തിരുവനന്തപുരം:കണ്ണൂരിൽ കള്ളവോട്ട് ചെയ്‌തതിന് സി.പി.എം പ്രവർത്തകർ കുടുങ്ങിയതിന് പിന്നാലെ കാസർകോട്ട് മൂന്ന് മുസ്ളീം ലീഗ് പ്രവർത്തകരും കള്ളവോട്ട് ചെയ്തത് സ്ഥിരീകരിച്ചു. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പത്രസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.
ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ആൾമാറാട്ടം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്ക് ക്രിമിനൽ കേസെടുക്കാനും ഒത്താശ ചെയ്ത പോളിംഗ് ഉദ്യോഗസ്ഥർക്കെതിരെ ജനപ്രാതിനിദ്ധ്യ നിയമ പ്രകാരം കൃത്യവിലോപത്തിന് കേസെടുക്കാനും കാസർകോട് കളക്ടർക്ക് നിർദ്ദേശം നൽകി. ഏഴ് ദിവസത്തിനകം നടപടിയെടുത്ത് റിപ്പോർട്ട് ചെയ്യണം.
മാടായി പുതിയങ്ങാടി സ്വദേശികളായ മുഹമ്മദ് ഫയാസ്, അബ്ദുൽ സമദ്, മുഹമ്മദ് കെ.എം. എന്നിവർക്കെതിരെയാണ് കേസെടുക്കുന്നത്. കല്ല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ മാടായി പുതിയങ്ങാടി ഹയർസെക്കൻഡറി സ്കൂളിലെ 69,70 ബൂത്തുകളിലാണ് ഇവർ കള്ളവോട്ട് ചെയ്തത്. പ്രശ്ന ബൂത്തുകളായതിനാൽ മൈക്രോ ഒബ്സർവറും വെബ് സ്ട്രീമിംഗും ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഫുട്ടേജ് പരിശോധിച്ചാണ് കള്ളവോട്ട് സ്ഥിരീകരിച്ചത്.
ഇൗ ബൂത്തിലെ കോൺഗ്രസിന്റെ പോളിംഗ് ഏജന്റിനെതിരെയും നടപടിയെടുക്കും. പലതവണ ബൂത്തിൽ കയറിയിറങ്ങിയ ആഷിക് കെ.എം. എന്ന വോട്ടർക്കെതിരെ കൂടുതൽ അന്വേഷണത്തിനും നിർദ്ദേശിച്ചിട്ടുണ്ട്.
നേരത്തേ നടന്ന തെളിവെടുപ്പിൽ ആദ്യം കുറ്റം നിഷേധിച്ച മുഹമ്മദ് അരമണിക്കൂറിന് ശേഷം സക്കീർ എന്ന ഗൾഫുകാരന്റെ വോട്ട് കള്ളവോട്ട് ചെയ്തതായി സമ്മതിച്ചു. കോൺഗ്രസ് ബൂത്ത് ഏജന്റ് നിർബന്ധിച്ചിട്ടാണ് ചെയ്തതെന്നും അറിയിച്ചു. ബൂത്തിൽ തിരക്കായതിനാൽ കള്ളവോട്ട് ശ്രദ്ധിക്കാനായില്ലെന്ന മറുപടിയാണ് പോളിംഗ് ഓഫീസർമാർ നൽകിയത്. ഇവർക്കെതിരെയും നടപടിയെടുക്കും.
ഇതോടെ കളളവോട്ട് ചെയ്‌തതിന് കേസിൽ കുടുങ്ങുന്നവരുടെ എണ്ണം ഏഴായി. നേരത്തെ ഇടതുമുന്നണിയുടെ നാലുപേർക്കെതിരെ നടപടിയെടുത്തിരുന്നു.
കള്ളവോട്ട് പിടിച്ചത് ഇങ്ങിനെ
ഏപ്രിൽ 29,30 - കള്ളവോട്ട് സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വാർത്ത. കാസർകോട് കളക്ടറുടെ അന്വേഷണത്തിൽ കള്ളവോട്ട് കണ്ടെത്തി. 69,70 ബൂത്തുകളിൽ മുഹമ്മദ് ഫയാസ്, കെ. എം.ആഷിക്, അബ്ദുൽ സമദ്, മുഹമ്മദ് കെ.എം. എന്നിവർ ഒന്നിലേറെ തവണ വന്നു
ആഷിക് 69-ാം ബൂത്തിൽ വൈകിട്ട് 4.59ന് വന്ന് രണ്ടാം പോളിംഗ് ഒാഫീസറുടെ അടുത്ത് നിന്നശേഷം 5.11ന് പോയി. വീണ്ടും 5.12ന് വന്നു. 5.14ന് വോട്ട് ചെയ്ത് പോയി. ആദ്യം കയറിയപ്പോൾ ഇയാൾ വോട്ട് ചെയ്തോ എന്ന് ദൃശ്യങ്ങളിൽ വ്യക്തമല്ല.
മുഹമ്മദ് ഫയാസ് 70-ാം ബൂത്തിൽ വൈകിട്ട് 4.10ന് വന്ന് 4.16ന് വോട്ട് ചെയ്തു പോയി. വീണ്ടും 4.30ന് 69-ാം ബൂത്തിലെത്തി 4.44ന് രണ്ടാമതും വോട്ട് ചെയ്തു
അബ്ദുൽ സമദ് 69-ാം ബൂത്തിൽ വൈകിട്ട് 4.38ന് വന്ന് 4.47ന് ആദ്യ വോട്ടും വൈകിട്ട് 5.27ന് വന്ന് 5.29ന് രണ്ടാം വോട്ടും ചെയ്തു. ഇയാൾ ഗൾഫിലേക്ക് മുങ്ങിയെന്നാണ് റിപ്പോർട്ട്
മുഹമ്മദ് കെ.എം. 69-ാം ബൂത്തിൽ വൈകിട്ട് 4.05ന് വന്ന് 4.08ന് വോട്ട് ചെയ്തു. പിന്നീട് ഇതേ ബൂത്തിൽ 4.15ന് വന്ന് ഒരു കമ്പാനിയൻ വോട്ട് ചെയ്തു. 5.26ന് ഇതേ ബൂത്തിൽ വന്ന് 5.28ന് വീണ്ടും വോട്ട് ചെയ്തു.
''കേരളത്തിന്റെ ഇൗ രോഗം ചികിത്സിച്ച് ഭേദമാക്കാനുള്ള സുവർണാവസരമായാണ് കാണുന്നത്. കൗണ്ടിംഗ് നടന്നിരുന്നെങ്കിൽ ഇതിനാകുമായിരുന്നില്ല''
--ടിക്കാറാം മീണ