കിളിമാനൂർ: പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തി വരുന്ന ഡിപ്ലോമ ഇൻ ലാംഗ്വേജ് എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) എൽ.പി, യു.പി തലത്തിലുള്ള രണ്ട് വർഷ അദ്ധ്യാപക പരിശീലന കോഴ്സായി പരിഷ്കരിച്ച് ഉത്തരവിറക്കിയ സാഹചര്യത്തിൽ കോഴ്സ് അടുത്ത അദ്ധ്യായന വർഷം ആരംഭിക്കുന്നതിനും, കോഴ്സ് സംബന്ധമായ ആശങ്കകൾ അകറ്റുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി. ഡി.എൽ.എഡ് കോഴ്സ് പഠിക്കുന്നതിനാവശ്യമായ പഠന സൗകര്യം സംസ്ഥാനത്തെ എല്ലാ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങളിലും ആരംഭിക്കണം, നിലവിലുള്ള ഡി.എൽ.എഡ് ഒരു വർഷ കോഴ്സ് പാസായവരെയും ഈ വർഷം പഠിച്ച് കൊണ്ടിരിക്കുന്നവരെയും മുമ്പാണ്ടായിരുന്ന എല്ലാ ആനുകൂല്യങ്ങൾക്കും തുടർന്നും പരിഗണിക്കണം. എൽ.പി, യു.പി ഭാഷാദ്ധ്യാപകരാകുന്നതിന് രണ്ട് വർഷ പരിശീലന കോഴ്സ് ആദ്യമായി ആരംഭിക്കുന്നതിനാൽ പരിശീലനം കഴിഞ്ഞ് ആദ്യ ബാച്ച് പുറത്തിറങ്ങുന്നത് വരെയുള്ള നിയമനങ്ങളിൽ നിലവിലുള്ള എൽ.പി, യു.പി യോഗ്യതയുള്ളവരെ പരിഗണിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്നും കെ.എ.എം.എ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഒഴിഞ്ഞ് കിടക്കുന്ന എല്ലാ അറബി അദ്ധ്യാപക തസ്തികകളിലും റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമനം നടത്തുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, സെക്രട്ടറിമാരായ എസ്. നിഹാസ്, എ. മുനീർ, ജില്ലാ ഭാരവാഹികളായ ആരിഫ്, ഷെഫീർ ഖാസിമി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.