red-27

വിവേക് സൈക്കിളിൽ കുന്നിറങ്ങി അതിവേഗം പോകുന്നത് ഒരു നിമിഷം നോക്കിനിന്നു, പാഞ്ചാലി.

''ഇത്രയും നേരം ഒന്നിച്ചിരുന്നിട്ടും കൊതി തീർന്നില്ലേ?"

സൂസന്റെ ചോദ്യം കേട്ട് പാഞ്ചാലി നാണത്താൽ ഒന്നു ചൂളി.

''ഏയ്... അതല്ല."

സൂസൻ ഈണത്തിൽ മൂളി.

''വാ... വന്ന് കാറിൽ കയറ്. നിന്റെ മമ്മിയിപ്പോൾ കലിപൂണ്ട് ഇരിക്കുകയാവും."

പാഞ്ചാലിക്കും അതറിയാം.

സൂസന്റെയൊപ്പം അവൾ കാറിൽ കയറി.

വഴിയിൽ, വിവേകിന്റെ സൈക്കിളിനെ കടന്ന് കാർ മുന്നോട്ടുപാഞ്ഞു.

പാഞ്ചാലി അവനെ നോക്കി കൈ ഉയർത്തി വീശി.

വടക്കേ കോവിലകം.

സൂസനിൽ നിന്ന് എല്ലാം ചോദിച്ചറിഞ്ഞു ചന്ദ്രകല.

അവളുടെ കടപ്പല്ലുകൾ ഞെരിഞ്ഞു. കണ്ണുകൾ വൈരപ്പൊടി വീണതുപോലെ തിളങ്ങി.

''ഇനി അധികം വച്ചു താമസിപ്പിച്ചുകൂടാ സൂസൻ."

സൂസൻ തലയാട്ടി.

''അവനും അവളും കൂടി ആ ഫോണിൽ ഒന്നു രണ്ടു ദിവസമെങ്കിലും മനസ്സുതുറന്ന് സംസാരിക്കണം. അത് പിന്നീട് നമുക്ക് ഒരു തെളിവായി ഉപയോഗിക്കാം."

ചന്ദ്രകലയ്ക്കും കാര്യം മനസ്സിലായി.

ഒന്നുരണ്ട് ദിവസങ്ങൾ കൂടി പിന്നിട്ടു.

എം.എൽ.എ ശ്രീനിവാസ കിടാവും പ്രജീഷും ചന്ദ്രകലയും സൂസനും ഒരിക്കൽകൂടി ഫാം ഹൗസിൽ സന്ധിച്ചു.

പാഞ്ചാലിയുടെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം എടുക്കാനായിരുന്നു ആ കൂടിച്ചേരൽ.

''അപ്പോൾ നമുക്ക് ഒരു ഡേറ്റ് ഫിക്സുചെയ്യണം."

പ്രജീഷ് പറഞ്ഞു.

അപ്പോൾ സന്ധ്യ കഴിഞ്ഞതേയുള്ളു.

''മറ്റന്നാൾ നല്ല ദിവസമാണ്. എല്ലാം കൊണ്ടും."

ശ്രീനിവാസ കിടാവ് കണക്കുകൂട്ടി:

''എന്നാൽ വേറെ ചിലർ കൂടി വരാനുണ്ട്. അവർ ഇങ്ങോട്ട് പുറപ്പെട്ടിട്ടുമുണ്ട്."

അയാൾ പറഞ്ഞുനിർത്തിയ നിമിഷത്തിൽ ജനൽച്ചില്ലുകളിൽ ഒരു വാഹനത്തിന്റെ വെളിച്ചം തെന്നിനീങ്ങി.

''അവർ എത്തിയെന്ന് തോന്നുന്നു."

കിടാവ് എഴുന്നേറ്റ് വാതിൽക്കലേക്കു പോയി.

മുറ്റത്ത് ഒരു ജീപ്പു വന്നുനിന്നു. അതിൽ നിന്ന് മൂന്നുപേർ ഇറങ്ങി.

''വരൂ... ഞങ്ങൾ കാത്തിരിക്കുകയായിരുന്നു."

കിടാവ് അവരെ അകത്തേക്കു ക്ഷണിച്ചു.

ഒറ്റനോട്ടത്തിൽത്തന്നെ ഗുണ്ടകളെപ്പോലെ തോന്നുന്ന രണ്ടുപേരും ഒരു മദ്ധ്യവയസ്കനും മുറിയിൽ എത്തി.

ചന്ദ്രകലയും പ്രജീഷും അവരെ അടിമുടി ഒന്നു നോക്കി.

മദ്ധ്യവയസ്കനെ താൻ കണ്ടിട്ടുണ്ടെന്നു സൂസനും തോന്നി.

