attingal-

തെക്കൻ കേരളത്തിലെ ചെങ്കോട്ടയായ ആറ്റിങ്ങൽ ഇക്കുറിയും ചുവപ്പണിഞ്ഞു തന്നെ നിൽക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ് സിറ്റിംഗ് എം.പി സമ്പത്തിന്റെ ജനകീയതയും പൊതു സ്വീകാര്യതയും അതിന് കരുത്തു പകർന്നതായി മുന്നണി വിലയിരുത്തുന്നു. എന്നാൽ,നിറം മാറ്രത്തിന് മടി കാണിച്ചിട്ടില്ലാത്ത മണ്ഡലം (പഴയ ചിറയിൻകീഴ്) ഇത്തവണ പാറിക്കുക മൂവർണ പതാകയാവുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ ഉറപ്പിക്കുന്നു. കോന്നിയിൽ നിന്നെത്തി ചുവന്ന മണ്ണിനെ ഇളക്കിമറിച്ച് തേരോട്ടം നടത്തിയ അടൂർ പ്രകാശ് അദ്ഭുതം സൃഷ്‌ടിച്ച് പാർലമെന്റിലേക്ക് പടികയറുമെന്ന കാര്യത്തിൽ അവർക്ക് സംശയമേയില്ല. അതേസമയം, ആറ്രിങ്ങൽ ബി.ജെ.പിക്ക് ബാലികേറാ മലയല്ലെന്ന് ഈ തിരഞ്ഞെടുപ്പു ഫലം തെളിയിക്കുമെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ആഞ്ഞുവീശിയ ശബരിമല വികാരവും തീപ്പൊരി നേതാവായ ശോഭാ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വവും ഇടതു- വലത് കോട്ടകളുടെ അസ്തിവാരമിളക്കിയെന്നും അപ്രതീക്ഷിത മുന്നേറ്റം ഇവിടെ താമര വിരിയിച്ചാൽ അദ്ഭുതപ്പെടാനില്ലെന്നും എൻ.ഡി.എയും വിലയിരുത്തുന്നു.

മണ്ഡലത്തിലെ ഏഴ് നിയമസഭാ സീറ്റുകളിലെയും വോട്ടെടുപ്പിന്റെ കണക്കുകൾ കൂട്ടിയും കിഴിച്ചുമാണ് മുന്നണികളുടെ അന്തിമ വിലയിരുത്തൽ .കതിരും പതിരും തിരിച്ചുള്ള കണക്കെടുപ്പിൽ വലിയ പിഴവിന് ഇടയില്ലെന്ന് മൂന്നു മുന്നണികളുടെയും നേതാക്കൾക്ക് ഉറപ്പ്.

എൽ.ഡി.എഫ്

ആറ്റിങ്ങലിൽ ഹാട്രിക് വിജയം തേടുന്ന സമ്പത്തിന് 2014-ൽ ലഭിച്ച ഭൂരിപക്ഷം 69,000-ത്തിലധികമായിരുന്നു. ഈ ഭൂരിപക്ഷം അൽപ്പം കുറഞ്ഞേക്കാമെങ്കിലും സമ്പത്തിനെ ഇത്തവണയും മണ്ഡലം നെഞ്ചേറ്റുമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് എൽ.ഡി.എഫ് കേന്ദ്ര ഇലക്‌ഷൻ കമ്മിറ്റി ചെയർമാൻ വി. ശിവൻകുട്ടി പറയുന്നു.

