ഹരിപ്പാട്: പലിശയ്ക്ക് നൽകിയ പണം തിരികെ ആവശ്യപ്പെട്ടതിന് വിമുക്തഭടനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുമെങ്കിലും രാജൻ കൊല്ലപ്പെട്ടപ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളോ മൃതദേഹം കുഴിച്ചുമൂടാൻ ഉപയോഗിച്ച തൂമ്പയോ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുമായി കഴിഞ്ഞ നാല് ദിവസവും പൊലീസ് തെളിവെടുപ്പ് നടത്തി. ഇവ പള്ളിപ്പാട് ആഞ്ഞിലിമൂട്ടിൽ കടവിൽ തോട്ടിൽ ഉപേക്ഷിച്ചെന്നായിരുന്നു മൊഴി. തോട്ടിൽ പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പള്ളിപ്പാട് നീണ്ടൂർ മുറിയിൽ കൊണ്ടൂരേത്ത് പടീറ്റതിൽ രാജനെ (75) മൂന്നംഗസംഘം കാറിൽ കയറ്റി കൊണ്ടുപോയി കഴുത്തിൽ ഇലക്ട്രിക് വയറിട്ട് മുറുക്കി കൊലപ്പെടുത്തിയ ശേഷം ആൾത്താമസമില്ലാത്ത വീടിന് സമീപം കുഴിച്ചുമൂടിയെന്നാണ് കേസ്.
പള്ളിപ്പാട് തെക്കേക്കര കിഴക്കുംമുറി അമ്പിയിൽ വീട്ടിൽ ശ്രീകാന്ത് (26), നീണ്ടൂർ കൊണ്ടൂരേത്ത് രാജേഷ് (36), കൊണ്ടൂരേത്ത് വിഷ്ണു (23) എന്നിവരാണ് പിടിയിലായത്. മേയ് ഒന്നിന് ശ്രീകാന്തിനെ മൃതദേഹം കുഴിച്ചിട്ട ഭാഗത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. വിഷ്ണുവിനെയും ശ്രീകാന്തിനെയും വീടുകളിൽ എത്തിച്ചും തെളിവെടുത്തു. രാജനെ കാറിൽ കയറ്റി യാത്ര ചെയ്ത വഴികളിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തിയിരുന്നു. തുടർന്ന് പ്രതികൾ രാജനിൽ നിന്ന് കൈക്കലാക്കിയ രേഖകൾ നശിപ്പിച്ച എൻ.ടി.പി.സി ഗ്രൗണ്ടിന് സമീപവും എത്തിച്ച് തെളിവെടുത്തു.