കോട്ടയം: അനുവാദമില്ലാതെ കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയ പതിനാലുകാരന് ക്രൂര മർദ്ദനം. അമ്മയുടെ അകന്ന ബന്ധു അറസ്റ്റിൽ. തൊടുപുഴ പട്ടയംകവല സ്വദേശി ജയേഷിനെയാണ് (38) പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
തന്റെ ശസ്ത്രക്രിയ നടത്തിയ വയറിനും മുതുകിലും ജയേഷ് ഇടിച്ചുവെന്നും ഫ്രിഡ്ജ് തുറന്ന് ഇതിനുള്ളിലേക്ക് തല കടത്തിവച്ചശേഷം ദീർഘനേരം പിടിച്ചുവച്ചുവെന്നും കുട്ടി നൽകിയ പരാതിയിൽ പറയുന്നു. ശസ്ത്രക്രിയ നടത്തിയ വയറ്റിൽ വേദന കൂടിയതോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിയുടെ പിതാവ് പത്ത് വർഷം മുമ്പ് മരിച്ചിരുന്നു. ഒരു വർഷത്തോളമായി പെയിന്റിംഗ് തൊഴിലാളിയായ ജയേഷ് കുട്ടിയുടെ കുടുംബത്തോടൊപ്പമാണ് താമസം.
സംഭവം നടക്കുമ്പോൾ കുട്ടിയുടെ അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല. പേരക്കുട്ടിയെ തല്ലുന്നതു കണ്ട് കിടപ്പു രോഗിയായ മുത്തശിയുടെ കരച്ചിൽകേട്ട് ഓടിയെത്തിയ അയൽവാസികളാണ് കുട്ടിയെ രക്ഷപെടുത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ചൈൽഡ് ലൈൻ വെൽഫെയർ കമ്മിറ്റി ചെയർമാൻ ജോസഫ് അഗസ്റ്റിൻ പറഞ്ഞു.