social-media

വാഷിംഗ്ടൺ: ബിക്കിനി ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ചതിന് സഹിക്കേണ്ടിവന്ന അപമാനം ചില്ലറയല്ല. സഹിച്ച് മടുത്തപ്പോൾ പൂഴിക്കടകനെടുത്തു. അപമാനിച്ചവരുടെ ചാറ്റുകൾ മുഴുൻ പുറത്തുവിട്ടു.അതോടെ അപമാനിക്കാൻ ശ്രമിച്ചവരൊക്കെ വാലുംപൊക്കി ഓടി. ക്ളൂവെയ്സ് ഹോർട്ടൺ എന്ന യുവതിയാണ് അസാമാന്യ ധൈര്യം കാട്ടിയത്.

34000 ഫോളവേഴ്സുള്ള ഇൻസ്റ്റാഗ്രാമിലെ സൂപ്പർ താരമാണ് ക്ളൂവെയ്സ്.ഒരു ബിക്കിനി ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതോടെയാണ് രൂക്ഷമായ ആക്രമണത്തിന് ഇരയായത്. തടിച്ചി,ഗുസ്തിക്കാരി എന്നുതുടങ്ങി അവയവങ്ങുടെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്ന തരത്തിലായി കമന്റുകൾ. പുരുഷന്മാർ മാത്രമല്ല സ്ത്രീകളും കളിയാക്കലിന് മുന്നിലുണ്ടായിരുന്നു. കേട്ടാൽ അറയ്ക്കുന്ന തരത്തിൽ ഏറ്റവും മാരകമായി കളിയാക്കിയതും അവരായിരുന്നു. ഉറ്റ സുഹൃത്തുക്കൾ പോലും ഇതിലുണ്ടായിരുന്നു.

കമന്റുകൾ കണ്ട് സഹികെട്ടതോടെയാണ് അനുഭവങ്ങൾ തുറന്നുപറയാനും പകൽമാന്യന്മാരുടെ തനിനിറം പുറത്തുകൊണ്ടുവരാനും തീരുമാനിച്ചത്. എന്തുവന്നാലും പിന്തിരിയില്ലെന്നും ഉറപ്പിച്ചു. അനുഭവങ്ങൾ തുറന്നുപറഞ്ഞതോടെ പിന്തുണ ഏറി. ചാറ്റുകൾ പരസ്യമാക്കിയതോടെ പിന്തുണ ശക്തമായി. മറ്റുള്ളവർ നന്നായി നടക്കുന്നതും നല്ലവേഷംധരിക്കുന്നതും സഹിക്കാൻ കഴിയാത്തവരാണ് മോശം കമന്റുമായി എത്തുന്നത്. സ്വന്തം ശരീരത്തിന്റെ സൗന്ദര്യംപോലും ഇവർക്ക് കാണാനോ ആസ്വദിക്കാനോ കഴിയുന്നില്ല-ഇതായിരുന്നു ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. അസൂയക്ക് ഇതുവരെ മരുന്നുകണ്ടുപിടിച്ചിട്ടില്ലെന്നും അതിനാൽ മോശം കമന്റുകൾ ശ്രദ്ധിക്കാതെ ധൈര്യപൂർവം മുന്നോട്ടുപോകാനും ചിലർ ഉപദേശിക്കുന്നുണ്ട്.