crime

കൊച്ചി : ട്രെയിനുകളിലെ എ.സി കമ്പാർട്ട്‌മെന്റുകളിൽ മാത്രം കവർച്ച പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് പള്ളുരുത്തി കെ.പി.എം നഗറിൽ പാമ്പ് നാസർ എന്ന നാസറിനെ (45) കോടതി റിമാൻഡ് ചെയ്തു. എ.സി കമ്പാർട്ട്‌മെന്റുകളിൽ കവർച്ച പതിവായതോടെ റെയിൽവേ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. ഇവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പാമ്പ് നാസർ കുടുങ്ങിയത്. വിലകൂടിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ മോഷ്ടിച്ച് മറിച്ച് വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു അറസ്റ്റ്.

വെളുത്ത വസ്ത്രം മാത്രം ധരിച്ച് മാന്യനായെത്തുന്ന ഇയാൾ ജനറൽ ടിക്കറ്റെടുത്ത് ട്രെയിനിൽ കയറി ടിക്കറ്റ് പരിശോധകരെ സമീപിച്ച് എ.സി കോച്ചുകളിലേക്ക് ടിക്കറ്റ് മാറ്റുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ പശ്ചിമ കൊച്ചിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി സാമ്പത്തിക തട്ടിപ്പുൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. എറണാകുളം റെയിൽവെ സർക്കിൾ ഇൻസ്‌പെക്ടർ അജി. ജി നാഥിന്റെ നേതൃത്വത്തിൽ എസ്.ഐ ആന്റണി, എ.എസ്.ഐ അജയ് കുമാർ, ജി. മനോജ്, അനിൽ സെബാസ്റ്റ്യൻ, ശ്യാം, വിലാസ്, സുരേഷ്, അൻസിൽ, വിപിൻ, ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഒറ്റ ദിവസം നിരവധി കവർച്ച
മാർച്ച് 24 ന് മംഗലാപുരം തിരുവനന്തപുരം എക്സ് പ്രസിൽ യാത്ര ചെയ്ത അയ്യപ്പൻ എന്നയാളുടെ ലാപ്‌ടോപ്പും ഐഫോണുകളും ഉൾപ്പെട്ട ബാഗ് തട്ടിയെടുത്ത ഇയാൾ അതേദിവസം ചെന്നൈ എഗ്മൂർ ട്രെയിനിൽ തിരുവനന്തപുരത്ത് നിന്ന് യാത്ര ചെയ്ത സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥ ബ്ളെസിയുടെ ലാപ്‌ടോപ്പ്, കാമറ, ഔദ്യോഗിക വിവരങ്ങളടങ്ങിയ പെൻഡ്രൈവുകൾ തുടങ്ങിയവയും മോഷ്ടിച്ചു. ഏപ്രിൽ 27 ന് മാവേലി എക്സ് പ്രസ് ട്രെയിനിലെ എ.സി കോച്ചിൽ യാത്ര ചെയ്തിരുന്ന നബാർഡ് ഡി.ജി.എം രഞ്ജിത്ത്കുമാറിന്റെ ലാപ്‌ടോപ്പ്, മൊബൈൽ, പാസ്‌പോർട്ട്, ടാബ് എന്നിവയടങ്ങിയ ബാഗുമായി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് പ്രതിയെ കണ്ടെത്താൻ റെയിൽവെ പൊലീസ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകിയത്.