തിരുവനന്തപുരം:ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ സർവീസ് ദൂരം കുറയ്‌ക്കണമെന്ന കെ.എസ്.ആർ.ടി.സി ഓപ്പറേഷൻ വിഭാഗം മേധാവിയുടെ മണ്ടൻ ഉത്തരവ് മരവിപ്പിച്ചു. അപ്രോയോഗികമായ ഉത്തരവ് നടപ്പാക്കിയാൽ സർവീസുകളാകെ താളം തെറ്റുമെന്നും യാത്രാ ക്ളേശം വർദ്ധിക്കുമെന്നും ഡിപ്പോ മേധാവികൾ തന്നെ അറിയിച്ചതിനെ തുടർന്നാണ് നടപടി.
ഫാസ്റ്റ് ബസുകൾ രണ്ടിലധികം ജില്ലകൾക്ക് അപ്പുറത്തേക്ക് സർവീസ് നടത്തേണ്ട എന്ന് ഓപ്പറേഷൻ മേധവി ഷറഫ് മുഹമ്മദാണ് ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിക്കുക പോലും ചെയ്യാതെ ഉത്തരവിറക്കിയത്. ഉത്തരവ് ഇന്നലെ മുതൽ നടപ്പിലാക്കാനായിരുന്നു നീക്കം. അതിനായി ഡിപ്പോമേധാവികളുടെ യോഗം വിളിച്ചപ്പോൾ ഉത്തരവ് അപ്രായോഗികമാണെന്ന് അവർ തീർത്തു പറയുകയായിരുന്നു..
ബസുകളുടെ കൂട്ടയോട്ടം തടയാനാണ് ഫാസ്റ്റുകളുടെ ദൂരപരിധി നിശ്ചയിക്കാൻ തീരുമാനിച്ചതെന്നാണ് ഓപ്പറേഷൻ മേധാവിയുടെ വാദം. ഇത് ഫലത്തിൽ സ്വകാര്യബസുകളെ സഹായിക്കുമെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.
ചില ഫാസ്റ്റുകൾ മൂന്നും നാലും ജില്ലകളിലൂടെ പോകുന്നുണ്ട്. ഇതിൽ ചില ജില്ലകളിൽ പത്തിൽ താഴെ കിലോമീറ്ററാണ് ഓടുന്നത്. ഇവയെ ജില്ലാ അടിസ്ഥാനത്തിൽ നിയന്ത്രിക്കുന്നത് ഫലപ്രദമല്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. ഗ്രാമങ്ങളിൽ നിന്നുള്ള ചില ബസുകളും മൂന്നും നാലും ജില്ലകൾ കടന്നു പോകുന്നവയാണ്. ഇവ പിൻവലിക്കുമ്പോൾ യാത്രക്കാർക്ക് മറ്റു സംവിധാനം ഒരുക്കേണ്ടതുണ്ട്. അതിന് മാനേജ്‌മെന്റിന് കഴിഞ്ഞിട്ടില്ല. രണ്ടു മൂന്നും ജില്ലകളിലൂടെ സർവീസ് നടത്തുന്ന സ്വകാര്യബസുകൾ ഓർഡിനറി ചാർജ് മാത്രമാണ് ഈടാക്കുന്നത്. ഈ ഉത്തരവ് നടപ്പിലായാൽ സ്വകാര്യബസുകൾക്ക് കെ.എസ്.ആർ.ടി.സിയുടെ ചെലവിൽ കൂടുതൽ യാത്രക്കാരെ കിട്ടുമായിരുന്നു.