കിടാവ് അവരെ പരിചയപ്പെടുത്തി:

''ഇത് പരുന്ത് റഷീദ്. മറ്റത് അണലി അക്‌‌ബർ... സഹോദരങ്ങളാണ്. അടുത്തയാൾ ആഢ്യൻപാറയിലെ വാച്ചർ. നമ്മുടെ ഐ വിറ്റ്‌നസ്."

ഇപ്പോൾ സൂസൻ അയാളെ തിരിച്ചറിഞ്ഞു.

കഴിഞ്ഞ ദിവസം ആഢ്യൻപാറയിൽ പോയപ്പോൾ കണ്ടതാണ്.

''നിങ്ങളിരിക്ക്."

പ്രജീഷ് കസേരകൾക്കു നേരെ കൈ ചൂണ്ടി.

മൂവരും ഇരുന്നു.

കിടാവ് ഒരു കുപ്പി മദ്യമെടുത്ത് അവരുടെ മുന്നിലേക്കു വച്ചു...

മൂവരും അത് കഴിച്ചുതുടങ്ങി.

കിടാവ് അഞ്ഞൂറിന്റെ മൂന്ന് കെട്ടു നോട്ടുകൾ അവർക്കു മുന്നിലേക്കു നീട്ടി.

''ഇത് അഡ്വാൻസ്. ബാക്കി കാര്യം നടന്നു കഴിഞ്ഞിട്ട്."

മൂവരും സന്തോഷത്തോടെ നോട്ടുകെട്ടുകൾ പാൻസിന്റെ പോക്കറ്റിൽ തിരുകി.

''അപ്പോൾ മറ്റന്നാൾ വൈകിട്ട്.

റഷീദും അക്‌ബറും വഴിയിൽ വച്ച് വിവേകിനെ പിടിക്കണം. അവൻ സൈക്കിളിലാകും വരുന്നത്...."

തുടർന്ന് കിടാവ് അവർ ചെയ്യേണ്ട കാര്യങ്ങളൊക്കെ പറഞ്ഞേൽപ്പിച്ചു...

''ഒരിടത്തും ഒരു പിഴവും ഉണ്ടാകരുത് കേട്ടോ...." ചന്ദ്രകല ഓർമ്മപ്പെടുത്തി. പദ്ധതിയുടെ വിജയത്തിൽ അവൾക്ക് ഇപ്പോഴും ഒരു സന്ദേഹം ബാക്കിനിൽക്കുന്നതുപോലെ തോന്നി.

''ഞങ്ങടെ കാര്യത്തിൽ യാതൊരു സംശയവും വേണ്ടാ. ഇന്നും ഇന്നലെയുമൊന്നുമല്ല ഞങ്ങള് ഇത്തരം വർക്കുകൾ ഏറ്റെടുക്കുന്നത്."

പരുന്ത് റഷീദ് താടിയിൽ തടവിക്കൊണ്ടു ചിരിച്ചു.

ചന്ദ്രകല ഒന്നു വിളറി.

''അല്ല... ഞാൻ പറഞ്ഞെന്നേയുള്ളൂ..."

ആ സമയത്ത് തന്റെ മുറിയിലിരുന്ന് വിവേകുമായി ഫോണിൽ സംസാരിക്കുകയായിരുന്നു പാഞ്ചാലി.

''എന്തായാലും സൂസൻ ആന്റി ഇങ്ങനെയൊരു സഹായം ചെയ്തു തന്നത് നന്നായി. അല്ലേ വിവേകേ?"

പാഞ്ചാലി സന്തോഷത്തോടു തിരക്കി.

''അതെ. പക്ഷേ അമ്മയ്ക്കും അമ്മമ്മയ്ക്കും എന്തൊക്കെയോ ചില സംശയങ്ങൾ ഉള്ളതുപോലെ തോന്നുന്നു."

''എന്തുണ്ടായി?" പാഞ്ചാലിക്ക് ആകാംക്ഷ.

''ഒന്നും ഉണ്ടായില്ല. എന്നാൽ വേണ്ടാത്ത പണിക്കൊന്നും പോകണ്ടാന്ന് അമ്മയൊന്നു സൂചിപ്പിച്ചു.

ഇരുവർക്കും ഇടയിൽ അല്പനേരത്തെ മൗനം.

''മറ്റന്നാളല്ലേ വിവേകിന്റെ റിസൾട്ടു വരുന്നത്?"

''ങാ, അന്ന് നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന ദിവസം ആയിരിക്കും."

''അതെന്താ?"

''അത് പിന്നെപ്പറയാം..."

അവന്റെ ഉള്ളിൽ എന്താണെന്ന് പാഞ്ചാലിക്കു പിടികിട്ടിയില്ല....

(തുടരും)