postal-voting

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ വോട്ടുകളുടെ ശേഖരണത്തിലും വിനിയോഗത്തിലും തിരിമറി നടന്നുവെന്ന ആരോപണത്തിൽ ഇന്റലിജൻസ് വിഭാഗത്തിന്റെ അന്വേഷണം അവസാനഘട്ടത്തിലേക്ക്. എല്ലാ പൊലീസ് ജില്ലകളിലും സംശയ നിഴലിലുള്ള പൊലീസ് അസോസിയേഷൻ നേതാക്കളെയും പോസ്റ്റൽ വോട്ടുകൾ ക്രോഡീകരിക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്ന അഡി. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെയും നേരിൽകണ്ടാണ് വിവരശേഖരണം നടത്തുന്നത്. ജില്ലാ തലങ്ങളിൽ നിന്നുള്ള റിപ്പോർട്ടിലെ വിവരങ്ങളും തെളിവുകളും സഹിതം സംസ്ഥാന ഇന്റലിജൻസ് മേധാവി ടി.കെ വിനോദ് കുമാർ രണ്ടുദിവസത്തിനകം പൊലീസ് മേധാവിക്ക് റിപ്പോ‌ർട്ട് സമർപ്പിക്കും.

തിരഞ്ഞെടുപ്പ് ജോലിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ വോട്ടുകൾ ഇടത് അനുകൂല അസോസിയേഷൻ നേതാക്കൾ സ്വീകരിച്ചു എന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് സംഭവം അന്വേഷിക്കാൻ ഇന്റലിജൻസിന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകിയത്. പൊലീസ് മേധാവിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമായി അസോസിയേഷൻ നേതാക്കൾ ബാലറ്റുകൾ സ്വീകരിക്കുന്നതായും അവരുടെ ഇഷ്ടാനുസരണം വോട്ട് ചെയ്യുന്നതായും ആരോപണം നേരത്തെ ഉയർന്നിരുന്നു. സർക്കാർ ജീവനക്കാരുടേയും പൊലീസുകാരുടേയും പോസ്റ്റൽ ബാലറ്റിൽ തിരിമറി നടക്കുന്നുവെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് 'ഫ്ളാഷാ'ണ്.

55,000ത്തിൽ അധികം പൊലീസുകാരാണ് തിരഞ്ഞെടുപ്പ് ജോലിയ്ക്ക് ഉണ്ടായിരുന്നത്. ഇവരിൽ 90ശതമാനം പേരും തപാൽ വോട്ടാണ് ചെയ്തത്. ഒന്നിലധികം തപാൽ വോട്ടുകൾ ഒരേ മേൽവിലാസത്തിൽ എത്തി എന്നതും സ്ഥലംമാറ്റമുൾപ്പെടെയുള്ള ഭീഷണികൾ മുഴക്കിയും സമ്മർദ്ദം ചെലുത്തിയുമാണ് തപാൽ വോട്ടുകൾ ശേഖരിച്ചതെന്ന ആരോപണങ്ങളും അന്വേഷണ പരിധിയിലുണ്ട്. ഇന്റലിജൻസ് മേധാവി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഡി.ജി.പി വിശദീകരണം നൽകും.

''ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എല്ലാ പൊലീസ് ജില്ലകളിലും കാര്യമായ അന്വേഷണം നടക്കുന്നുണ്ട്. ഇന്റലിജൻസ് മേധാവിയിൽ നിന്ന് ഇതുസംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചാലേ ആരോപണങ്ങളിൽ കഴമ്പുണ്ടോയെന്ന് പറയാനാകൂ. രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് ലഭിക്കുമെന്നാണ് കരുതുന്നത്. പൊലീസുകാരുടെ ഭാഗത്തുനിന്ന് നിയമവിരുദ്ധമായ ഇടപെടലുകൾ ഉണ്ടായതായി ബോദ്ധ്യപ്പെട്ടാൽ കർശന നടപടി എടുക്കും.

ലോക് നാഥ് ബെഹ്റ, ഡി.ജി.പി.