തിരുവനന്തപുരം: കല്ലട ബസിലെ ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും ബസ് പിടികൂടാനുമുള്ള അടിയന്തര നടപടികൾ ഏകോപിപ്പിച്ച അലെർട്ട് സെല്ലിലെ ഹവിൽദാർ ജി. പ്രവീണിന് പൊലീസ് സേനയിലെ സ്തുത്യർഹ സേവനത്തിനുള്ള അംഗീകാരം നൽകി ഡി.ജി.പി ഉത്തരവിറക്കി. കല്ലട ബസിലെ ആക്രമണത്തിൽ പരിക്കേറ്റ യുവാക്കൾ സഹായത്തിനായി ആദ്യം വിളിച്ചത് പൊലീസ് ആസ്ഥാനത്തെ ഹൈവേ അലെർട്ട് കൺട്രോൾ റൂം (9846100100) നമ്പറിലേക്കാണ്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹവിൽദാർ പ്രവീൺ കൊച്ചിയിലേക്ക് വിവരം നൽകി. പിന്നീട് നാലു പൊലീസ് ജില്ലകളിൽ വിവരമറിയിച്ച് അങ്കമാലിയിൽ വച്ച് ബസ് പിടികൂടാൻ വഴിയൊരുക്കി. പ്രവീണിന്റെ ഇടപെടലിനെത്തുടർന്നാണ് മരട് എസ്.ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിക്കേറ്റ യുവാക്കളെ ആശുപത്രിയിലെത്തിച്ചത്.