ഭുവനേശ്വർ: ഒഡീഷയുടെ തീരപ്രദേശങ്ങൾ ഫോനി ആഞ്ഞടിച്ചതോടെ ആറ് പേർ മരിച്ചു. 200 മുതൽ 245 കിലോമീറ്റർ വരെ വേഗതയിലാണ് ഒഡീഷയിലെ പുരി തീരത്ത് രാവിലെ മുതൽ കാറ്റുവീശിത്തുടങ്ങിയതെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. തുടർന്ന് കാറ്റിന്റെ തീവ്രത 175 കിലോമീറ്ററിലേക്ക് കുറയുകയായിരുന്നു. കരതൊട്ടശേഷം തീവ്രത കുറഞ്ഞ് ഒഡീഷ തീരത്തുനിന്ന് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കും ഫോനി നീങ്ങും.
ഒഡീഷാ തീരം തൊട്ട ഫോനി 200 കിലോമീറ്റർ വേഗതയിൽ പുരി നഗരത്തിന് സമീപം ഗോപാൽപൂർ, ചന്ദ്ബലി തീരങ്ങളിലാണ് ആഞ്ഞടിച്ചത്. ഒഡീഷ തീരത്ത് കടൽ അതീവ പ്രഷുബ്‌ധമായി. വൈദ്യുതിബന്ധം താറുമാറായി. ഇതോടെ ഒഡീഷയിലെ 9 ജില്ലകൾക്കു പുറമേ ആന്ധ്രാപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിലെ 10 ജില്ലകളിൽ കൂടി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.ഫാനി കനത്ത നാശം വിതയ്ക്കുമെന്ന ഐ.എം.ഡി മുന്നറിയിപ്പിനെ തുടർന്ന് രക്ഷാപ്രവർനത്തിനായി ദേശീയ - സംസ്ഥാന ദുരന്തനിവാരണ സേനയുടെ 28 സംഘങ്ങൾ രംഗത്തുണ്ട്.
ഒഡീഷ തീരത്ത് പെയ്യുന്ന കനത്ത മഴ രക്ഷാപ്രവർത്തനങ്ങളെ ദുസഹമാക്കുകയാണ്. 15 ജില്ലകളിലായി 12 ലക്ഷം പേരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റി പാർപ്പിച്ചു. 900 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 13 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തീരപ്രദേശങ്ങളിൽ നിന്നും ആളുകൾ ഒഴിഞ്ഞുപോകാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഒഡീഷയിലെ ഗൻജം, ഗജപതി, പുരി, ഖുർദ, നയ്ഗഢ്, കട്ടക്, ധെൻകനൽ, ജഗത് സംഗ്പൂർ, കേന്ദ്രപര, ജജ്പൂർ, കിയോഞ്ചർ, ഭദ്രക്, ബാലസോർ, മയൂർഭഞ്ച് തുടങ്ങിയ ജില്ലകളിലെ 10000 ഗ്രാമങ്ങളിലും 54 നഗരങ്ങളിലും ഫാനി വീശിയടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രത്യേക അറിയിപ്പുണ്ടാകുന്നതുവരെ ഒഡീഷാ തീരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കര - നാവിക - വ്യോമസേനകളും കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനത്തിന് സജ്ജമായിരിക്കുകയാണ്. ഒഡീഷയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ നിന്നും ടൂറിസ്റ്റുകളെ അടിയന്തിരമായി ഒഴിപ്പിച്ചു. ആന്ധ്രാ തീരത്ത് നാവിക സേനയുടെ നേതൃത്വത്തിൽ പ്രത്യേക കപ്പലുകളും സജ്ജമാക്കിയിട്ടുണ്ട്.
മുൾമുനയിൽ ആന്ധ്രാ, ബംഗാൾ തീരങ്ങളും
ഒഡീഷയിൽ നാശം വിതച്ചു കൊണ്ടിരിക്കുന്ന ഫാനിയുടെ ദിശ 100 കിലോമീറ്റർ വേഗതയിൽ ബംഗാൾ തീരത്തേക്കും അവിടെ നിന്നും ബംഗ്ലാദേശിലേക്കും നീങ്ങും.
ബംഗാളിൽ കൊൽക്കത്ത ഉൾപ്പെടെയുള്ള നഗരങ്ങൾ ഭീതിയുടെ മുൾമുനയിലാണ്. ആന്ധ്രാതീരത്തും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വിജയനഗരം, വിശാഖപട്ടണം, ശ്രീകാകുളം ഫോനിയുടെ പ്രഭാവം അനുഭവപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കടൽ ക്ഷോഭത്തിനു പുറമേ കന മഴയും ആന്ധ്രാ, ബംഗാൾ തീരങ്ങളിൽ കനത്ത മഴയും ഉണ്ട്.
ഫോനി - വിനാശകാരി
1999ലെ അതിഭീകരമായ ചുഴലിക്കാറ്റിനുശേഷം ഒഡീഷ തീരം കാണുന്ന ശക്തമായ ചുഴലിക്കാറ്റാണ് ഫോനി. ഒഡീഷയിൽ അന്ന് കനത്ത ആഘാതം സൃഷ്ടിച്ച ചുഴലിക്കാറ്റിൽ 10,000 ലേറെ പേരുടെ ജീവനാണ് പൊലിഞ്ഞത്. 20 വർഷങ്ങൾക്കു ശേഷം എത്തിയിരിക്കുന്ന ഫാനി വിതച്ച ഭയത്തിന്റെ മുൾമുനയിൽ ശ്വാസമടക്കി നിൽക്കുകയാണ് ഒഡീഷ.
ഗതാഗതം താറുമാറായി
ഫോനിയുടെ പശ്ചാത്തലത്തിൽ റെയിൽ, വ്യോമ ഗതാഗത സർവീസുകൾ റദ്ദാക്കി. ഇന്നലെ രാത്രി മുതൽ 24 മണിക്കൂർ വരെ ഭുവനേശ്വറിലെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളം, കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളം എന്നിവ അടച്ചിട്ടിരിക്കുകയാണ്. പാട്ന - എറണാകുളം, കൊച്ചുവേളി - ഗുവഹാത്തി, തിരുവനന്തപുരം - സിൽച്ചാർ എക്സ് പ്രസുകൾ ഉൾപ്പെടെ 223 റെയിൽ സർവീസുകൾ റദ്ദാക്കി. ഇതിൽ 83 എണ്ണം പാസഞ്ചർ സർവീസുകളാണ്.