തിരുവനന്തപുരം: സി.ബി.എസ്.ഇ പ്ലസ്ടു വിജയശതമാനത്തിൽ രാജ്യത്ത് ഒന്നാമതായി തിരുവനന്തപുരം മേഖല. 98.2 വിജയശതമാനത്തോടെയാണ് തിരുവനന്തപുരത്തിന്റെ നേട്ടം. ലക്ഷദ്വീപും കൂടി ഉൾപ്പെടുന്നതാണ് തിരുവനന്തപുരം മേഖല. 36992 പേർ പരീക്ഷ എഴുതിയതിൽ 36326 പേർ വിജയിച്ചു. വിജയിച്ചവരിൽ 18887 പേർ പെൺകുട്ടികളും 17439 പേർ ആൺകുട്ടികളുമാണ‌്. 375 ഭിന്നശേഷിക്കാർ പരീക്ഷ എഴുതിയതിൽ 372 പേർ വിജയിച്ചു.

2014 മുതലുള്ള വിജയക്കുതിപ്പ് ഇക്കുറിയും തിരുവനന്തപുരം ആവർത്തിച്ചു. മുൻവർഷത്തെക്കാൾ വിജയശതമാനവും മെച്ചപ്പെടുത്തി. 2018ൽ 97.32 ശതമാനം പേരായിരുന്നു ഉപരിപഠനത്തിന് യോഗ്യത നേടിയത്.

ബി.ആർ. നീരജ്, (സെന്റ് തോമസ് സെൻട്രൽ സ്‌കൂൾ മുക്കോലയ്ക്കൽ, തിരുവനന്തപുരം), എസ്.മാനവ് (സെന്റ് മേരീസ് റസിഡൻഷ്യൽ സ്‌കൂൾ, പൂന്തോപ്പ് ആലപ്പുഴ), സൂസൻ മരിയ മാത്യു (വിശ്വജ്യോതി പബ്ലിക് സ്‌കൂൾ അങ്കമാലി, എറണാകുളം), അന്നുജോൺസൺ (ദേവമാത സി.എം.ഐ പബ്ലിക് സ്‌കൂൾ തിരുവമ്പാടി, തൃശൂർ) എസ്.അഞ്ജന (വ്യാസ വിദ്യാപീഠം, കല്ലേക്കാട് പാലക്കാട്) എന്നിവർ 495 മാർക്ക് നേടി.
എം.വൈഷ്ണവി (കേന്ദ്രീയ വിദ്യാലയം പട്ടം, തിരുവനന്തപുരം), ആൻവി സൂസൻ ബാബു (ടോക് എച്ച് പബ്ലിക് സ്‌കൂൾ വൈറ്റില, എറണാകുളം) ആർ.ദർശന (ഭവൻസ് ആദർശ വിദ്യാലയം കാക്കനാട്, എറണാകുളം), ആർ.വിനീത് (ബി.വി ബി വിദ്യാമന്ദിർ ഇരവിമംഗലം, തൃശൂർ), അനുസ്മിത ബിശ്വാസ് (സ്പ്രിംഗ് വാലി സ്‌കൂൾ കോഴിക്കോട്), കെ.വി ഹൃതിക (ശ്രീശങ്കര വിദ്യാപീഠം മട്ടന്നൂർ, കണ്ണൂർ) എന്നിവർ 494 മാർക്ക് നേടി.