ്പു തന്നെ ക്രമക്കേട് പുറത്തുവന്നെങ്കിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡം പാലിച്ചാണ് പോസ്റ്റൽ ബാലറ്റ് വിതരണമെന്നാണ് പൊലീസ് മേധാവി വിശദീകരിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുടെ നോഡൽ ഓഫീസർമാരിൽ നിന്നുതന്നെ അസോസിയേഷൻ നേതാക്കൾ തപാൽ ബാലറ്റുകൾ കൈക്കലാക്കിയതിനെപ്പറ്റി ഇന്റലിജന്റ്‌സ് വിഭാഗം വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. ഇത് പൂർണ്ണമായിട്ടില്ലെന്നും അടുത്ത ദിവസങ്ങളിൽത്തന്നെ റിപ്പോർട്ട് സമർപ്പിക്കാനാകുമെന്നും ഇന്റലിജന്റ്‌സ് വിഭാഗം ചൂണ്ടിക്കാട്ടി.
വോട്ട് രേഖപ്പെടുത്തും മുൻപ് ബാലറ്റുകൾ വാങ്ങിയാൽ കള്ളവോട്ടിനും, രേഖപ്പെടുത്തിയ ശേഷമാണങ്കിൽ തുറന്നു നോക്കി എതിർപാർട്ടിക്കുള്ള വോട്ട് അസാധുവാക്കാനും സാധിക്കുമെന്നാണ് പൊലീസുകാരുടെ പരാതി. വോട്ടെണ്ണൽ ദിനം രാവിലെ വരെ പോസ്റ്റൽ വോട്ടിന് സമയമുള്ളതിനാൽ ബാലറ്റുകൾ ശേഖരിക്കുന്നത് തുടരുകയാണ്. തെളിവുകൾ പുറത്തായിട്ടും ബാലറ്റ് ശേഖരിക്കുന്നതായ ആക്ഷേപം അസോസിയേഷൻ നിഷേധിക്കുകയും ചെയ്യുന്നു.