suraksha

തിരുവനന്തപുരം: കഴിഞ്ഞ അദ്ധ്യയന വർഷം മുതൽ സ്‌കൂൾ വാനുകളിലും ബസുകളിലും ജി.പി.എസ് സംവിധാനം നടപ്പിലാക്കുമെന്ന സർക്കാർ തീരുമാനം ഇതുവരെ നടപ്പിലാക്കിയില്ല. സ്‌കൂൾ കുട്ടികളുടെ കാര്യത്തിൽ സംസ്ഥാന ഗതാഗത വകുപ്പിന്റെ 'ശുഷ്‌കാന്തി' എത്രയെന്ന് ഇതിൽ നിന്നും വ്യക്തം. സാങ്കേതിക പ്രശ്‌നങ്ങളാണ് പദ്ധതി നടപ്പിലാക്കാൻ വൈകുന്നതിന് പിന്നിലെന്നാണ് സൂചന. ഇനിയിപ്പോൾ വരുന്ന അദ്ധ്യയന വർഷം മുതൽ നിർബന്ധമാക്കുമെന്നാണ് വാഗ്ദാനം.2018ൽ സ്‌കൂൾ തുറന്നപ്പോൾ 'സുരക്ഷാമിത്ര' എന്നു പേരിട്ട പദ്ധതി ഓണാവധിക്ക് ശേഷം നിർബന്ധമാക്കുമെന്ന് വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞിരുന്നു. ആകെ സംഭവിച്ചത് ഒരു കൺട്രോൾ റൂം ഉദ്ഘാടനം മാത്രം. പിന്നെ നവംബർ ഒന്നു മുതൽ പദ്ധതി നടപ്പിലാക്കുമെന്നായി. ദാ,​ ഇപ്പോൾ മോട്ടോർ വെഹിക്കിൾ വകുപ്പ് അധികൃതർ പറയുന്നത് ജൂൺ ഒന്ന് മുതൽ നിർബന്ധമാക്കുമെന്നാണ്.

കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങൾ സ്‌കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കും നിരീക്ഷിക്കാനാവുമെന്നതായിരുന്നു സുരക്ഷാമിത്രയുടെ പ്രത്യേകത.

സുരക്ഷാമിത്രയുടെ ഗുണങ്ങൾ

സ്‌കൂൾ ബസുകളുടെ വേഗം, യാത്രാപഥം തുടങ്ങിയവ കൺട്രോൾ റൂമിലിരുന്ന് നിരീക്ഷിക്കാനാവും

കുട്ടികൾക്കു നേരെ മോശം പെരുമാറ്റം ഉണ്ടായാൽ വാഹനത്തിലെ ബസ്സർ അമർത്തിയാൽ അടുത്തുള്ള മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ നിന്നും സഹായം ലഭിക്കും.

യാത്രയ്ക്കിടെ അപകടമുണ്ടായാൽ ഉടൻ കൺട്രോൾ റൂമിൽ വിവരം ലഭിക്കും.

ബസ് 40 ഡിഗ്രിയിൽ കൂടുതൽ ചെരിഞ്ഞാൽ അപായസന്ദേശം പ്രവർത്തിക്കും.

വേഗം കൂട്ടിയാലും ജി.പി.എസ് വേർപെടുത്തിയാലും കൺട്രോൾ റൂമിൽ വിവരമെത്തും.

സംസ്ഥാനത്താകെയുള്ളത് 21,000 സ്‌കൂൾ ബസുകൾ

ഫിറ്റ്നസ് പരിശോധനയും ചടങ്ങ് !

കഴിഞ്ഞ വർഷം സ്‌കൂൾ തുറക്കുന്നതിന് മുമ്പ് മോട്ടോർ വാഹന വകുപ്പിന്റെ ഫിറ്റ്നസ് പരിശോധന നടപടികളിൽ നിന്നും വിട്ടു നിന്നത് രണ്ടായിരത്തോളം സ്‌കൂൾ വാഹനങ്ങളായിരുന്നു. പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ് സ്റ്റിക്കർ ഒട്ടിക്കും. ഇത്തരം സ്റ്റിക്കറില്ലാത്ത വാഹനങ്ങളിൽ കുട്ടികളെ കയറ്റരുതെന്നാണ് ചട്ടം. എന്നാൽ അത് നടപ്പാക്കാൻ അധികാരികൾ ശുഷ്‌കാന്തി കാണിക്കാറില്ല.
സ്‌കൂൾ വാനുകളിലെ ഡ്രൈവർമാർക്കുള്ള ബോധവത്കരണവും പേരിന് മാത്രം.

അപകടങ്ങളുണ്ടാകുമ്പോൾ മാത്രം ബോധവത്കരണത്തെ പറ്റിയും നിയമം കർശനമാക്കുന്നതിനെ പറ്റിയും ബേജാറാകുന്ന അധികാരികൾ പിന്നീട് എല്ലാം മറക്കുകയാണ് പതിവ്.