തിരുവനന്തപുരം:യൂണിയൻ പരിപാടികളിൽ നിർബന്ധിച്ച് പങ്കെടുപ്പിക്കുന്നതും നിരന്തര സമരങ്ങളും കാരണം
പഠിക്കാൻ കഴിയുന്നില്ലെന്നാരോപിച്ച് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി
കാമ്പസിൽ ആത്മഹത്യക്ക് ശ്രമിച്ചു. ആറ്റിങ്ങൽ സ്വദേശിയായ പെൺകുട്ടിയെയാണ് ഇന്നലെ രാവിലെ പെൺകുട്ടികളുടെ വിശ്രമമുറിയിൽ കൈയുടെ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്. അമിത അളവിൽ വേദന സംഹാരിയും കഴിച്ചിരുന്നു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി അപകട നില തരണം ചെയ്തു.
ഇതു സംബന്ധിച്ച് പരാതിപ്പെട്ടിട്ടും പ്രിൻസിപ്പൽ നടപടിയെടുത്തില്ലെന്നും പെൺകുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. കോളേജിലെ അവസ്ഥ വിശദീകരിച്ച് രണ്ട് പേജ് വരുന്ന ആത്മഹത്യാകുറിപ്പാണ് തയാറാക്കിയത്. പരീക്ഷാ സമയത്ത് വിദ്യാർത്ഥി യൂണിയൻ നേതാക്കൾ നിർബന്ധിച്ച് ക്ലാസിൽ നിന്നു പുറത്തിറക്കി പരിപാടികളിൽ പങ്കെടുപ്പിച്ചെന്ന് ആത്മഹത്യാകുറിപ്പിൽ ആരോപിക്കുന്നുണ്ട്.
വ്യാഴാഴ്ച കോളേജിലേക്ക് പോയ പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷാകർത്താക്കൾ അന്ന് വൈകിട്ട് ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയിരുന്നു. വൈകിട്ടോടെ പെൺകുട്ടിയുടെ ഫോണും ഓഫായി. ഇന്നലെ രാവിലെ കോളേജ് ജീവനക്കാരാണ് അബോധാവസ്ഥയിൽ വിശ്രമമുറിയിൽ പെൺകുട്ടിയെ കണ്ടെത്തിയത്.
നന്നായി പഠിക്കുന്ന പെൺകുട്ടി കോളേജിലെ ക്ലാസുകൾ നഷ്ടപ്പെടുന്നതിനെക്കുറിച്ച് നേരത്തെയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. വാട്‌സ് ആപ്പ് സ്റ്റാറ്റസായും ഫേസ് ബുക്കിലൂടെയും ഈ വിഷയങ്ങൾ പങ്കുവച്ചിരുന്നു. കോളേജിൽ യൂണിയൻ പരിപാടികളും സമരങ്ങളും കാരണം പഠന ദിവസങ്ങൾ നഷ്ടപ്പെടുന്നെന്നായിരുന്നു പ്രധാന പരാതി. പരിപാടികളിൽ പങ്കെടുക്കാൻ എല്ലാ വിദ്യാർത്ഥികളെയും നിർബന്ധിക്കുന്നതിനാൽ ക്ളാസുകൾ നഷ്ടമാകുന്നു. ക്ളാസുകൾ ഉള്ള അപൂർവം ദിവസങ്ങളിൽ അദ്ധ്യാപകർ
കൃത്യമായി ക്ലാസെടുക്കാൻ എത്താറില്ലെന്നും പെൺകുട്ടി സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
പാഠഭാഗങ്ങൾ ക്ലാസുകളിൽ പൂർത്തിയാക്കാത്തതിനാൽ പഠനത്തെ ബാധിക്കുന്നു. ക്ലാസുകളില്ലാത്തതിനാൽ ഇന്റേണൽ മാർക്ക് കുറയുന്നു. പലപ്പോഴും സഹപാഠികളുമായി ഈ ആശങ്ക പങ്കുവച്ചിരുന്നു. അദ്ധ്യാപകരോടും ഈ പരാതി പറഞ്ഞിരുന്നതായും കുറിപ്പിലുണ്ട്.
വ്യാഴാഴ്ച സഹപാഠികളുമായി പെൺകുട്ടി ഈ വിഷയം സംസാരിച്ചിരുന്നു. എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും ഇതിനെതിരെ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും സംഘടനകൾക്കെതിരായതിനാൽ ആരും ഒപ്പം നിൽക്കാൻ തായറായില്ല. ഇതിൽ പെൺകുട്ടി ഏറെ വിഷമത്തിലായിരുന്നുവെന്ന് കന്റോൺമെന്റ് പൊലീസ് പറയുന്നു. മറ്റെന്തെങ്കിലും വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അടുത്ത ദിവസം പെൺകുട്ടിയുടെ മൊഴിയെടുത്തതിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവൂ എന്ന് ആറ്റിങ്ങൽ പൊലീസ് അറിയിച്ചു. കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്കിന്റെ ദേശീയ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ യൂണിവേഴ്‌സിറ്റി കോളേജിലെ പഠന അന്തരീക്ഷത്തെക്കുറിച്ചാണ് ഗുരുതരമായി ആരോപണം ഉയർന്നിട്ടുള്ളത്.