ഷാർജ: ഓൺലൈൻ ഗെയിമായ പബ്ജി കളിക്കുന്നത് ഭർത്താവ് വിലക്കിയതിന്റെ ദേഷ്യത്തിൽ യുവതി വിവാഹമോചനം ആവശ്യപ്പെട്ടു. യു.എ.ഇയിലാണ് സംഭവം. ഇരുപതുവയസുകാരിയാണ് യുവതി.
ഭാര്യയ്ക്ക് പബ്ജിയോടുള്ള താത്പര്യം കൂടിവരുന്നുണ്ടെന്ന് വ്യക്തമായതോടെ ഗെയിം കളിക്കുന്നത് വിലക്കാൻ ഭർത്താവ് ശ്രമിച്ചു. ഗെയിമിനോടുള്ള താത്പര്യം കുറയുന്നതോടെ കുടുംബജീവിതത്തിൽ ശ്രദ്ധകൂടുമെന്നായിരുന്നു ഭർത്താവിന്റെ വിചാരം. പക്ഷേ, പണി അപ്പടി പാളി. ഗെയിം കളിക്കുന്നത് വിലക്കിയതോടെ ഇരുവരും അടിയുടെ വക്കിലെത്തി. തുടർന്നാണ് യുവതി കോടതിയെ സമീപിച്ചത്. വിനോദോപാധികൾ തിരഞ്ഞെടുക്കാനുള്ള അവകാശം ഭർത്താവ് ഇല്ലാതാക്കുന്നു എന്നും അതിനാൽ വിവാഹമോചനം വേണമെന്നുമാണ് യുവതിയുടെ ആവശ്യം. ഗെയിമിൽ നിന്നും തനിക്ക് സന്തോഷവും ആശ്വാസവും ലഭിക്കുന്നുണ്ട്. ഇതുംരണ്ടും തരുന്നതിൽ ഭർത്താവ് പരാജയമാണ്. അപരിചിതരുമായി ഇടപഴകാറില്ല. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം മാത്രമേ ഗെയിം കളിക്കാറുള്ളൂ . ഗെയിമിന് താൻ അടിമപ്പെടുകയാണെന്നും കുടുംബത്തിനോടും വീടിനോടുമുള്ള ചുമതലകളിൽ നിന്ന് ഒഴിഞ്ഞുമാറുന്നുവെന്നുമാണ് ഭർത്താവിന്റെ പേടി. ആ അവസ്ഥയിലേക്ക് ഒരിക്കലും ഞാൻ പോകില്ല-യുവതിയുടെ വാദങ്ങൾ ഇങ്ങനെ.
എന്നാൽ ഇത് അടിച്ചമർത്തലിന്റേയോ സ്വാതന്ത്ര്യത്തിന്റേയോ വിഷയമല്ലെന്നും കുടുംബം ശിഥിലമാകാതെ ഒന്നിച്ച് നിറുത്താനാണ് ശ്രമിച്ചതെന്നും ഭാര്യ വിവാഹമോചനം ആവശ്യപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകുമെന്ന് ഒരിക്കലും കരുതിയില്ലെന്നുമാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. ഇരുവരെയും കൗൺസലിംഗിന് വിധേയമാക്കാനാണ് പൊലീസിന്റെ തീരുമാനം.
കഴിഞ്ഞദിവസം വിവാഹമണ്ഡപത്തിൽ വധുവിനൊപ്പമിരുന്ന് പബ്ളികളിക്കുന്ന വരന്റെ വീഡിയോ പുറത്തുവന്നിരുന്നു.