vote

കണ്ണൂർ: കത്തിനിൽക്കുന്ന കള്ളവോട്ട് വിവാദത്തിൽനിന്ന് യു.ഡി.എഫ് തലയൂരാൻ ശ്രമിക്കുന്നതായി സൂചന. സി.പി.എം പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവർ കള്ളവോട്ട് കേസിൽ ഉൾപ്പെട്ടതോടെ പ്രതിരോധത്തിലായ സി.പി.എം മുസ്ലിംലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നതാണ് യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കുന്നത്. വിവിധ കേന്ദ്രങ്ങളിലെ യു.ഡി.എഫ് കള്ളവോട്ട് വിവരങ്ങൾ പരമാവധി ശേഖരിക്കാനുള്ള നീക്കം സി.പി.എം ആരംഭിച്ചിട്ടുണ്ട്.

ഇക്കാര്യത്തിൽ യു.ഡി.എഫിന് എത്രമാത്രം തെളിവുകൾ ശേഖരിക്കാൻ കഴിയുമെന്ന കാര്യത്തിൽ മുന്നണിക്കകത്ത് ആശങ്കയുണ്ടെന്നറിയുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലായി 300ലധികം സി.പി.എം കേന്ദ്രങ്ങളിൽ കള്ളവോട്ട് നടന്നതായി ആരോപണം മുന്നണി ഉന്നയിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ തെളിവുകൾ ശേഖരിച്ച് പരാതി നല്കാൻ കഴിയുമോയെന്നാണ് ആശങ്കയുയരുന്നത്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് സഹകരണമുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ല. എന്നാൽ സി.പി.എം ഭരണസ്വാധീനമുപയോഗിച്ച് പരമാവധി തെളിവുകൾ ശേഖരിക്കുന്നതായാണ് മുന്നണിയുടെ വിലയിരുത്തൽ. തെളിവുകൾ ശേഖരിക്കാനായില്ലെങ്കിൽ അത് മുന്നണിക്ക് ദോഷകരമാകുമോയെന്ന ചിന്തയുമുണ്ട് യു.ഡി.എഫിൽ.

പിലാത്തറയിൽ ചെറുതാഴം പഞ്ചായത്ത് അംഗം എൻ.പി. സെലീന, മുൻ പഞ്ചായത്ത് അംഗം കെ.പി. സുമയ്യ, പത്മിനി എന്നിവരുടെ പേരിൽ പരിയാരം പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഇവർ ഇന്ന് പരിയാരം പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്നാണ് ലഭിക്കുന്ന സൂചന. കാസർകോട് ജില്ലയിലെ ചീമേനിയിൽ കള്ളവോട്ടുചെയ്തെന്നു പരാതിയുണ്ടായ കെ. ശ്യാംകുമാറിനെതിരെ കേസെടുക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നല്കിയിട്ടുമുണ്ട്. ഇക്കാര്യങ്ങളാണ് സി.പി.എമ്മിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്. നേരത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും സി.പി.എം പ്രവർത്തകർ കംപാനിയൻ വോട്ടാണ് ചെയ്തതെന്ന മറുവാദമുന്നയിക്കുകയുമായിരുന്നു സി.പി.എം. എന്നാൽ കേസെടുത്തതോടെ പരമാവധി യു.ഡി.എഫ് പ്രവർത്തകർക്കെതിരെയും കേസെടുപ്പിക്കാനുള്ള നീക്കമാണ് സി.പി.എം നടത്തുന്നതെന്ന ചിന്തയിലാണ് യു.ഡി.എഫ്.

യു.ഡി.എഫ് കേന്ദ്രങ്ങളിലെ കൂടുതൽ കള്ളവോട്ട് ദൃശ്യങ്ങളും തെളിവുകളും കണ്ടെത്താൻ പാർട്ടി താഴെക്കിടയിലുള്ള ഘടകങ്ങളോട് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. കാസർകോട് മണ്ഡലത്തിലെ പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂളിലെ 69, 70 ബൂത്തുകളിൽ ലീഗ് പ്രവർത്തകർ ചെയ്ത കള്ളവോട്ടിന്റെ ദൃശ്യങ്ങളാണ് സി.പി.എം ആദ്യം പുറത്ത് വിട്ടത്. പിറകെ കാസർകോട് ജില്ലയിൽ ചിത്താരി, ഉദുമ എന്നിവിടങ്ങളിലെ ലീഗ് പ്രവർത്തകരുടെ വ്യാജ വോട്ട് ദൃശ്യങ്ങളും സി.പി.എം ശേഖരിച്ചു. കള്ളവോട്ടുമായി ബന്ധപ്പെട്ട പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവത്തോടെ സമീപിച്ചതാണ് പ്രശ്നം സങ്കീർണമായത്. പുതിയങ്ങാടിയിൽ കള്ളവോട്ട് ചെയ്ത ലീഗ് പ്രവർത്തകരായ ആഷിഖ് മുഹമ്മദ്, ഫായിസ്, കെ.എം. മുഹമ്മദ് എന്നിവർ ഇന്നലെ കാസർകോട് കളക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ മുന്നിലെത്തി മൊഴികൊടുത്തു. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ വിദേശത്തേക്ക് പോയ എം.എസ്.എഫ് മുൻ സംസ്ഥാന ഭാരവാഹിയായിരുന്ന അബ്ദുൾ സമദ് ഇന്നലെ മൊഴി കൊടുക്കാൻ ഹാജരായിരുന്നില്ല.

