ponmudi

 2 എസ്.ഐമാരുൾപ്പെടെ 4 പേർക്ക് സസ്പെൻഷൻ

 മദ്യസേവയ്ക്ക് 2 വില്ലേജ് ഓഫീസർമാരും

 പിടിച്ചത് എസ്.പി മിന്നൽ പരിശോധനയിൽ

തിരുവനന്തപുരം: പൊലീസിന്റെ വയർലെസ് സംവിധാനം നിയന്ത്രിക്കുന്ന പൊൻമുടിയിലെ വയർലെസ് റിപ്പീറ്റർ സ്റ്റേഷനുള്ളിലെ അതിസുരക്ഷാമേഖലയിൽ സ്റ്റേഷൻ ഇൻ-ചാർജടക്കം രണ്ട് എസ്.ഐമാരുടെ നേതൃത്വത്തിൽ മദ്യസൽക്കാരം. മദ്യസേവയ്ക്കെത്തിയ രണ്ട് വില്ലേജ് ഓഫീസർമാർ ഉൾപ്പെടെ അഞ്ചു പേരെ മിന്നൽപരിശോധനയിൽ ടെലികമ്മ്യൂണിക്കേഷൻ എസ്.പി എച്ച്. മഞ്ജുനാഥ് കൈയോടെ പിടികൂടി. രണ്ട് എസ്.ഐമാരടക്കം നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.

എസ്.പിയെ കണ്ട് ഒരു എസ്.ഐ സ്റ്റേഷന്റെ പിന്നിലൂടെ ഇറങ്ങിയോടി. വ്യാഴാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. റിപ്പീറ്റർ സ്റ്റേഷന്റെ ഇൻ-ചാർജും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ടെലികമ്മ്യൂണിക്കേഷൻ ജില്ലാ കമ്മിറ്റി ട്രഷററുമായ ഐ.ആർ. റെജി, എറണാകുളത്തെ ടെലികമ്മ്യൂണിക്കേഷൻ എസ്.ഐ അനിൽകുമാർ എന്നിവരാണ് അഞ്ചംഗസംഘത്തെ സൽക്കാരത്തിനെത്തിച്ചത്.

തിരുവല്ലം വില്ലേജ് ഓഫീസർ വർക്കല മടവൂർ മനോജ് ഭവനിൽ മനോജ്, ചെമ്മരുതി വില്ലേജ് ഓഫീസർ ചെമ്മരുതി സ്വദേശി ജോജോ സത്യദാസ്, പട്ടാമ്പി കോ-ഓപ്പറേറ്റീവ് സൊസൈറ്റി മാനേജർ പാലക്കാട് കൊപ്പം പള്ളിക്കര വീട്ടിൽ ഇബ്നു ഷറഫത്ത്, ബിസിനസുകാരും പട്ടാമ്പി സ്വദേശികളുമായ നാസർ, ഉണ്ണിക്കൃഷ്‌ണൻ എന്നിവർ എസ്.ഐമാർക്കൊപ്പം പൊലീസുകാർക്കല്ലാതെ പ്രവേശനമില്ലാത്ത സ്റ്റേഷനുള്ളിൽ കടന്ന് മദ്യസേവ നടത്തുകയായിരുന്നു. പൊന്മുടി പൊലീസിനെ വിളിച്ചുവരുത്തിയാണ് അഞ്ചുപേരെയും അറസ്റ്റ് ചെയ്യാൻ എസ്.പി ആവശ്യപ്പെട്ടത്. സുരക്ഷാമേഖലയിൽ അതിക്രമിച്ചു കടന്നതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും ഇവർക്കെതിരെ കേസെടുത്തു. അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

മദ്യസേവയും പാട്ടും ആട്ടവുമായി രംഗം കൊഴുക്കവേയാണ് എസ്.പി എത്തിയത്. എസ്.ഐമാരും ഗാർഡുമാരും ഡ്യൂട്ടിയിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് എസ്.പിക്ക് നേരിട്ട് ബോദ്ധ്യമായി. വയർലെസ് സെന്ററിൽ ഡ്യൂട്ടിയുണ്ടായിരുന്ന ടെലികമ്മ്യൂണിക്കേഷനിലെ പൊലീസുകാരായ സതീഷ് ശിവനാരായണൻ, ശ്യാം ജോർജ് എന്നിവരെ എസ്.പി മഞ്ജുനാഥും എസ്.പിയുടെ ശുപാർശ അംഗീകരിച്ച് എസ്.ഐമാരായ അനിൽകുമാർ, റെജി എന്നിവരെ ക്രൈം റെക്കാഡ്സ് ബ്യൂറോ ഡയറക്ടർ കെ. പദ്മകുമാറുമാണ് സസ്പെൻഡ് ചെയ്തത്. സ്റ്റേഷനിൽ ഗാർഡ് ഡ്യൂട്ടിയുണ്ടായിരുന്ന റൂറൽ എ.ആർ ക്യാമ്പിൽ നിന്നുള്ള എല്ലാ പൊലീസുകാരെയും സസ്പെൻഡ് ചെയ്യാൻ റൂറൽ എസ്.പിക്ക് അദ്ദേഹം നിർദ്ദേശം നൽകി. അതേസമയം, മദ്യസൽക്കാരം നടക്കുമ്പോൾ സ്റ്റേഷനിൽ ഗാർഡുമാർ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്ന് പൊന്മുടി പൊലീസ് പറഞ്ഞു.

മദ്യസൽക്കാരത്തിൽ പങ്കെടുത്ത എല്ലാ പൊലീസുകാരെയും കേസിൽ പ്രതിയാക്കുമെന്ന് ക്രൈം റെക്കാഡ്സ് ബ്യൂറോ ഡയറക്ടർ കെ.പദ്മകുമാർ പറഞ്ഞു.

തന്ത്രപ്രധാന കേന്ദ്രം

പൊന്മുടിയിലെ ഏറ്റവും ഉയരമുള്ള അപ്പർ സാനിറ്റോറിയത്തിന് മുകളിലാണ് പൊലീസിന്റെ വയർലെസ് സ്റ്റേഷൻ. വയർലെസ് സന്ദേശങ്ങൾ ബൂസ്റ്റ് ചെയ്ത് എല്ലായിടത്തേക്കും പ്രക്ഷേപണം ചെയ്യുന്നത് ഇവിടെ നിന്നാണ്. ആറുദിവസം തുടർച്ചയായാണ് ഡ്യൂട്ടിയെന്നതിനാൽ പൊലീസുകാർക്ക് വിശ്രമത്തിനും ഭക്ഷണം പാചകം ചെയ്യാനും കേന്ദ്രത്തിൽ സംവിധാനമുണ്ട്.