തിരുവനന്തപുരം: മദ്യപിച്ചെത്തിയ മൂന്നംഗസംഘത്തിന്റെ ആക്രമണത്തിൽ രാജസ്ഥാൻ സ്വദേശികളായ റെയിൽവേ ജീവനക്കാർക്ക് പരിക്കേറ്റു. സെൻട്രൽ ഡിവിഷനിലെ മെക്കാനിക്കൽ ഹെൽപ്പർ മഹേഷ് മീണ, കൊച്ചുവേളിയിലെ ടി.ടി.ആർ ജിതേന്ദ്രകുമാർ മീണ, ഇയാളുടെ ഭാര്യ കവിത മീണ എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്കും മുഖത്തും പരിക്കേറ്റ ജിതേന്ദ്രകുമാറും മഹേഷും പേട്ട റെയിൽവേ ആശുപത്രിയിൽ ചികിത്സയിലാണ്. വയറിന് പരിക്കേറ്റ കവിത പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രിവിട്ടു. ആൾ സെയിന്റ്സിന് സമീപം മാധവപുരത്തെ റെയിൽവേ ക്വാട്ടേഴ്സിൽ വ്യാഴാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. ഇന്നലെ ഉച്ചയോടെയാണ് പേട്ട പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ മൊഴിയെടുത്തു. ആക്രമിച്ച മൂന്നുപേരും ക്വാർട്ടേഴ്സിൽ മദ്യപിച്ചെത്തി സ്ത്രീകളെയുൾപ്പെടെ അസഭ്യം പറയാറുണ്ടെന്ന് പരിക്കേറ്റവർ മൊഴി നൽകി. കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.