ഇയാളുടെ പേരിൽ ഇന്നലെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ഇതോടെയാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ അങ്കലാപ്പിലായത്. വിദേശത്തേക്ക് പോകാൻ തയ്യാറായി നിൽക്കുന്ന ചില ആളുകളുടെ ദൃശ്യങ്ങൾ സി.പി.എം ശേഖരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. കാസർകോട് പള്ളിക്കര ജി.എം.യുപി സ്‌കൂൾ, പള്ളിക്കര ജി.ഡബ്ല്യു.എൽ.പി സ്‌കൂൾ, പള്ളിപ്പുഴ എൽ.പി സ്‌കൂൾ, മേൽപറമ്പിലെ ചന്ദ്രഗിരി ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് മുസ്ലീംലീഗുകാർ വ്യാപകമായി കള്ളവോട്ടുകൾ ചെയ്തതായി വിവരം പുറത്തുവന്നത്. പള്ളിക്കര ജി.ഡബ്ല്യു.എൽ.പി സ്‌കൂൾ 124 ാംബൂത്തിൽ നാട്ടിലില്ലാത്ത 17 പേരുടെ കള്ളവോട്ടാണ് ലീഗുകാർ ചെയ്തതെന്നാണ് സി.പി.എം ആരോപണം. അബ്ദുൽ ഖാദർ ഇസ്മായിൽ, ജലാലൂദ്ദീൻ ഹസൈനാർ, ഫൈസൽ, മുഹമ്മദ് റിസ്വാൻ, പള്ളിക്കര ഹാഷിം, എം. ഹാരിസ്, അബ്ദുൽ ജമാൽ, എൻ.പി. സിദീക്കുൽ അക്ബർ, എൻ.പി ഷംസുദീൻ, സിദീഖ്, മുഹമ്മദ് ശിഹാബ്, അബ്ദുൽ നാസർ, കെ ഹമീദ് കാസീം, എം യൂസഫ്, മജീദ്, എന്നിവരുടെ വോട്ടുകളാണ് ലീഗുകാർ ചെയ്തതതെന്നാണ് കണ്ടെത്തൽ. പള്ളിക്കര ജി.എം.യു.പി സ്‌കൂൾ 125 ാംബൂത്തിൽ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്ത ഹംസ, ഫാത്തിമ എന്നിവരുടെ വോട്ടുകൾ രേഖപ്പെടുത്തിയെന്നും പറയുന്നു. മേൽപറമ്പ് ചന്ദ്രഗിരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 8, 10, 11 ബൂത്തുകളിലും ലീഗുകാർ വ്യാപകമായി കള്ളവോട്ട് ചെയ്തതായും സി.പി.എം ആരോപണമുണ്ട്. ബൂത്ത് എട്ട്, 11 ൽ എന്നിവിടങ്ങളിലും കള്ളവോട്ടുണ്ടായി.

കേസ് സങ്കീർണമായാൽ ഇരുപക്ഷത്തിനും വലിയ വില നൽകേണ്ടി വരും. മാത്രമല്ല വ്യാജവോട്ട് ചെയ്ത പ്രവർത്തകരെ പ്രത്യക്ഷത്തിൽ സംരക്ഷിക്കാൻ കഴിയില്ലെന്ന് മാത്രമല്ല, തള്ളിപ്പറയേണ്ടിയും വരും. തങ്ങളുടെ ഭാഗത്തുനിന്ന് ആരെങ്കിലും കള്ളവോട്ട് ചെയ്തിട്ടുണ്ടെങ്കിൽ നടപടി എടുക്കാൻ മടിയില്ലെന്ന് കെ. സുധാകരൻ ഇന്നലെ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞിരുന്നു.