സമൂഹത്തിന്റെ ഏറ്റവും താഴെ ശ്രേണിയിൽപ്പെട്ട നാലഞ്ചുലക്ഷം പാവപ്പെട്ടവർക്ക് ആശ്രയമായിരുന്ന കശുഅണ്ടി വ്യവസായത്തിന്റെ ഇന്നത്തെ നില പരമദയനീയമായിത്തന്നെ തുടരുമ്പോഴും ഇൗ വ്യവസായത്തെ നിയന്ത്രിക്കുന്നവർ കാണിക്കുന്ന കണ്ണിൽച്ചോരയില്ലാത്ത നടപടികൾ കണ്ട് കണ്ണീർ വാർക്കാനേ കഴിയൂ. മാറിമാറിവരുന്ന സർക്കാരുകൾ കശുഅണ്ടി വ്യവസായത്തെയും തൊഴിലാളികളെയും ഉദ്ധരിക്കാൻ കൈക്കൊണ്ട നടപടികൾക്ക് കൈയും കണക്കുമില്ല. നിർഭാഗ്യകരമെന്ന് പറയട്ടെ കുറെ ഉദ്യോഗസ്ഥ പ്രമാണിമാർക്കും രാഷ്ട്രീയക്കാർക്കും നേട്ടമുണ്ടായതൊഴിച്ചാൽ തൊഴിലാളികൾക്ക് വലിയ ഗുണമൊന്നുമുണ്ടായില്ല. മാത്രമല്ല, വ്യവസായത്തിന്റെ നല്ലൊരുഭാഗം മറ്റിടങ്ങളിലേക്ക് കുടിയേറുകയും ചെയ്തു. കൈത്തറി,കയർ, ഖാദി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളെപ്പോലെ കശുഅണ്ടി വ്യവസായവും തളർന്നുതന്നെ കിടക്കുന്നു. നഷ്ടപ്പെട്ട തൊഴിൽദിനങ്ങളും തുച്ഛവരുമാനവും ഒാർത്ത് എത്രയോ കുടുംബങ്ങൾ വിധിയെ പഴിച്ചുകഴിയുന്നു.
പണ്ടും ഇപ്പോഴും ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടിയെ ആശ്രയിച്ചാണ് ഇവിടത്തെ ഫാക്ടറികൾ പ്രവർത്തിച്ചിരുന്നത്. സ്വകാര്യ മേഖല രംഗം അടക്കിവാണിരുന്ന കാലത്ത് കൂലിയുടെ പേരിലായിരുന്ന തൊഴിലാളികൾ ചൂഷണം നേരിട്ടിരുന്നതെങ്കിൽ ഇപ്പോൾ ആവശ്യമായത്ര തോട്ടണ്ടി സംഭരിക്കുന്നതിലുണ്ടാകുന്ന വീഴ്ച കാരണമാണ് ഫാക്ടറികൾ വർഷത്തിൽ നല്ലൊരു ഭാഗം അടഞ്ഞുകിടക്കുന്നത്. തോട്ടണ്ടി ഇറക്കുമതിയിൽ നടമാടിയിരുന്ന തിരിമറികളും കള്ളക്കളിയും തടയാൻ വേണ്ടി കൊണ്ടുവന്ന കശുഅണ്ടി വ്യവസായ കോർപ്പറേഷനും ലക്ഷ്യത്തിൽനിന്ന് അകലുകയായിരുന്നു. കീരിയെക്കൊണ്ട് നടക്കാത്തത് ചെങ്കീരിയെ ഇറക്കി നേടാൻ വേണ്ടിയാണ് രണ്ടുവർഷം മുൻപ് കശുഅണ്ടി വ്യവസായ വികസന കോർപ്പറേഷനെ മാറ്റിനിറുത്തി കശുഅണ്ടി ബോർഡ് രൂപീകരിച്ചത്. കശുഅണ്ടി ഇറക്കുമതിയുടെ പൂർണ ചുമതല