teeka-ram-meena

കണ്ണൂർ: കള്ളവോട്ട് വിവാദത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പക്ഷപാതം കാട്ടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പരാതി ഉയർന്നതിന് പിന്നാലെ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റാൻ നിയമവശം പരിശോധിക്കുന്നതായി സൂചന. ടിക്കാറാം മീണയ്ക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴി‍ഞ്ഞദിവസം ശക്തമായ വിമർശനം നടത്തിയിരുന്നു. ഇന്നലെ നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മീണയെ മാറ്റുന്ന കാര്യത്തിൽ തീരുമാനമായി എന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന.

പാർട്ടി കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് വേണ്ടുന്ന നടപടികളുമായി മുന്നോട്ടുപോകാനാണ് ഇന്നലെ നടന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായത്. പെരുമാറ്റചട്ടം നിലവിലുള്ളതിനാൽ, നിമയ വിദഗ്ധരുടെ ഉപദേശം തേടാനും തീരുമാനമായിട്ടുണ്ട്. 23ന് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മീണയെ മാറ്റുന്ന കാര്യത്തിൽ സാങ്കേതിക തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിയമവശം പരിശോധിക്കുന്നത്. അതേസമയം, ഫല പ്രഖ്യാപനത്തിന് ശേഷം നിയമപരമായ തടസ്സങ്ങളില്ലാതെ മീണയെ മാറ്റാൻ സംസ്ഥാന സർക്കാരിന് കഴിയുമെന്നും അറിയുന്നു.

കള്ളവോട്ട് വിഷയത്തിൽ ആരോപണങ്ങൾ ഉയർന്നപ്പോൾ ജില്ലാ കളക്ടറുടെ വിശദീകരണം തേടിയ മീണ റിപ്പോർട്ട് ലഭിച്ചയുടൻ സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നല്കുകയായിരുന്നു. കൂടാതെ കള്ളവോട്ട് ആരോപണം നേരിടുന്ന പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് കത്തും നല്കി. ഇക്കാര്യത്തിൽ മീണയ്ക്ക് അധികാരമല്ലെന്ന നിലപാടാണ് സി.പി.എമ്മിന്. പ്രതിപക്ഷം ഉൾപ്പെടെ ഇക്കാര്യത്തിൽ സമാനനിലപാടാണ് സ്വീകരിച്ചതും.

സംസ്ഥാന സർക്കാർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ നാലംഗ പാനൽനിന്നാണ് ടിക്കാറാം മീണയെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി നിയമിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ശബരിമല വിഷയം പറയാൻ പാടില്ലെന്ന സർക്കാർ താത്പര്യം സംരക്ഷിക്കുന്ന തരത്തിലായിരുന്നു മീണയുടെ ആദ്യ സമീപനം. ഇതിൽ ബി.ജെ.പിയും യു.ഡി.എഫും പ്രതിഷേധമുയർത്തിയിരുന്നു. എന്നാൽ അപ്പോഴെല്ലാം സർക്കാരിന്റെയും സി.പി.എമ്മിന്റെയും പ്രിയങ്കരനായിരുന്ന മീണ കള്ളവോട്ടിലെടുത്ത സമീപനത്തോടെ വലിയ എതിർപ്പ് തന്നെയാണ് നേരിടുന്നത്. കണ്ണൂർ പിലാത്തറയിൽ നടന്ന കള്ളവോട്ടുമായി ബന്ധപ്പെട്ടാണ് സി.പി.എം മീണയുമായി ഇടഞ്ഞത്. ചെറുതാഴം പഞ്ചായത്ത് അംഗം സലീന, മുൻ അംഗം സുമയ്യ, മറ്റൊരു പ്രവർത്തക പത്മിനി എന്നിവരുടെ പേരിലാണ് ക്രിമിനൽ കേസെടുത്തിരിക്കുന്നത്. എന്നാൽ ഇവർക്കെതിരെ നിയമനടപടിക്കൊരുങ്ങിയ തിരഞ്ഞെടുപ്പ് ഓഫീസർ ഇവരുടെ ഭാഗം കേൾക്കാൻ തയ്യാറായില്ലെന്ന ആരോപണമാണ് സി.പി.എമ്മിന്. കള്ളവോട്ട് സംഭവത്തിൽ മുസ്ലിംലീഗ് പ്രവർത്തകർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂളിലെ 2 പോളിംഗ് ബൂത്തുകളിൽ ലീഗ് പ്രവർത്തകരായ മുഹമ്മദ് ഫായിസ്,​ അബ്ദുൽ സമദ്,​ കെ.എം മുഹമ്മദ് എന്നിവർക്കെതിരെ കേസെടുക്കാനാണ് നിർദ്ദേശം നല്കിയത്. എന്നാൽ മുസ്ലിംലീഗ് പ്രവർത്തകരുടെ വാദം കേൾക്കാൻ ജില്ലാ കളക്ടർ തയ്യാറായിട്ടുണ്ടെന്നാണ് സി.പി.എം ആരോപണം.

കൂടുതൽ കള്ളവോട്ട് ദൃശ്യങ്ങൾ പുറത്തുവിടാൻ യു.ഡി.എഫും സി.പി.എമ്മും ഒരുങ്ങുകയാണ്. ഇതിനിടെയാണ് അനുകൂല നിയമോപദേശം ലഭിക്കുകയാണെങ്കിൽ ഫലപ്രഖ്യാപനത്തിന് മുമ്പ്തന്നെ മീണയെ മാറ്റാനുള്ള അണിയറ നീക്കങ്ങൾ തുടങ്ങിയതത്രേ.