ബാലരാമപുരം: മഴക്കാലം അരികിലെത്തിയിട്ടും ഗ്രാമപഞ്ചായത്തുകളിലെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ എങ്ങുമെത്തുന്നില്ലെന്ന് പരാതി. ശുചീകരണപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും അവ നടപ്പിലാക്കുന്നതിനും വേണ്ടിയുള്ള ആലോചനായോഗം പോലും ഇതുവരെ ചേർന്നിട്ടില്ലെന്നാണ് ആക്ഷേപം. പല സ്ഥലത്തും മാലിന്യം നിറഞ്ഞിരിക്കുകയാണ്. അതിനാൽ കൊതുക്, ഈച്ച, തെരുവുനായ എന്നിവയുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. ബാലരാമപുരം ദേശീയപാതയിൽ കൊടിനട ജംഗ്ഷനിൽ ഡ്രെയിനേജ് മാലിന്യം പൊട്ടിയൊഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഡ്രെയിനേജ് വെള്ളം ദേശീയപാത വഴി ഒഴുകുന്നതിനെതിരെ വ്യാപക പരാതി ഉയർന്നിട്ടും ഇത് വരെയും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. ദേശീയപാതയുടെ രണ്ടാംഘട്ടമായ പ്രാവച്ചമ്പലം – കൊടിനട വികസനത്തിന്റെ ഭാഗമായി മാത്രമേ കൊടിനട ജംഗ്ഷനും ഓടയും നവീകരിക്കുകയുള്ളൂവെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കൊടിനട വഴി കാൽനടയാത്രക്കാർ നടന്നുപോകുമ്പോൾ മലിനജലം ദേഹത്ത് തെറിക്കുന്നെന്നും ആക്ഷേപമുണ്ട്. വേനൽ മഴ പെയ്തതോടെ വെള്ളം ഒഴുകുന്നതിന്റെ ശക്തി കൂടിയതിനാൽ പകർച്ചവ്യാധികൾ പടരാനുള്ള സാദ്ധ്യത ഏറിയിരിക്കുകയാണ്. ഓടയിൽ മലിനജലം കെട്ടി നിൽക്കുന്ന ഭാഗത്ത് താത്കാലിക സംവിധാനം ഒരുക്കണമെന്നാണ് കച്ചവടക്കാർ ആവശ്യപ്പെടുന്നത്. ബാലരാമപുരം സി.എച്ച്.സിയിൽ പകർച്ചവ്യാധി രോഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം പകർച്ചവ്യാധി ബാധിച്ച് മരണമൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നാണ് സി.എച്ച്.സിയുടെ വിശദീകരണം. മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് എല്ലാ വർഷവും ഫണ്ട് അനുവദിക്കാറുണ്ട്. എന്നാൽ ഇക്കുറി ഇതിനായി യാതൊരുവിധ ഫണ്ടും ഇതേവരെ അനുവദിച്ചിട്ടില്ലെന്ന് മാത്രമല്ല നടപടികളും മന്ദഗതിയിലാണ്. അടിയന്തരമായി മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ നടത്താനുള്ള നടപടികൾ അധികൃതർ കൈക്കൊള്ളണം എന്നതാണ് നാട്ടുകാരുടെ ആവശ്യംഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കടുത്ത ചൂടാണ് ഇക്കുറി അനുഭവപ്പെട്ടത്. ആയതിനാൽ മഴയുടെ തോത് ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.