വർക്കല: പിടികിട്ടാപുളളികളായി പ്രഖ്യാപിച്ച കൊലപാതകശ്രമകേസിലെ മൂന്ന് പ്രതികൾ എട്ട് വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിലായി. ഇടവ വെറ്റക്കട കളരിയിൽ ഹൗസിൽ ഷഹസീൻഅമീൻ (32), വെറ്റക്കട പുത്തൻവീട്ടിൽ ഇട്ടു എന്ന ഷെഹീൻ(32), പുളിവിളാകത്ത് വീട്ടിൽ മനാഫ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 2011 മേയ് 8ന് പുലർച്ചെ 3.15ന് ഇടവ പ്രസ് മുക്കിന് സമീപമുളള റോഡിൽ വച്ച് പ്രസ് മുക്ക് കളിയിൽ പടിപ്പുരവീട്ടിൽ ബ്രിഷ്ലോവ് (39)നെ ആക്രമിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായാണ് കേസ്. ആക്രമണത്തിൽ ബ്രിഷ്ലോവിന് തലയ്ക്കും കാലിനും കൈക്കും മുതുകിനും വെട്ടേറ്റിരുന്നു. ഇടതു കൈയും ഇടതുകാലും ഇരുമ്പ് കമ്പിക്ക് അടിച്ച് എല്ലിന് പൊട്ടൽ സംഭവിക്കുകയും ചെയ്തിരുന്നു. ഇയാളുടെ നെഞ്ചത്ത് കഠാര ഉപയോഗിച്ച് കുത്തി കൊലപ്പെടുത്താനും ശ്രമം നടന്നിരുന്നു. ബ്രിഷ്ലോവിന്റെ മൂന്നരപ്പവന്റെ മാല, മോതിരം, മൊബൈൽഫോൺ എന്നിവ കവർച്ച ചെയ്തതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ ഒൻപത് പ്രതികളാണ് ഉണ്ടായിരുന്നത്. രണ്ട് പേരെ മാത്രമാണ് അന്ന് പൊലീസ് പിടികൂടിയിരുന്നത്. എട്ട് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ പിടിയിലായ ഷഹസീൻ അമീൻ ഒന്നാം പ്രതിയും മനാഫ് രണ്ടാം പ്രതിയും ഷെഹീൻ എട്ടാം പ്രതിയുമാണ്. സംഭവത്തിനു ശേഷം പ്രതികൾ വിദേശത്തേക്ക് കടന്നു. ഇവർ നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വർക്കല സി.ഐ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ശ്യാംജി, സി.പി.ഒ മാരായ സതീശൻ, കിരൺ, ജയ് മുരുകൻ എന്നിവരുൾപെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ ബ്രിഷ്ലോവ് ഒരു വർഷത്തിനു ശേഷം നെഞ്ചുവേദനയെതുടർന്ന് മരണപ്പെട്ടിരുന്നു.