ആറ്റിങ്ങൽ: തിരുവിതാംകൂർ ചരിത്രത്തിന്റെ ഭാഗമായ ആറ്റിങ്ങൽ കൊട്ടാരത്തിൽ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ക്ഷേത്രകലാപീഠം പുനരാരംഭിക്കാൻ തീരുമാനം. കഴിഞ്ഞ ദിവസം നടന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ യോഗത്തിലാണ് തീരുമാനം. കൊട്ടാരത്തിന്റെ തകർച്ചയെക്കുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നാണ് ദേവസ്വം ബോർഡ് ഇടപെട്ടത്. എന്നാൽ ശക്തമായ മഴയിൽ കൊട്ടാരത്തിലെ മുഖമണ്ഡപത്തിലെ ദ്രവിച്ചിരുന്ന ഭാഗം പൊളിഞ്ഞുവീണതിനാൽ കൊട്ടാരത്തിൽ അറ്റകുറ്റപ്പണി അടിയന്തരമായി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബാക്കിയുള്ള ഭാഗം ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കെട്ടിടങ്ങളും ഊട്ടുപുരയും മുഖമണ്ഡവുമുൾപ്പെടുന്ന ഭാഗങ്ങളും തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ അധീനതയിലാണ്. കൊട്ടാരവളപ്പിലെ കെട്ടിടങ്ങളും അറ്റകുറ്റപ്പണികൾ തീർത്ത് ക്ലാസുകൾക്കായി നൽകുമെന്നും ഇതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മരാമത്ത് വിഭാഗത്തെ ചുമതലപ്പെടുത്തിയതായും ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു.
ക്ഷേത്രകലാപീഠം അടുത്ത അദ്ധ്യയനവർഷം
അടുത്ത അദ്ധ്യയന വർഷം മുതൽ ക്ഷേത്രകലാപീഠം പുനരാരംഭിക്കാനാണ് തീരുമാനം. പഞ്ചവാദ്യം, തകിൽ, നാഗസ്വരം എന്നീ ത്രിവത്സര ഡിപ്ലോമ കോഴ്സുകളായിരിക്കും കലാപീഠത്തിൽ നടക്കുക. വൈക്കം ക്ഷേത്ര കലാപീഠത്തിലെ തകിൽ, പഞ്ചവാദ്യം, നാഗസ്വരം എന്നീ കോഴ്സുകളുടെ ഓരോ ബാച്ച് ആറ്റിങ്ങൽ കൊട്ടാരത്തിലേക്ക് മാറ്റിയായിരിക്കും ക്ലാസുകൾ ആരംഭിക്കുക. പുതിയ അപേക്ഷകളും ഇത്തവണ ക്ഷണിക്കും.
ഇനിയും വൈകരുത്
ഗോവണിയും തട്ടും പൊളിഞ്ഞുവീണു
മണ്ഡപക്കെട്ടിലെ മേൽക്കൂര ദ്റവിച്ചു
മണ്ഡപത്തിൽ പലയിടത്തും ചോർച്ച
അകത്തെ ചുമരുകൾക്കും കേടുപാട്
പരിസരം കാടുപിടിച്ച നിലയിലായി