തിരുവനന്തപുരം: കിഫ്ബിയുടെ മസാലബോണ്ട് വഴി അന്താരാഷ്ട്ര മാർക്കറ്റിൽ നിന്ന് പണം കണ്ടെത്തുന്നത് ആഘോഷമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ ഉദ്യോഗസ്ഥരുടെ വൻ പട ലണ്ടനിലേക്ക് പോകും.

മേയ് 17നാണ് ലണ്ടൻ സ്റ്റോക്ക് എക്സ്‌ചേഞ്ചിൽ മസാലബോണ്ട് വ്യാപാരത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മണി മുഴക്കി തുടക്കമിടുന്നത്. ആ ചടങ്ങിലേക്കാണ് ഉദ്യോഗസ്ഥരും പോകുന്നത്. മേയ് 8ന് മുഖ്യമന്ത്രി വിദേശത്തേക്ക് പോകും.പിന്നാലെ ഉദ്യോഗസ്ഥരും പറക്കും. ഇതിന്റെ ഉത്തരവ് വ്യാഴാഴ്ച ധനവകുപ്പ് പുറത്തിറക്കി.

ലണ്ടൻ സ്‌റ്റോക്ക് എക്സ്‌ചേഞ്ചിൽ വളരെ പ്രധാനപ്പെട്ട ഒാഹരികളുടെ വിപണനത്തിനാണ് മണിമുഴക്കി തുടക്കമിടുന്ന പരമ്പരാഗതമായ ബ്രിട്ടീഷ് ചടങ്ങ് നടക്കുന്നത്. മസാലബോണ്ടിന്റെ വിപണനത്തിന് മണിമുഴക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രത്യേകം ക്ഷണിക്കുകയായിരുന്നു.

മന്ത്രിമാർക്കും സെക്രട്ടറിമാർക്കും പുറമെ ധനവകുപ്പിലെ അഡിഷണൽ സെക്രട്ടറി ആനി ജൂല തോമസ്, ജോയിന്റ് സെക്രട്ടറി വി. സുശീൽകുമാർ, സെക്‌ഷൻ ഒാഫീസർ കെ. ജ്യോതി ലക്ഷ്‌മി, അസിസ്റ്റന്റുമാരായ ഹേമന്ത് .ആർ.എസ്, വി.എസ്. ഷാരോൺ, ടി.വി. സൂരജ്, നൗഷാദ് എന്നിവരാണ് പോകുന്നത്. ഇവരുടെ ചെലവ് ഖജനാവിൽ നിന്നല്ല കിഫ്ബി ഫണ്ടിൽ നിന്നായിരിക്കും വഹിക്കുക.

വിദേശത്തുനിന്ന് പണം കണ്ടെത്താനുള്ള കാര്യങ്ങളിൽ വൈദഗ്ദ്ധ്യം നൽകാനാണ് ഇവരെ കൊണ്ടുപോകുന്നതെന്നാണ് വിശദീകരണം. ഇതിനായി വിദേശ നിക്ഷേപകരുമായി ആശയവിനിമയം നടത്തും. മസാല ബോണ്ടിലൂടെ പണം കണ്ടെത്താൻ സഹായിച്ച ഇന്റർനാഷണൽ ലീഗൽ കോൺസൽ ഡി.എൽ.എ. പൈപ്പർ, ലണ്ടനിലെ ഫണ്ട് മാനേജർമാരായ സ്റ്റാൻഡേർഡ് ആൻഡ് ചാർട്ടേർഡ് ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവരും ഇവർക്ക് പരിശീലനം നൽകും.

മസാലബോണ്ടിന്റെ ഇൻസ്റ്റിറ്റ്യൂഷണൽ വില്പനയിലൂടെ 2150 കോടി സമാഹരിച്ചിട്ടുണ്ട്. പൊതുവിപണിയിൽ നിന്ന് പണം കണ്ടെത്താനാണ് സ്റ്റോക് എക്സ്‌ചേഞ്ചിലെ വ്യാപാരം. ഇതിന് പുറമേ യു.എസ് ഡോളർ ബോണ്ടിലൂടെ കൂടുതൽ പണം കണ്ടെത്താനും നീക്കമുണ്ട്.

അതിലൂടെ വൻപലിശയ്‌ക്ക് വിദേശ ഫണ്ട് സമാഹരിക്കുന്നതിനോടുള്ള എതിർപ്പിന്റെ മുനയൊടിക്കാമെന്നാണ് പ്രതീക്ഷ. ഇതുവരെ സമാഹരിച്ച തുകയ്‌ക്ക് 9.75 ശതമാനമാണ് പലിശ. വ്യവസായ സ്ഥാപനങ്ങൾക്ക് ഇത് വലിയ പലിശനിരക്കല്ലെങ്കിലും സംസ്ഥാന സർക്കാരുകൾക്ക് ഇത് താങ്ങാനാവില്ലെന്ന് പരാതിയുണ്ട്. സാമ്പത്തിക ശേഷിയിൽ അന്താരാഷ്‌ട്ര റേറ്റിംഗ് കുറഞ്ഞ (ബി.ബി റേറ്റിംഗ് )​ സംസ്ഥാന സർക്കാർ വിദേശത്തുനിന്ന് പണം കണ്ടെത്തുമ്പോൾ കൂടുതൽ പലിശ നൽകേണ്ടിവരുമെന്നാണ് ആക്ഷേപം. നിയമസഭയുടെ അനുമതിയില്ലാതെ വൻ പലിശയ്ക്ക് വായ്പയെടുക്കുന്നതും അതിന്റെ ബാദ്ധ്യത സർക്കാർ വഹിക്കുന്നതും വിമർശനത്തിനിടയാക്കിയിട്ടുണ്ട്.

പ്രളയാനന്തര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ ജനീവയിൽ നടത്തുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി

ലണ്ടൻ സ്‌കൂൾ ഒഫ് എക്കണോമിക്സും സന്ദർശിക്കും.