കൊല്ലം: ആഗോള ഭീകരനും അൽക്വയ്ദ തലവനുമായിരുന്ന ഒസാമ ബിൻലാദന്റെ ചിത്രവും പേരും പതിച്ച കാർ പിടിച്ചെടുത്ത സംഭവത്തിൽ കാറിലുണ്ടായിരുന്നവരുടെ മൊബൈൽ ഫോൺ രേഖകൾ പരിശോധിക്കുന്നു. ഇതിനായി സൈബർ സെല്ലിന് വിവരങ്ങൾ കൈമാറി. പള്ളിമുക്ക് സ്വദേശി മുഹമ്മദ് ഹനീഫ് (22), വാഹനം ഓടിച്ചിരുന്ന താന്നി സ്വദേശി ഹരീഷ് (25) എന്നിവരുടെയും ഇവരുടെ സുഹൃത്തുക്കളുടെയും മൊബൈൽ രേഖകളാണ് പരിശോധിക്കുന്നത്. വാട്ട്സ് ആപ്പ് അടക്കമുള്ളവയുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അതിനിടെ കൂടുതൽ അന്വേഷണത്തിന് കേന്ദ്ര സംഘം എത്തുമെന്നും സൂചനയുണ്ട്.
ബിൻലാദന്റെ ചിത്രമുള്ള കാർ പശ്ചിമ ബംഗാൾ സ്വദേശിയായ പ്രവീൺ അഗർവാളിന്റെ പേരിൽ പശ്ചിമബംഗാളിൽ രജിസ്റ്റർ ചെയ്തതാണ്. പ്രവീൺ അഗർവാളിന്റെ വിവരങ്ങളും ഇവിടെ കാറെത്താനുള്ള സാഹചര്യവും പരിശോധിക്കുന്നതായി അന്വേഷണ സംഘം അറിയിച്ചു. ഒരു വർഷം മുൻപ് ബംഗളുരു സ്വദേശിയാണ് പ്രവീൺ അഗർവാളിൽ നിന്ന് കാർ വാങ്ങിയതെന്നും പിന്നീട് ഇവിടേക്ക് മറിച്ചുവിറ്റതാണെന്നാണ് മുഹമ്മദ് ഹനീഫും ഹരീഷും പൊലീസിനോട് പറഞ്ഞത്. അന്യ സംസ്ഥാനത്ത് നിന്ന് വാങ്ങുന്ന വാഹനം ആറ് മാസത്തിനകം രജിസ്ട്രേഷൻ മാറ്റണമെന്ന നിബന്ധന പാലിച്ചിരുന്നില്ല. രജിസ്ട്രേഷൻ മാറ്റാനുള്ള അപേക്ഷയും നൽകിയിട്ടില്ല. മുഹമ്മദ് ഹനീഫിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം.
കാർ കസ്റ്റിഡിയിൽ വച്ചുകൊണ്ട് മുഹമ്മദിനെയും ഹരീഷിനെയും വിട്ടയച്ചുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഇന്ന് രാവിലെ വ്യക്തമാക്കിയത്. എന്നാൽ അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ട്. ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രത പുലർത്തുന്നതിനിടെയാണ് ബിൻലാദന്റെ ചിത്രം പതിച്ച കാർ ആഴ്ചകളായി നിരത്തിൽ ഓടിയത്. കാറിന്റെ ചിത്രം സഹിതം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും വലിയ ചർച്ചയാവുകയും ചെയ്തെങ്കിലും പൊലീസും രഹസ്യാന്വേഷണ വിഭാഗവും ഗൗരവത്തിലെടുത്തില്ല.
ഡി.ജി.പിയ്ക്കടക്കം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കാർ കസ്റ്റഡിയിലെടുക്കാൻ ഇന്നലെ നിർദ്ദേശമുണ്ടായത്. ഹരീഷിന്റെ സുഹൃത്തിന്റെ വിവാഹമായിരുന്നു ഇന്നലെ. വരൻ ഈ കാറിലാണ് ഓഡിറ്റോറിയത്തിലെത്തിയത്. ഇവിടെയുണ്ടായിരുന്നവർ സിറ്റി പൊലീസ് കമ്മീഷണറെ വിവരം അറിയിക്കുകയും വിവാഹ ശേഷം വധൂവരൻമാർ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വധൂവരൻമാരെ മറ്റൊരു വാഹനത്തിൽ കയറ്റിവിട്ട ശേഷമാണ് മുഹമ്മദ് ഹനീഫിനെയും ഹരീഷിനെയും കാർ സഹിതം ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്.