മണ്ഡലത്തിലെ ഏഴ് നിയമസഭാ സീറ്റിലും കഴിഞ്ഞ തവണ സമ്പത്തിനായിരുന്നു ലീഡ്. ഇതിൽ അരുവിക്കര ഒഴികെ ആറു സീറ്റും നിലവിൽ എൽ.ഡി.എഫിന്റെ കൈവശമാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി ചില മേഖലകളിൽ കൂടുതൽ വോട്ട് പിടിച്ചേക്കും..സി.പി.എമ്മിൽ നിന്നു പോയ മുൻ വനിതാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർത്ഥി. ഇത്തവണ അവരുടെ ഫയർ ബ്രാൻഡ് ലീഡർ സ്ഥാനാർത്ഥിയായത് സൃഷ്‌ടിക്കുന്ന ചലനങ്ങൾ കൂടുതൽ വോട്ടുകൾ നേടിക്കൊടുത്തേക്കും.

ആറ്റിങ്ങൽ, വർക്കല, വാമനപുരം,ചിറയിൽകീഴ്, കാട്ടാക്കട നിയമസഭാ സീറ്റുകളിൽ സമ്പത്ത് ലീഡ് നേടും. അരുവിക്കരയിൽ യു.ഡി.എഫുമായി ഒപ്പത്തിനൊപ്പമാകും. ആറ്റിങ്ങലിൽ 15,000 മുതൽ 20,000 വരെ. ചിറയിൻകീഴിൽ 7000. വർക്കലയിലും വാമനപുരത്തും 5000 വീതം. നെടുമങ്ങാട്ട് 4000. കാട്ടാക്കടയിൽ 2000. അരുവിക്കരയിൽ അൽപ്പം പിന്നിൽപ്പോയാലും കുറഞ്ഞത് 30,000 വോട്ടിന് സമ്പത്ത് വീണ്ടും ജയിച്ചു കയറും.

യു.ഡി.എഫ്

അരുവിക്കരയിലും കാട്ടാക്കടയിലും അടൂർ പ്രകാശ് മികച്ച ലീഡ് നേടും. വർക്കലയിലും വാമനപുരത്തും നെടുമങ്ങാട്ടും ഭേദപ്പെട്ട ലീഡ്. ആറ്റിങ്ങലിലും ചിറയിൻകീഴിലും എൽ.ഡി.എഫിന് അൽപ്പം പിന്നിൽ രണ്ടാമതാവാം. അരുവിക്കര,കാട്ടാക്കട എന്നിവിടങ്ങളിൽ നിന്നായി കുറഞ്ഞത് 15,000 വോട്ടിന്റെ ലീഡ്. വർക്കലയിൽ മൂവായിരവും വാമനപുരത്തും നെടുമങ്ങാട്ടും 2000 വീതവും വോട്ടിന്റെ ലീഡ്. കുറഞ്ഞത് 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയം അടൂർ പ്രകാശിനു തന്നെയെന്ന് യു.ഡി.എഫ് കേന്ദ്ര ഇലക്‌ഷൻ കമ്മിറ്റി ചെയർമാൻ കരകുളം കൃഷ്ണപിള്ള ഉറപ്പിക്കുന്നതിന്റെ അടിസ്ഥാന ഗണിതം ഇതാണ്.

എൻ.ഡി.എ

പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലുള്ള വിജയസാദ്ധ്യതയാണ് സ്ഥാനാ‌ർത്ഥി ശോഭാ സുരേന്ദ്രന്റെ അക്കൗണ്ടിൽ എൻ.ഡി.എ കണക്കുകൂട്ടുന്നത്. കാട്ടാക്കടയിലും നെടുമങ്ങാട്ടും 5000 വോട്ടിന്റെ വീതം ഭൂരിപക്ഷം. ആറ്റിങ്ങലിലും അരുവിക്കരയിലും എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികളുമായി ഒപ്പത്തിനൊപ്പം. വാമനപുരം, വർക്കല,ചിറയിൻകീഴ് നിയമസഭാ സീറ്റുകളിൽ

കഴിഞ്ഞ തവണത്തേതിൽ നിന്ന് വലിയ മുന്നേറ്രം കുറിക്കും- എൻ.ഡി.എ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഭാരി അഡ്വ.സുധീർ കണക്കുകൾ നിരത്തുന്നു.