വിതുര: റോഡിനടിയിലെ പൈപ്പ് ലൈൻ പൊട്ടിയത് പണിപൂർത്തിയായി ഉദ്ഘാടനം കാത്ത് കിടക്കുന്ന വിതുര-നന്ദിയോട് റോഡ് തകരാൻ കാരണമായി. വിതുര കലുങ്ക് ജംഗ്ഷനിൽ രാഹുൽ സ്റ്റുഡിയോയ്ക്ക് സമീപത്താണ് റോഡ് തകർന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ വൻ ശബ്ദത്തോടെ പൈപ്പ് പൊട്ടുകയും വെള്ളം റോഡ് നിറഞ്ഞ് ഒഴുകുകയും ചെയ്യുകയാണ്. ഇപ്പോൾ റോഡ് ഉയർന്ന് ഹമ്പ് രൂപപ്പെടുകയും ചെയ്തു. പൈപ്പ് പൊട്ടി റോഡ് തോടായി ഒഴുകിയിട്ടും വാട്ടർ അതോറിട്ടിക്ക് അനക്കമില്ലെന്ന് ആക്ഷേപമുണ്ട്. മണിക്കൂറുകൾ പിന്നിടുംതോറും റോഡ് ഉയർന്നു വരികയാണ്. ഏതു സമയത്തും റോഡ് രണ്ടായി പിളരാൻ സാദ്ധ്യതയുണ്ടെന്നും ഭയത്തോടെയാണ് കടകളിൽ ഇരിക്കുന്നതെന്നും സമീപത്തെ വ്യാപാരികൾ പറയുന്നു. വർഷങ്ങളായി തകർന്ന് കിടന്ന വിതുര ചായം റോഡിൽ നിരവധി അപകടങ്ങളും മരണങ്ങളും സംഭവിച്ചിരുന്നു. റോഡിൻെറ അപകടാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്തയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ റോഡ് അടിയന്തരമായി ടാറിംഗ് നടത്തുന്നതിനായി രണ്ട് കോടി നാൽപ്പത് ലക്ഷം രൂപ അനുവദിച്ചു. തുടർന്ന് വളരെ പെട്ടെന്ന് തന്നെ നിർമ്മാണപ്രവർത്തനങ്ങളും ആരംഭിച്ചു. പണി തീർന്നെങ്കിലും പലവിധ കാരണങ്ങളാൽ റോഡിന്റെ ഉദ്ഘാടനം ഇനിയും നടന്നിട്ടില്ല.
റോഡിന്റെ പണി പൂർത്തിയായിട്ട് നാല് മാസമാകുന്നു. ഇതിനിടയിൽ നിരവധി സ്ഥലങ്ങളിൽ റോഡിന്റെ മദ്ധ്യ ഭാഗത്ത് പൈപ്പ് പൊട്ടുകയും റോഡ് വെട്ടിപൊളിച്ച് പൈപ്പ് ലൈൻ നന്നാക്കുകയും ചെയ്തു. ഇപ്പോഴും പല ഭാഗത്തും ശുദ്ധജലം പാഴാകുകയാണ്. പണി പൂർത്തിയായ റോഡിന്റെ ഉദ്ഘാടനവും അനിശ്ചിതമായി നീളുകയാണ്.