ബോർഡിനെ ഏല്പിക്കുകയും ചെയ്തു. എന്നാൽ രണ്ടുവർഷത്തെ തോട്ടണ്ടി ഇറക്കുമതിയിലൂടെ ബോർഡ് ഇരുപത് കോടിയിലേറെ രൂപയുടെ നഷ്ടം വരുത്തിക്കഴിഞ്ഞുവെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. ലോകത്തൊരിടത്തും സംസ്കരിച്ച അണ്ടിപ്പരിപ്പിന്റെ വില കുറഞ്ഞതായി കേട്ടിട്ടില്ല. എന്നാൽ കശുഅണ്ടി ബോർഡ് ഇറക്കുമതി ചെയ്ത തോട്ടണ്ടി സംസ്കരിക്കുമ്പോൾ ഉദ്ദേശിച്ച ഫലം കിട്ടുന്നില്ല. അതിന്റെ കാരണം ഗുണനിലവാരം കുറഞ്ഞ കശുഅണ്ടിയാണ് അവർ രണ്ടുതവണയും ഇറക്കുമതി ചെയ്തതെന്നതാണ്. ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ ഗോഡൗണിൽ ഏറെക്കാലം സൂക്ഷിച്ച തോട്ടണ്ടി കണ്ണുംപൂട്ടി ഇറക്കുമതി ചെയ്തതിന് പിന്നിൽ ബോർഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മാരപാണ്ഡ്യന്റെ റോൾ വിവാദമായിരിക്കുകയാണ്. കേന്ദ്ര വിജിലൻസ് കമ്മിഷന്റെ നിർദ്ദേശത്തിന് വിരുദ്ധമായിട്ടാണ് കശുഅണ്ടി ബോർഡ് മൊസാംബിക്കിൽനിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്തതെന്ന ഗുരുതരമായ ആരോപണവും ഉയർന്നിട്ടുണ്ട്. ഇ -ടെൻഡർ വ്യവസ്ഥ ഒഴിവാക്കി സാധാരണ ടെൻഡർ മതിയെന്ന് മന്ത്രിസഭാ യോഗത്തെക്കൊണ്ട് തീരുമാനമെടുപ്പിക്കാനും ഇൗ ഇടപാടിന് പിന്നിൽ പ്രവർത്തിച്ചവർക്ക് കഴിഞ്ഞുവെന്നത് നിസാര കാര്യമല്ല. രണ്ട് തവണയായി ഇറക്കുമതി ചെയ്ത 6186 ടൺ കശുഅണ്ടി സംസ്കരിച്ചപ്പോൾ ലഭിച്ച പരിപ്പ് വില്പനയ്ക്ക് പോയപ്പോഴാണ് മുടക്കുമുതൽപോലും ലഭിക്കാത്ത സ്ഥിതി ഉണ്ടായത്. ഇറക്കുമതിക്ക് മുൻപ് തോട്ടണ്ടിയുടെ ഗുണനിലവാരം കർക്കശമായി ഉറപ്പാക്കേണ്ടതാണ്. അത് വേണ്ടപോലെ നടന്നിരുന്നുവെങ്കിൽ ഇത്രയധികം നഷ്ടം ഉണ്ടാകുമായിരുന്നില്ല. ബോർഡ് മേധാവി ആഘോഷപൂർവം നിരവധി തവണ വിദേശയാത്ര നടത്തിയതല്ലാതെ ഇത്തരം പ്രാഥമിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയില്ലെന്നതിന്റെ തെളിവാണ് പുറത്തുവന്നിട്ടുള്ള ഇൗ നഷ്ടക്കണക്ക്.
