അമ്പലപ്പുഴ: ഭർത്താവിന്റെ പരാതിയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വീട്ടമ്മയുടെ മൃതദേഹം പിതാവിന്റെ നേതൃത്വത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. ആന്തരികാവയവങ്ങൾ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. മരണം അപസ്മാരം മൂലമെന്നാണ് പോസ്റ്റ്മോർട്ടിലെ പ്രാഥമിക നിഗമനം.
തകഴി പഞ്ചായത്ത് പത്താം വാർഡ് അമ്പിളി ഭവനിൽ (വേലി പറമ്പ്) തങ്കപ്പന്റെ മകൾ അമ്പിളിയാണ് (43) കഴിഞ്ഞ ദിവസം രാവിലെ 11 ഓടെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മൃതദേഹം തകഴിയിൽ എത്തിച്ച് സംസ്കരിക്കാൻ തയ്യാറെടുക്കവേ ഭർത്താവ് രാജേഷ് പരാതിയുമായി അമ്പലപ്പുഴ പൊലീസിനെ സമീപിച്ചു. തുടർന്ന് പൊലീസെത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണത്തിന് പിന്നിൽ അച്ഛൻ തങ്കപ്പനും രണ്ടാനമ്മയുമാണെന്ന് ആരോപിച്ചാണ് രാജേഷ് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്. ഇന്നലെ രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ടുനൽകിയ മൃതദേഹം വൈകിട്ട് പൊലീസ് സാന്നിദ്ധ്യത്തിലാണ് സംസ്കരിച്ചത്.
അമ്പിളിയുടെ തകഴിയിലെ വീട്ടിലായിരുന്നു രാജേഷ് താമസിച്ചിരുന്നത്. നാലു വർഷം മുൻപ് സാമ്പത്തിക ഇടപാടിനെച്ചൊല്ലി തങ്കപ്പൻ രാജേഷിനെ വീട്ടിൽനിന്ന് ഇറക്കിവിടുകയും അമ്പിളിയെ വീട്ടിൽ താമസിപ്പിക്കുകയുമായിരുന്നു. തുടർന്ന് രാജേഷ് കാക്കാഴത്തെ വീട്ടിൽ താമസമാക്കി.
ഇടയ്ക്കിടെ അപസ്മാരം വരുന്ന അമ്പിളിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സിച്ചിരുന്നത്. എന്നാൽ പിന്നീട് ചികിത്സ നൽകാതെയും അമ്പിളിയെ കാണാൻ സമ്മതിക്കാതെയും രണ്ടാനമ്മയും തങ്കപ്പനും ചേർന്ന് മർദ്ദിക്കുമായിരുന്നെന്ന് രാജേഷ് ആരോപിക്കുന്നു. കഴിഞ്ഞ ദിവസമാണ് അമ്പിളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്നായിരുന്നു രാജേഷിന്റെ പരാതി. ഫോറൻസിക് പരിശോധനാ ഫലം വന്നതിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. മക്കൾ: രേവതി, ലക്ഷ്മി.