വിഴിഞ്ഞം: തിയേറ്റർ ജംഗ്ഷനിലെ ആട്ടോറിക്ഷാസ്പെയർ പാർട്സ് കടയിലെ മോഷണക്കേസിലെ പ്രതി തിരുവല്ലം ഉണ്ണിയുടെ ഭാര്യ പിടിയിൽ.ഒറ്റശേഖരമംഗലം തകിടി പൂഴനാട് വിഷ്ണുഭവനിൽ തിരുവല്ലം ഉണ്ണി എന്നു വിളിക്കുന്ന ഉണ്ണികൃഷ്ണന്റെ ഭാര്യ ഷീബ എന്നു വിളിക്കുന്ന അനിതകുമാരി (33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 18 ന് രാത്രിയാണ് മോഷണം നടന്നത്. സ്പെയർ പാർട്സ് കടയിലെ കെട്ടിടത്തിന്റെ ഗേറ്റ് പൊളിച്ച് കോമ്പൗണ്ടിൽ കയറിയ പ്രതി കടയുടെ പൂട്ടു പൊളിച്ച് അകത്തു കയറി സ്പെയർ പാർട്സുകളും മേശയിൽ സൂക്ഷിച്ചിരുന്ന 1500 രൂപയും ഉൾപ്പെടെ ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു. മോഷണം നടത്തിയ വസ്തുക്കൾ ഇരുവരും ചേർന്നാണ് വില്പന നടത്തിവന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ തിരുവല്ലം വണ്ടിത്തടം ഭാഗത്ത് കാറിൽ എത്തിയിട്ടുള്ളതായി വിവരം ലഭിച്ച പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും ഡ്രൈവർ സീറ്റിൽ ഇരുന്ന ഉണ്ണി കാറിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഭാര്യയെ പൊലീസ് പിടികൂടി. വിഴിഞ്ഞം പൊലീസ് ഇൻസ്പെക്ടർ ടി.ആർ.ജിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ തൃദീപ് ചന്ദ്രൻ, എ.എസ്.ഐമാരായ മോഹനൻ, എഡ്‌വിൻ, സി.പി.ഒമാരായ ജോസ്, കൃഷ്ണകുമാർ, അജി, ഡബ്ലിയു സി.പി.ഒ രജിത എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഉണ്ണിക്കു വേണ്ടി തെരച്ചിൽ ഊർജ്ജിതമാക്കിയെന്നും കോടതിയിൽ ഹാജരാക്കിയ അനിതകുമാരിയെ റിമാൻഡ് ചെയ്തെന്നും പൊലീസ് പറഞ്ഞു.