സംസ്ഥാനത്ത് പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള കശുഅണ്ടി ഫാക്ടറികൾക്ക് ഒരുലക്ഷം ടൺ തോട്ടണ്ടിയെങ്കിലും ലഭിച്ചാലേ വർഷത്തിൽ പകുതി ദിവസങ്ങളെങ്കിലും തൊഴിലാളികൾക്ക് പണി നൽകാനാവൂ. തോട്ടണ്ടിയുടെ പ്രധാന വിപണി ആഫ്രിക്കൻ രാജ്യങ്ങളാണ്. ഒാരോ വർഷവും ദുർവഹമാംവിധം തോട്ടണ്ടിക്ക് വില കൂടുന്ന പ്രവണതയാണ്. വലിയ വിലയ്ക്ക് തോട്ടണ്ടി ഇറക്കുമതി ചെയ്ത് സംസ്കരിച്ച് ലഭിക്കുന്ന ഉത്പന്നത്തിന് അതനുസരിച്ച് വില ലഭിച്ചില്ലെങ്കിൽ കച്ചവടം നഷ്ടമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ഇവിടെയാണ് സർക്കാരിനും അതിനുകീഴിലുള്ള ഏജൻസികൾക്കും വലിയ റോളുള്ളത്. ഇറക്കുമതിയിൽ ഇടനിലക്കാരെ പൂർണമായും ഒഴിവാക്കി സർക്കാരും സർക്കാരും തമ്മിലുള്ള ഉടമ്പടി പ്രകാരമായാൽ ലാഭവും തോട്ടണ്ടിയുടെ ഗുണനിലവാരവും ഉറപ്പാക്കാൻ സാധിക്കും. ആ വഴിക്ക് പോകാതെ ടെൻഡർ നടപടിക്കുപോയതുകൊണ്ടാണ് കശുഅണ്ടി ബോർഡിന് ചെറുതല്ലാത്ത നഷ്ടം നേരിടേണ്ടിവന്നത്.
പൊതുമേഖലയാണെങ്കിൽ എന്തും നടക്കുമെന്ന ആക്ഷേപത്തിന് ഉദാഹരണം കൂടിയാണ് കശുഅണ്ടി ബോർഡിന്റെ ഇറക്കുമതി ഇടപാടുകൾ. അംഗീകൃത കീഴ്നടപ്പുകളും ഉയർന്ന തലത്തിൽനിന്നുള്ള ക്രമവിരുദ്ധമായ ഇടപെടലുകളും കാരണം നഷ്ടമുണ്ടാകുന്നു എന്നത് മാത്രമല്ല വിഷയം. വേഴാമ്പലുകൾ കണക്കെ ഫാക്ടറികൾ തുറന്നു പ്രവർത്തിക്കുന്നത് പ്രതീക്ഷിച്ചുകഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളെയാണ് ഇവരെല്ലാം ചേർന്ന് ദ്റോഹിച്ചുകൊണ്ടിരിക്കുന്നത്. ഘാനയിൽനിന്ന് 11000 ടൺ തോട്ടണ്ടിക്ക് കശുഅണ്ടി ബോർഡ് കരാറുണ്ടാക്കിയിട്ടുണ്ട്. വേറെയും ആഫ്രിക്കൻ രാജ്യങ്ങളുടെ കയറ്റുമതിയിൽ പ്രധാന ഇനമാണ് തോട്ടണ്ടി. സംസ്ഥാനത്തെ ഫാക്ടറികളുടെ പുകക്കുഴലുകളിൽ നിന്ന് പുക ഉയരാൻ ഇൗ രാജ്യങ്ങൾ കനിയണം. വളരെ നേരത്തെ ഒാരോ രാജ്യത്തെയും സാഹചര്യങ്ങൾ മനസിലാക്കി ലാഭകരമായ വ്യവസ്ഥകളിന്മേൽ കരാറിൽ ഏർപ്പെടാനാകും. മുൻകാലങ്ങളിൽ വൻകിട സ്വകാര്യ വ്യവസായികൾ ചെയ്തിരുന്നത് അതാണ്. ഇടപാടുകൾ പൊതുമേഖല നേരിട്ട് നടത്തുമ്പോൾ ഇടനിലക്കാരില്ലാത്തതിനാൽ കച്ചവടം ലാഭകരമാകേണ്ടതാണ്. എന്നാൽ മറിച്ചാണ് ഇവിടെ കാര്യങ്ങൾ. പൊതുമേഖലയെ അടിമുടി ഗ്രസിച്ചിരിക്കുന്ന അഴിമതിയും ധൂർത്തും തന്നെയാണ് പ്രധാന കാരണം.