ksrtc

നെടുമങ്ങാട് : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റും പരിസരവും പെൺകുട്ടികളുടെ പേടിസ്വപ്നമാവുന്നു. ഇടനാഴികളിലും യാത്രക്കാരുടെ തിരക്കിനിടയിലും പെൺകുട്ടികൾക്ക് നേരെ ആക്രമണം പതിവാകുകയാണ്. സ്‌കൂൾ, കോളേജ് വിദ്യാർത്ഥിനികൾ ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകി. ബസ് കാത്തുനിൽക്കെ മൊബൈലിൽ ഫോട്ടോ എടുക്കാൻ ശ്രമിച്ച 68കാരനെ ചോദ്യം ചെയ്ത പെൺകുട്ടിയെ അക്രമി കരണത്ത് അടിച്ചു വീഴ്ത്തിയതാണ് ഇവിടത്തെ ഒടുവിലെ സംഭവം. മറ്റു യാത്രക്കാർ ചേർന്ന് അക്രമിയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ആനാട് ചന്ദ്രമംഗലം സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് പൊലീസ് കസ്റ്റഡിയിലായത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു.

എം.ബി.എക്കാരിയായ പെൺകുട്ടി വൈകിട്ട് വീട്ടിലേക്ക് പോകാൻ നിൽക്കുമ്പോഴായിരുന്നു സംഭവം. രണ്ടാഴ്ച മുമ്പ് പത്താംക്ലാസ് വിദ്യാർത്ഥിനിയെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് സഹപാഠികളായ ആൺകുട്ടികൾ ബസ് സ്റ്റാൻഡ് പരിസരത്ത് സമരം നടത്തി. കെ.എസ്.ആർ.ടി.സി ജീവനക്കാർ അടക്കം നിരവധിപേർക്ക് അന്ന് പരിക്കേറ്റു. ബഹുനില മന്ദിര സമുച്ഛയമായ ബസ് ടെർമിനലിന്റെ ഇടനാഴികളിൽ കൈയേറ്റം ചെയ്യപ്പെട്ട വിദ്യാർത്ഥികളും ഏറെയാണ്. പെൺമക്കൾക്കെതിരായ കൈയേറ്റങ്ങളിൽ രക്ഷാകർത്താക്കളും അദ്ധ്യാപകരും ആശങ്കയിലാണ്. ബസ് സ്റ്റാൻഡ് പരിസരത്തും ഇടനാഴികളിലും നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നുപോലും പ്രവർത്തിക്കുന്നില്ല. വനിതാ പൊലീസ് കാഴ്ചക്കാരായി നിൽക്കുന്നതല്ലാതെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ലെന്ന ആക്ഷേപവുമുണ്ട്.

ക്ഷേത്ര പരിസരത്തും പേടിക്കണം

സത്രംമുക്കിലെ മുത്തുമാരിയമ്മൻ ക്ഷേത്ര പരിസരത്ത് മദ്യപശല്യം ഏറുന്നതായി പരാതി. ക്ഷേത്ര റോഡിന് എതിർവശത്തെ മാവേലി സ്റ്റോർ കെട്ടിടത്തിന്റെ മറവിലാണ് മദ്യപസംഘങ്ങൾ വിലസുന്നത്. മാവേലി സ്റ്റോറിലെത്തുന്ന സ്ത്രീകളെ അസഭ്യം പറയുന്നതും പതിവാണ്. അക്ഷയകേന്ദ്രം, കമ്പ്യൂട്ടർ സെന്റർ, ജില്ലാതല ട്രൈബൽ ഓഫീസ്, സിനിമ തിയേറ്റർ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഇവിടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. സത്രംമുക്കിൽ നിന്ന് ക്ഷേത്ര മുറ്റത്ത് കൂടിയാണ് യാത്രക്കാർ കുപ്പക്കോണം ബൈറൂട്ടിലും സിനിമ തിയേറ്ററിലും കല്ലമ്പാറ റോഡിലും എത്തുന്നത്. പരിസരത്തെ വീടുകളിൽ താമസിക്കുന്നവരും ക്ഷേത്രത്തിൽ എത്തുന്നവരും മദ്യപസംഘങ്ങളുടെ ശല്യം സഹിച്ചു വേണം ഇതുവഴി സഞ്ചരിക്കാൻ. ചില്ലറ മദ്യ വില്പനയ്ക്ക് പുറമെ, കഞ്ചാവും പാൻമസാലയും ഇവിടെ യഥേഷ്ടം കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ഏതാനും മീറ്റർ മാറി പ്രധാന റോഡിന്റെ ഓരത്ത് ഡിവൈ.എസ്.പി ഓഫീസും ജനമൈത്രി പൊലീസ് സ്റ്റേഷനും പ്രവർത്തിക്കുന്നുണ്ടെങ്കിലും ഒരുദിവസം പോലും രാത്രി പട്രോളിംഗ് ഉണ്ടായിട്ടില്ലത്രേ.