neet-exam
neet exam

തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷ നീറ്റ് നാളെ പകൽ രണ്ടു മുതൽ 5 വരെ നടത്തും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, അങ്കമാലി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെ 12 കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തോളം കുട്ടികൾ പരീക്ഷയെഴുതും. രാജ്യത്താകെ 15.19 ലക്ഷം പേരാണ് പരീക്ഷയെഴുതുന്നത്.

എം.ബി.ബി.എസ്, ബി.ഡി.എസ് അടക്കം പ്രധാന മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനം നീറ്റ് സ്കോർ അടിസ്ഥാനമാക്കിയാണ്. ഒരു ചോദ്യത്തിന് നാല് മാർക്കാണ്. തെ​റ്റായ ഓരോ ഉത്തരത്തിനും ഒരു മാർക്ക് കുറയ്ക്കും. 720 മാർക്കിന്റെ പരീക്ഷയിൽ മൊത്തം 180 ചോദ്യങ്ങളാണുള്ളത്. ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിൽ 45 വീതവും ബയോളജിയിൽ 90 ചോദ്യവുമാണ് ഉണ്ടാവുക. ജൂൺ 5ന് ഫലം പ്രസിദ്ധീകരിക്കും. ദേശീയ പരീക്ഷാ ഏജൻസിയുടെ വെബ്‌സൈ​റ്റിൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന ഹാൾടിക്ക​റ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും ഹാൾ ടിക്ക​റ്റിലുള്ള അതേ ഫോട്ടോയും കൈവശം വേണം. ഒന്നരയ്ക്ക് മുമ്പ് ഹാളിൽ പ്രവേശിക്കണം. ഡ്രസ് കോഡ് കൃത്യമായി പാലിക്കണം. അരക്കൈ വസ്ത്രങ്ങൾ, ഹീൽ കുറഞ്ഞ ചെരുപ്പുകൾ എന്നിവ ഉപയോഗിക്കണം.