കുഴിത്തുറ: ഏഷ്യയിലെ ഏറ്റവും വലിയ തൊട്ടിപ്പാലമായ മാത്തൂർ തൊട്ടിപ്പാലം കാണാൻ സഞ്ചാരികളുടെ തിരക്കേറുന്നു. കനാലിലെ വെള്ളം ആറ്റിൽ കലരാതെ കൊണ്ടുപോകാൻ നിർമ്മിച്ചതാണ് ഈ തൊട്ടിപ്പാലം. കേരള - തമിഴ്‌നാട് അതിർത്തിയായ കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിന് സമീപമാണ് മാത്തൂർ തൊട്ടിപ്പാലം സ്ഥിതിചെയ്യുന്നത്. കന്യാകുമാരിയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണിത്. തൊട്ടിയുടെ രൂപം കാരണമാണ് ഈ പേര് ലഭിച്ചത്. ചിറ്റാർ അണയിൽനിന്ന് തേങ്ങാപ്പട്ടണം വരെയുള്ള ഭാഗങ്ങളിൽ ജലമെത്തിക്കാൻ പട്ടണം കനാൽ നിർമ്മിക്കുമ്പോൾ മാത്തൂർ ഭാഗത്തുള്ള പറളിയാറ് കടക്കുന്നതു പ്രതിസന്ധിയായി. തുടർന്ന് അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി കാമരാജിന്റെ നിർദ്ദേശപ്രകാരം കനാൽ വെള്ളം തൊട്ടിപ്പാലംവഴി കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. 1962ൽ ആരംഭിച്ച പാലം പണി ഏഴുവർഷം കൊണ്ടാണ് പൂർത്തിയായത്. തൊട്ടിപ്പാലത്തിലേക്കുള്ള ജലം പേച്ചിപ്പാറയിൽ നിന്നും ചിറ്റാറിൽ നിന്നും കോതയാർ ചാനൽ വഴിയാണ് എത്തുന്നത്. തുടർന്ന് ചെങ്കൊടി വടക്കുനാട് പാലങ്ങൾ വഴി തേങ്ങാപ്പട്ടണത്തിലെത്തുന്നു. മാത്തൂർ തൊട്ടിപ്പാലം വഴിയെത്തുന്ന വെള്ളം ജില്ലയിലെ വിളവൻകോട്, കൽക്കുളം താലൂക്കുകളിലാണ് ഉപയോഗിക്കുന്നത്. പാലത്തിന്റെ നിർമ്മാണ രീതിയും പറളിയാറും മാത്തൂരിലെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളാകുകയാണ്.
പാലത്തിന് 50 വയസ്
-----------------------------------------------
പറളിയാറിന്റെ ഇരുകരയിലുമുള്ള കണിയാൻ പാറയ്ക്കും കൂട്ടുവായു പാറയ്ക്കും ഇടയിലാണ് തൊട്ടിപ്പാലം പണിതത്. 384 മീറ്റർ നീളത്തിൽ നിർമ്മിച്ചിട്ടുള്ള പാലത്തിൽ കനാലും അതിന് സമീപം നടന്നുചെല്ലാനുള്ള പാതയുമുണ്ട്. 209 ഘന അടി വെള്ളം പോകാൻ കഴിയും. ഇവിടേക്ക് തിരുവനന്തപുരത്ത് നിന്നും 60 കിലോമീറ്റർ ദൂരമുണ്ട്. മാർത്താണ്ഡംവഴി തിരുവട്ടാറിലെത്തിയാൽ മൂന്ന് കി.മീ അകലെയാണ് മാത്തൂർ തൊട്ടിപ്പാലം. പദ്മനാഭപുരം കൊട്ടാരത്തിൽനിന്ന് 14 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. തൃപ്പരപ്പിൽ നിന്ന് 10 കിലോമീറ്റർ അകലെയാണിത്.