തിരുവനന്തപുരം : കേരള എൻജിനിയറിംഗ് / ഫാർമസി പ്രവേശനപരീക്ഷയുടെ (കീം) രണ്ടാം ദിനം പരീക്ഷകഴി‌ഞ്ഞ് പുറത്തിറങ്ങിയ കുട്ടികളുടെ മുഖത്ത് പുഞ്ചിരി. ഗണിതം വിചാരിച്ചതിനെക്കാൾ എളുപ്പമെന്നായിരുന്നു പലരുടെയും അഭിപ്രായം. ആകെ 120 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗവും എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. സിലബസിന് പുറത്തുള്ള ചില ചോദ്യങ്ങൾ ശരാശരി നിലവാരം പുലർത്തുന്ന കുട്ടികൾക്ക് വെല്ലുവിളിയായി. 5വർഷം മുമ്പ് സിലബസിൽ നിന്ന് ഒഴിവാക്കിയ പാഠഭാഗങ്ങളിലെ ചോദ്യങ്ങളായിരുന്നു ഇത്തരത്തിലുണ്ടായിരുന്നത്. പഴയസിലബസിനെ അടിസ്ഥാനപ്പെടുത്തിയുള്ള രണ്ട് ചോദ്യങ്ങളാണ് കുട്ടികളെ കുഴക്കിയത്. 2 ചോദ്യങ്ങൾക്കുള്ള ഉത്തരം ഓപ്ഷനിൽ ഉണ്ടായിരുന്നില്ല. ഒരു ചോദ്യത്തിന്റെ ഓപ്ഷനിൽ രണ്ട് ശരിയുത്തരവും നൽകിയിരുന്നു. മുൻ വർഷത്തെക്കാൾ എളുപ്പമുള്ള ചോദ്യങ്ങളായിരുന്നതിനാൽ ശരാശരി നിലവാരം പുലർത്തുന്ന കുട്ടികൾക്ക് പോലും സ്കോർ ചെയ്യാനാകുമെന്നാണ് അദ്ധ്യാപകരുടെ കണക്ക് കൂട്ടൽ.

" ഭൂരിഭാഗം ചോദ്യങ്ങളും അനായാസം ഉത്തരം എഴുതാൻ കഴിയുംവിധമുള്ളതായിരുന്നു. കീം പരീക്ഷയ്ക്ക് ഗണിതത്തിന് കുറച്ചു കൂടി നിലവാരമുള്ള ചോദ്യങ്ങളാണ് പ്രതീക്ഷിക്കുന്നത്. "

-സലീം രാജ്

ഗണിത അദ്ധ്യാപകൻ, സഫയർ എൻട്രസ് കോച്ചിംഗ് സെന്റർ