ലക്നൗ: കാലം മാറുന്നതിനനുസരിച്ച് എല്ലാത്തിന്റെയും കോലം മാറും.മോഷണത്തിന്റെയും. വ്യത്യസ്ത രീതിയിൽ നടത്തിയ മോഷണത്തിന്റെ ഞെട്ടലിൽനിന്ന് ലക്നൗവിലെ ടോൾബൂത്ത് ജീവനക്കാരൻ ഇതുവരെ മോചിതനായിട്ടില്ല.ഒറ്റമിനിട്ടുകൊണ്ട് കുരങ്ങൻ കവർന്നത് 5000രൂപയാണ്.ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഏറെ തിരക്കുള്ള ടോൾബൂത്തിലായിരുന്നു മോഷണം . ബൂത്തിലിരിക്കുന്ന യുവാവ് മറ്റൊന്നും ശ്രദ്ധിക്കാതെ അതിവേഗം ജോലിചെയ്യുന്നു. ഇൗ സമയം ടോൾ ബൂത്തിനരികിൽ വെളുത്ത നിറത്തിലുള്ള കാർ വന്നുനിൽക്കുന്നത് വീഡിയാേയിൽ കാണാം. കാറിൽ നിന്നിറങ്ങിയ കുരങ്ങൻ പൊടുന്നനെ ടോൾബൂത്തിലേക്ക് കയറി. അമ്പരന്നുപോയ ജീവനക്കാരൻ കുരങ്ങനെ തടയാൻ ശ്രമിക്കുന്നുണ്ട്. ഇതാെന്നും കൂസാത്ത കുരങ്ങൻ മേശയിൽ പണം സൂക്ഷിച്ചിരുന്ന ട്രേയിൽ നിന്ന് ഒരുകെട്ട് നോട്ടുമെടുത്ത് വീണ്ടും കാറിലേക്ക് മടങ്ങി. ഉടൻ കാർവേഗത്തിലോടിച്ചു പോകുകയും ചെയ്തു. എല്ലാം ഒരുമിനിട്ടുകൊണ്ട് കഴിഞ്ഞു. കാർ കണ്ടുപിടിക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ കാർ കണ്ടുപിടിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. കുരങ്ങന്മാരെ ഉപയോഗിച്ച് ടോൾബൂത്തുകളിൽ നേരത്തേയും മോഷണം നടന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മോഷണത്തെക്കുറിച്ചുള്ള വാർത്ത പരന്നതോടെ പ്രദേശത്തെ പെട്രോൾ പമ്പിലെയും ടോൾബൂത്തിലെയും ജീവനക്കാർ ഭയന്നിരിക്കുകയാണ്.